Monday, December 6, 2010

ബോര്‍ഹസ് - ഡേലിയ എലിനാ സാൻ മാർക്കോ






പ്ളാസാ ഡെൽ ഓൺസേയിലെ തിരിവുകളിലൊന്നിൽ വച്ച് ഞങ്ങൾ പരസ്പരം വിട പറഞ്ഞു.
തെരുവിന്റെ മറ്റേവശത്തെ നടപ്പാതയിൽ വച്ച് ഞാൻ തിരിഞ്ഞു നോക്കി; നീയും തിരിഞ്ഞുനിന്നിരുന്നു, നീ കൈ വീശി യാത്ര പറയുകയും ചെയ്തു.
വാഹനങ്ങളുടെയും ജനങ്ങളുടെയും ഒരു നദി നമുക്കിടയിലൂടൊഴുകിപ്പോയി; ഇന്നതെന്നില്ലാത്ത ഒരു വൈകുന്നേരം അഞ്ചു മണിയായിരുന്നു സമയം. ആ നദി ദാരുണമായ ആക്കെറോൺ ആയിരുന്നുവെന്നും, ഒരാളും രണ്ടുതവണ കടക്കരുതാത്തതാണതെന്നും ഞാനെങ്ങനെ അറിയാൻ?
പിന്നെ നമ്മൾ പരസ്പരം കാഴ്ചയിൽ നിന്നു മറഞ്ഞു; ഒരു വർഷത്തിനു ശേഷം നീ മരിക്കുകയും ചെയ്തു.
ഇന്ന് ആ ഓർമ്മയെ കണ്ടെടുത്ത് അതിൽ കണ്ണു പായിക്കുമ്പോൾ ഞാൻ ചിന്തിച്ചുപോകുന്നു, അത് അയാഥാർത്ഥമായിരുന്നുവെന്ന്; നിസ്സാരമായ ഒരു വിട പറയലിനടിയിൽ അനന്തമായ ഒരു വേർപെടൽ കിടപ്പുണ്ടായിരുന്നുവെന്ന്.
ഇന്നലെ രാത്രിയിൽ ഞാൻ അത്താഴത്തിനു പുറത്തു പോയില്ല. ഈവക സംഗതികൾ ഒന്നു തെളിഞ്ഞുകിട്ടുന്നതിനായി പ്ളേറ്റോ തന്റെ ഗുരുവിനെക്കൊണ്ടു നല്കിയ ആ അന്ത്യോപദേശം ഞാൻ ഒരാവൃത്തി കൂടി വായിച്ചുനോക്കി. ഉടലു വീഴുമ്പോൾ ആത്മാവു പലായനം ചെയ്യുന്നു എന്നു ഞാൻ കണ്ടു.
ഇന്നെനിക്കു നിശ്ചയമില്ലാതായിരിക്കുന്നു, ഏതാണു സത്യമെന്ന്, ഇപ്പറഞ്ഞ അശുഭവ്യാഖ്യാനമോ അതോ സരളമായ ആ യാത്രപറയലോ?
എന്തെന്നാൽ, ആത്മാവിനു മരണമില്ലെന്നാണെങ്കിൽ യാത്രപറയലുകൾക്കു നാം പ്രാധാന്യം കല്പ്പിക്കാത്തതിൽ ശരികേടൊന്നുമില്ല.
വിട പറയുക എന്നാൽ വേർപാടിനെ നിരാകരിക്കുക എന്നുതന്നെ; സ്വന്തം വഴിക്കു പിരിഞ്ഞുപോകുന്നതായി ഇന്നു നമുക്കൊരു കളി കളിയ്ക്കാം, നാളെ പക്ഷേ നമ്മൾ പരസ്പരം കാണുകയും ചെയ്യും എന്നു പറയുന്നപോലെയേയുള്ളു അത്. മനുഷ്യർ യാത്ര പറച്ചിൽ കണ്ടുപിടിച്ചത്, തങ്ങൾ ആപേക്ഷികവും ക്ഷണികവുമായ ഒരസ്തിത്വമാണെന്നറിയുമ്പോൾത്തന്നെ ചിരഞ്ജീവികളുമാണു തങ്ങളെന്ന് ഏതോ വിധത്തിൽ അവർക്കു ബോധ്യം വന്നതു കൊണ്ടാവണം.
ഇനിയൊരു ദിവസം അനിശ്ചിത്വം നിറഞ്ഞ ഈ സംഭാഷണം വീണ്ടും നാം തുടരും, ഡേലിയാ - ഏതു നദിക്കരയിൽ വച്ചാണാവോ? - നാം നമ്മോടു തന്നെ ചോദിക്കുകയും ചെയ്യും, സമതലത്തിൽ കാണാതായിപ്പോയ ഒരു നഗരത്തിലുണ്ടായിരുന്ന ബോർഹസും  ഡേലിയായുമാണോ നമ്മളെന്നും.


പ്ളാസാ ഡെൽ ഓൺസേ- ബ്യൂണേഴ്സ് അയഴ്സിലെ ഒരു ചത്വരം
ആക്കെറോൺ-ഗ്രീക്ക് പുരാണപ്രകാരം പാതാളത്തിലൊഴുകുന്ന വേദനയുടെ നദി

link to image

No comments: