Sunday, December 5, 2010

ബോര്‍ഹസ് - ബോർഹസും ഞാനും


ബോർഹസ് എന്ന മറ്റേയാളുടെ പേരിലാണു കാര്യങ്ങൾ നടക്കുന്നത്. ബ്യൂണേഴ്സ് അയേഴ്സിലെ തെരുവുകളിലൂടെ -ശീലം കൊണ്ടാവാം-  പഴയ ചില വളച്ചുവാതിലുകളും അഴിയിട്ട ചില കവാടങ്ങളും സൂക്ഷിച്ചൊന്നു നോക്കാൻ വേണ്ടി ഇടയ്ക്കൊക്കെയൊന്നു നിന്നുകൊണ്ട് നടന്നു പോവുകയാണു ഞാൻ. ബോർഹസിന്റെ വിശേഷങ്ങൾ കത്തുകൾ വഴി ഞാനറിയുന്നുണ്ട്; പ്രൊഫസർമാരുടെ ഏതോ കമ്മിറ്റിയിലോ, ഒരു ജീവചരിത്രനിഘണ്ടുവിലോ അയാളുടെ പേരു പരാമർശിച്ചിരിക്കുന്നതായി കണ്ണിൽപ്പെടുന്നുമുണ്ട്. പഴയമട്ടിലുള്ള നാഴികവട്ടകൾ, ഭൂപടങ്ങൾ, പതിനെട്ടാം നൂറ്റാണ്ടിലെ അച്ചുകൾ, വാക്കുകളുടെ വ്യുത്പത്തി, കാപ്പിയുടെ സുഗന്ധം, സ്റ്റീവൻസന്റെ ഗദ്യരചന ഇതൊക്കെയാണ്‌ എന്റെ താത്പര്യങ്ങൾ. ഇതേ താത്പര്യങ്ങൾ ബോർഹസും പങ്കുവയ്ക്കുന്നുണ്ട്; പക്ഷേ അതിന്റെ പ്രകടനപരത ഒരു നാടകനടന്റെ ചേഷ്ടകളായി അവയെ മാറ്റുന്നുവെന്നേയുള്ളു. ഞങ്ങൾ തമ്മിൽ വിരോധത്തിലാണെന്നു പറഞ്ഞാൽ അതൊരതിശയോക്തിയായിപ്പോവും; ബോർഹസിനു സാഹിത്യമെഴുതിവിടാൻ വേണ്ടി ഞാൻ ജീവിക്കുന്നു, ജീവൻ വെടിയാതെ നില്ക്കുന്നു എന്നു പറയാം; ആ സാഹിത്യം തന്നെയാണ്‌ എനിക്കുള്ള ന്യായീകരണവും. കൊള്ളാവുന്ന ചില താളുകൾ അയാൾ എഴുതിയിട്ടുണ്ടെന്നു സമ്മതിക്കുന്നതിൽ എനിക്കൊരു മടിയുമില്ല; പക്ഷേ ആ താളുകൾ എന്നെ രക്ഷപെടുത്താൻ പോകുന്നില്ല; അതിനു കാരണം നല്ലതൊന്നും ആരുടേതുമല്ലെന്നതാവാം; മറ്റേയാൾക്കു പോലുമല്ല, ഭാഷയ്ക്കോ, പാരമ്പര്യത്തിനോ അവകാശപ്പെട്ടതാണവ. എന്നെന്നേക്കുമായി വിസ്മൃതിയില്പ്പെട്ടുപോകാനാണ്‌ എന്റെ വിധി; എന്റേതായ ഏതോ ചില ക്ഷണികനിമിഷങ്ങൾ മറ്റേയാളിൽ ബാക്കി നിന്നാലായി. പടിപടിയായി ഞാൻ സകലതും അയാൾക്കടിയറ വച്ചു വരികയാണ്‌, സകലതിനെയും വക്രീകരിക്കാനും, പെരുപ്പിച്ചുകാട്ടാനുമുള്ള അയാളുടെ സ്വഭാവവൈകൃതത്തെക്കുറിച്ച് എനിക്കു നന്നായിട്ടറിയാമെങ്കില്ക്കൂടി. സർവതും സ്വപ്രകൃതി സൂക്ഷിക്കുന്നുവെന്നായിരുന്നു സ്പിനോസായുടെ മതം- കല്ലിനെന്നും കല്ലായിട്ടിരുന്നാൽ മതി, വ്യാഘ്രത്തിനു വ്യാഘ്രമായും. ഞാൻ ബോർഹസിൽ ശേഷിക്കും, എന്നിലല്ല ( ഞാനാരെങ്കിലുമാണെന്നുണ്ടെങ്കിൽ); പക്ഷേ ഈയിടെയായി ഞാനെന്നെ കണ്ടെടുക്കുന്നത് അയാളെഴുതിയവയിലല്ല, അന്യരെഴുതിയവയിലാണ്‌, അല്ലെങ്കിൽ വിലക്ഷണമായ ഒരു ഗിത്താർവായനയിലാണ്‌. അയാളുടെ പിടിയിൽ നിന്നു കുതറിമാറാൻ വർഷങ്ങൾക്കു മുമ്പ് ഞാനൊന്നു ശ്രമിച്ചുനോക്കിയിരുന്നു; നഗരപ്രാന്തങ്ങളെയും ചേരികളെയും കുറിച്ചുള്ള പുരാണങ്ങളുപേക്ഷിച്ച് കാലവും അനന്തതയും വച്ചുള്ള ചതുരംഗം കളികളിലേക്കു ഞാൻ നീങ്ങി. ആ കളികളും പക്ഷേ, ബോർഹസിന്റെ കണക്കിലാണിപ്പോൾ; എനിക്കു വേറെന്തെങ്കിലും കണ്ടെത്തേണ്ടിയിരിക്കുന്നു. അങ്ങനെ എന്റെ ജീവിതം ഒരു പലായനമായിരിക്കുന്നു; എല്ലാം എനിക്കു നഷ്ടപ്പെടുകയാണ്‌; എല്ലാം വിസ്മൃതിയിലേക്കു പോകുന്നു, അല്ലെങ്കിൽ മറ്റേയാൾക്കു പോകുന്നു.

ഞങ്ങളിൽ ആരാണ്‌ ഈയൊരു പുറമെഴുതിയതെന്നതും എനിക്കു നല്ല നിശ്ചയമല്ല.

(1956)