Sunday, October 4, 2009

ബോദ്‌ലെയെർ-കേക്ക്‌

ഞാൻ യാത്രയിലായിരുന്നു. ഞാനെത്തിപ്പെട്ട സ്ഥലമാകട്ടെ, അതിന്റെ ഗാംഭീര്യവും ഉദാത്തതയും കൊണ്ട്‌ നിങ്ങളെ കീഴമർത്തുന്നതും. അതിൽ നിന്നെന്തോ ചിലത്‌ എന്റെ ആത്മാവിലേക്കും കടന്നിട്ടുണ്ടാവണം: ആ അന്തരീക്ഷത്തിന്റെ ലാഘവം പകർന്ന എന്റെ മനസ്സ്‌ ചിറകടിച്ചുയർന്നു. വിദ്വേഷം,താഴ്‌ന്നതരം മമതകൾ എന്നിങ്ങനെയുള്ള അധമവികാരങ്ങളൊക്കെ എന്റെ കാൽച്ചുവട്ടിലെ അഗാധഗർത്തങ്ങളിൽ ഒഴുകിനീങ്ങുന്ന ആ മേഘങ്ങളെപ്പോലെ അത്ര അകലെയായിരിക്കുന്നു. എന്നെച്ചൂഴ്‌ന്നുനിൽക്കുന്ന ആകാശത്തിന്റെ കുംഭഗോപുരം പോലെതന്നെ വിശാലവും നിർമ്മലവുമാണ്‌ എന്റെ ആത്മാവെന്നും എനിക്കു തോന്നി; അകലെ, മറ്റേതോ മലഞ്ചരിവിൽ എന്റെ കണ്ണിൽപ്പെടാതെ മേഞ്ഞുനടക്കുന്ന കാലിപ്പറ്റത്തിന്റെ കുടമണികൾ പോലെ അത്ര നേർത്തൊരു ധ്വനി മാത്രമായിരിക്കുന്നു എന്റെയോർമ്മയിൽ ഈ ലോകം. ആഴക്കയങ്ങളാലിരുണ്ടതും അനക്കമറ്റതുമായ തടാകത്തിനു മുകളിൽക്കൂടി ഇടയ്ക്കിടെ ഓരോ മേഘങ്ങൾ കടന്നുപോയി- ആകാശത്തുകൂടി പറന്നുപോകുന്ന ഒരു ഭൂതത്തിന്റെ മേലങ്കിയുടെ നിഴൽ പോലെ. ഏതോ ദിവ്യമുഹൂർത്തം നിശബ്ദമായി രൂപപ്പെടുന്നതിനു ദൃൿസാക്ഷിയാകുന്ന ഒരാൾക്കുണ്ടാകുന്ന അനർഘവും ഭവ്യവുമായ ഒരു വികാരമാണ്‌ എനിക്കനുഭൂതമായതെന്നും ഞാനോർക്കുന്നു. ഞാൻ അധികം വിസ്തരിക്കുന്നില്ല-എന്നെ വലയം ചെയ്തുനിൽക്കുന്ന ആ സൗന്ദര്യപ്രകർഷമൊന്നു കാരണം എന്നോടും പ്രപഞ്ചത്തോടുമുള്ള എന്റെ എല്ലാ കലഹങ്ങൾക്കും ശമനമാവുകയും ചെയ്തു. ഈ ലോകത്തിലെ സകലമാനതിന്മകളും വിസ്മൃതിയിൽപ്പെട്ട ഞാൻ മനുഷ്യൻ ജന്മനാ നല്ലവനാണെന്നു നമ്മെ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്ന പത്രങ്ങളോടുള്ള അവജ്ഞ ഉപേക്ഷിക്കാൻ തയാറാവുമെന്നുള്ള ഘട്ടം വരെയെത്തി. ഈ സമയത്താണ്‌ ശരീരം അതിന്റെ അടിയന്തിരങ്ങൾ ഉണർത്തിക്കുന്നത്‌; അത്രനേരത്തെ കയറ്റം കൊണ്ടു വന്ന വിശപ്പും ക്ഷീണവും ശമിപ്പിക്കേണ്ടതാണല്ലോയെന്നും എനിക്കു ചിന്തയുണ്ടായി. ഞാൻ പോക്കറ്റിൽ നിന്ന് വലിയൊരു കഷണം റൊട്ടിയും ഒരു കപ്പും ഒരു കുപ്പിയും പുറത്തെടുത്തു; അക്കാലത്തു മരുന്നുകടക്കാർ സഞ്ചാരികൾക്കു വിറ്റിരുന്ന ആവശ്യം വന്നാൽ മഞ്ഞുവെള്ളവുമായി കലർത്തി കഴിക്കാവുന്ന ഒരാസവമായിരുന്നു കുപ്പിയിൽ.

റൊട്ടി മുറിച്ചുകൊണ്ടിരുന്നപ്പോൾ ചെറിയൊരനക്കം കേട്ട്‌ ഞാൻ തല പൊക്കിനോക്കി. കീറത്തുണി ചുറ്റിയ, മുടി കാടുകേറിയ,അഴുക്കു പുരണ്ട ഒരു പയ്യനാണു മുന്നിൽ നിൽക്കുന്നത്‌; അവന്റെയാ കേണപേക്ഷിക്കുന്ന കുഴിഞ്ഞ കണ്ണുകൾ എന്റെ റൊട്ടി ആർത്തിയോടെ വെട്ടിവിഴുങ്ങുകയാണ്‌. പതിഞ്ഞമർന്ന ശബ്ദത്തിൽ ഒരു നിശ്വാസം പോലെ ഇങ്ങനെയൊരു വാക്കും ഞാൻ കേട്ടു: കേക്ക്‌! തവിടു കളഞ്ഞ ആ റൊട്ടിയെ അവൻ അങ്ങനെയൊരു പേരു കൊടുത്തു ബഹുമാനിച്ചതു കേട്ടപ്പോൾ എനിക്കു ചിരിയടക്കാൻ കഴിഞ്ഞില്ല. ഞാൻ വലിയൊരു കഷണം മുറിച്ചെടുത്ത്‌ അവനു നേരെ നീട്ടി.തന്നെ കൊതിപ്പിക്കുന്ന ആ വസ്തുവിൽ നിന്നു കണ്ണു പറിക്കാതെ അവൻ അടുത്തുവന്നു; എന്നിട്ട്‌ എന്റെ കൈയിൽ നിന്ന് അതും തട്ടിപ്പറിച്ചെടുത്ത്‌ അവൻ ദൂരെപ്പോയി. എന്റെ ആ സമ്മാനം പൂർണ്ണമനസ്സോടെയല്ലെന്നോ, അതു വേണ്ടിയിരുന്നില്ലെന്ന് എനിക്കിതിനകം തോന്നിക്കാണുമെന്നോ അവൻ പേടിച്ചുകാണണം.

ഈ സമയത്ത്‌,അവൻ എവിടെനിന്നു പൊട്ടിവീണുവെന്നെനിക്കറിയില്ല,അതേപോലെ കാട്ടുപ്രകൃതിയായ മറ്റൊരു പയ്യൻ(അവർ സഹോദരങ്ങളാണെന്നും വരാം) അവനെ തട്ടിത്താഴെയിട്ടു. രണ്ടുപേരും താഴെ വീണുരുണ്ടു; പകുതി മറ്റേയാൾക്കു കൊടുക്കാനുള്ള ത്യാഗമനഃസ്ഥിതി രണ്ടുപേർക്കുമുണ്ടായില്ല. ആദ്യത്തെയാൾ രണ്ടാമനെ കോപത്തോടെ മുടിക്കു കയറിപ്പിടിച്ചു; അവനാകട്ടെ മറ്റെയാളുടെ ചെവി കടിച്ചുപറിച്ചു; അവൻ കടിച്ചുതുപ്പിയതിൽ ചോരയോടൊപ്പം ആ നാട്ടിലെ ഏതോ തെറിയും കലർന്നിരുന്നു. റൊട്ടിയുടെ യഥാർത്ഥ അവകാശി തന്റെ കൊച്ചുനഖങ്ങൾ കൊണ്ട്‌ അതിക്രമിയുടെ കണ്ണു പറിക്കാൻ നോക്കിയപ്പോൾ മറ്റവൻ ഒരു കൈ വച്ച്‌ പ്രതിയോഗിയുടെ കഴുത്തു ഞെരിക്കാൻ ശ്രമിക്കുകയും മറ്റേ കൈ കൊണ്ട്‌ അമൂല്യമായ ആ കവർച്ചമുതൽ പോക്കറ്റിലാക്കാൻ നോക്കുകയുമായിരുന്നു. അപ്പോഴേക്കും നൈരാശ്യം എരികേറ്റിയ തോറ്റ കുട്ടി ചാടിയെഴുനേറ്റ്‌ തന്റെ തല കൊണ്ട്‌ വിജയിയുടെ വയറ്റിനൊന്നു കൊടുത്ത്‌ അവനെ താഴെ വീഴ്ത്തി. ആ കുട്ടികളുടെ ബലത്തിന്റെ പരിധിക്കുമപ്പുറം നീണ്ടുപോയ ഒരു ദാരുണയുദ്ധത്തെ അധികം വർണ്ണിച്ചിട്ടെന്തു കിട്ടാൻ? കേക്ക്‌ കൈയിൽ നിന്നു കൈയിലേക്കും പോക്കറ്റിൽ നിന്നു പോക്കറ്റിലേക്കും നിമിഷംപ്രതി സ്ഥാനം മാറി; അതുമല്ല കഷ്ടം, അതിന്റെ വലിപ്പവും മാറുകയായിരുന്നു. ഒടുവിൽ ക്ഷീണിച്ചുകിതച്ച്‌, ദേഹമാകെ ചോരയും പുരണ്ട്‌, ഇനി വയ്യ എന്നായതുകൊണ്ടുമാത്രം അവർ യുദ്ധം നിർത്തിയപ്പോൾ അതിനു കാരണമായ വസ്തു, സത്യം പറഞ്ഞാൽ കാണാനുണ്ടായിരുന്നില്ല. അതിന്റെ പൊട്ടും പൊടിയും മണ്ണുമായി കൂടിക്കുഴഞ്ഞുകിടന്നു.

ആ കാഴ്ച്ചയോടെ എന്റെ ചുറ്റുമുള്ള പ്രകൃതി ഇരുട്ടടച്ചു; ഈ കൊച്ചുമനുഷ്യരെ കാണുന്നതിനു മുമ്പ്‌ എന്റെ ആത്മാവു വിഹരിച്ച ആ സ്വച്ഛമായ ആനന്ദം എങ്ങോ പോയി മറഞ്ഞു. വിഷാദത്തിലാണ്ട ഞാൻ പിന്നെയും പിന്നെയും ഇതുതന്നെ പറഞ്ഞുകൊണ്ടീരിക്കുകയായിരുന്നു:"എന്തു കേമത്തം പിടിച്‌ച നാട്‌! റൊട്ടി കേക്കാവുകയും ഭ്രാതൃഹത്യയ്ക്കു തന്നെ കാരണമാകുന്ന രീതിയിൽ അത്ര അപൂർവ്വമായ വസ്തുവാകുകയും ചെയ്യുന്ന നാട്‌!"

No comments: