Monday, December 20, 2010

റൂമി - തത്ത്വമസി

File:Mevlana.jpg


ആത്മാവുകൾക്കാത്മാവ്, ജീവന്റെ ജീവൻ- അതു തന്നെ നീ.
ദൃശ്യവും അദൃശ്യവും, ചരവും അചരവും-അതു തന്നെ നീ.
അന്ത്യമില്ലാത്തതാണു രാജധാനിയിലേക്കുള്ള വഴി;
തലയും കാലുമില്ലാതവിടെയ്ക്കു പൊയ്ക്കോളൂ,
അവിടെയെത്തിക്കഴിഞ്ഞിരിക്കും നീ.
നീ മറ്റെന്താകാൻ?-അതു തന്നെ നീ.


*


ആകാശത്തു കണ്ടു ഞാൻ നിന്റെ കണ്ണുകൾ,
നിന്റെ കണ്ണുകളിൽ ആകാശവും.
എന്തിനു തേടണം ഞാന്‍ മറ്റൊരു സൂര്യനെ,
മറ്റൊരു ചന്ദ്രനെ?-
ഇക്കണ്ടതു മതിയെനിക്കെന്നേക്കുമായി.


*


മൗനത്തിൽ നിന്നു വാക്കുകളുറവയെടുക്കുന്നൊരിടമുണ്ട്,
ഹൃദയത്തിന്റെ മന്ത്രണങ്ങളുയരുന്നൊരിടമുണ്ട്.
വാക്കുകൾ നിന്റെ സൗന്ദര്യം കീർത്തിക്കുന്നൊരിടമുണ്ട്,
ഓരോ നിശ്വാസവുമെന്റെയാത്മാവിൽ
നിന്റെ വിഗ്രഹം കൊത്തുന്നൊരിടമുണ്ട്.


*


പഞ്ചാരച്ചുമടും പേറിപ്പോകുന്ന
ഒട്ടകക്കൂട്ടത്തെക്കണ്ടുവോ?
അവന്റെ കണ്ണുകളിലുണ്ടത്രയും മാധുര്യം.
എന്നാലവന്റെ കണ്ണുകളിലേക്കു നോക്കരുതേ-
സ്വന്തം കണ്ണുകൾ കളയാൻ തയാറല്ല നിങ്ങളെങ്കിൽ.


*


കൈയെത്തുമിടത്തിരിക്കുമാനന്ദത്തിൽ നിന്നു
പിന്തിരിയേണ്ട;
ഈ ചങ്ങാത്തം വിട്ടുപോകാനൊരു മുടന്തൻന്യായവും
തിരയേണ്ട.
ഒറ്റയ്ക്കൊരു മുന്തിരിപ്പഴമായിരുന്നതല്ലേ
നിങ്ങൾ?
ഇന്നു മധുരിക്കുന്ന മദിര നിങ്ങൾ-
പിന്നെയുമൊരു മുന്തിരിപ്പഴമാകണമെന്നുണ്ടോ
നിങ്ങൾ?


*


ഈ ലോകവുമായിട്ടൊരു ബന്ധവുമെനിക്കു വേണ്ട,
പരലോകവുമായിട്ടൊരു ബന്ധവുമെനിക്കു വേണ്ട,
എന്നിട്ടും പിന്തിരിയാത്തതെന്താണു ഞാൻ?
അത്ഭുതങ്ങളൊരുകോടിയുള്ളടങ്ങുന്നുണ്ടെന്റെയുള്ളിൽ.
അത്ര കണ്ടിട്ടും മുഴുഭ്രാന്തനാവുന്നില്ല ഞാനെങ്കിൽ
അതിൽ നിന്നെന്നെത്തടുക്കുന്നതേതു ഭ്രാന്ത്?


*


മുന്നിലല്ല നാം, പിന്നിലാണു നാം.
മുകളിലല്ല നാം, താഴെയാണു നാം...
ചിത്രകാരന്റെ കൈയിലെ തൂലിക പോലെ
നാമെവിടെപ്പോകുമെന്നറിയില്ല നാം.


*


കാബായിലെ കല്ലിന്റെ കാര്യമെന്നോടു പറയേണ്ട,
ഞാൻ നെറ്റി മുട്ടിക്കുമിടം തന്നെയെനിക്കു കാബാ.
ഇന്ന ദിക്കു നോക്കണമെന്നുമെന്നോടു പറയേണ്ട,
ആറു ദിക്കും നോക്കുന്നതവനെത്തന്നെ.
പൂങ്കാവുകൾ, തീനാളങ്ങൾ, വാനമ്പാടികൾ,
ദർവീശുകളുടെ നൃത്തം, ചങ്ങാത്തവും-
ഒക്കെ വലിച്ചെറിയുക,
അവന്റെ പ്രണയത്തിൽ വലിച്ചെറിയുക
നിങ്ങളെത്തന്നെ.


*


ശോകം കൊണ്ടു മഞ്ഞിച്ചതാണെന്റെ ഹൃദയം
-എന്തു കൊണ്ടെന്നോടു ചോദിക്കേണ്ട.
മാതളക്കുരു പോലെ പൊഴിയുകയാണെന്റെ കണ്ണീർ
-എന്തുകൊണ്ടെന്നെന്നോടു ചോദിക്കേണ്ട.
എന്റെ വീട്ടിൽ നടക്കുന്നതൊക്കെ ആരറിയുന്നു?
എന്റെ വാതിൽപ്പടിയിൽ വീണുകിടക്കുന്നു ചോരത്തുള്ളികൾ
-എന്തുകൊണ്ടെന്നെന്നോടു ചോദിക്കേണ്ട.


*


ജീവൻ തേടി ലോകം മുഴുവൻ നിങ്ങളലഞ്ഞു,
സ്വന്തം ഹൃദയത്തിനുള്ളിൽക്കിടന്നു നിങ്ങൾ മരിക്കും;
പുണരുന്ന കൈകളുടെ പ്രണയത്തിൽ നിങ്ങൾ പിറന്നു,
ആരോരുമില്ലാതെ നിങ്ങൾ മരിക്കും.
നീർത്തടത്തിനരികത്തു നിങ്ങൾ വീണുകിടക്കും,
ദാഹിച്ചു പൊരിഞ്ഞു നിങ്ങളുറക്കമാവും.
നിധിയുടെ പേടകത്തിനു മേൽ നിങ്ങളിരിക്കും,
ഒരു ചില്ലിയില്ലാതെ നിങ്ങൾ മരിക്കും.


*


നിങ്ങളിവിടെയെത്തിയിട്ടെത്ര നാളായി?
എന്നിട്ടെത്രവേഗം നിങ്ങൾ ജീവിതവുമായി ചങ്ങാത്തമായി!
മരണത്തെക്കുറിച്ചൊന്നു മിണ്ടാൻ പോലും
എനിക്കൊരിട നിങ്ങൾ തരുന്നതുമില്ല.
വീട്ടിലേക്കുള്ള പോക്കായിരുന്നു നിങ്ങൾ,
പാതിവഴിയെത്തിയതും,
നിങ്ങളുടെ കഴുത കിടന്നുറക്കവുമായി.


*


ചില്ലയിൽ നിന്നു ചില്ലയിലേക്കു ചാടുന്ന
കുരുവിയെപ്പോലാകരുതേ;
അവിടെയുമിവിടെയും നിങ്ങൾ പ്രണയത്തെത്തിരയുമ്പോൾ
ഉള്ളിൽ ഞാൻ കൊളുത്തിയ കനൽ കെട്ടുപോകും.


*


ശുദ്ധസത്തയുടെ വേദവാക്യം-അതു തന്നെ നീ.
തിരുമുഖത്തിന്റെ പ്രതിഫലനം-അതു തന്നെ നീ.
നിനക്കു പുറത്തൊന്നുമില്ല,
ഉള്ളിലേക്കു നോക്കൂ,
അവിടെയുണ്ട് നിനക്കു വേണ്ടതൊക്കെ- അതു തന്നെ നീ.



Image from wikimedia


3 comments:

Ronald James said...

നന്നായിരിക്കുന്നു...

ദിലീപ് കുമാര്‍ കെ ജി said...

അങ്ങയുടെ പരിഭാഷകള്‍ വളരെ നല്ലതാണ്... ഇത് എനിക്ക് ഒരുപാടിഷ്ടമായി നന്ദി

Kalavallabhan said...

റൂമി - തത്വമസി
വായിക്കാൻ കിട്ടിയതിൽ സന്തോഷം