തികച്ചും ചിന്താശീലരും തീർത്തും കർമ്മവിമുഖരുമായ ചില മനുഷ്യർ ചില നേരത്ത് നിഗൂഢവും അജ്ഞാതവുമായ ഏതോ പ്രേരണയ്ക്കടിപ്പെട്ട് തങ്ങൾക്കുണ്ടെന്ന് അവർ പോലും സംശയിക്കാത്ത ഒരു ത്വരയോടെ ചില പ്രവൃത്തികൾ ചെയ്തുപോകാറുണ്ട്.
എന്തു മന:ക്ലേശമാണോ ഉള്ളിൽ തന്നെ കാത്തിരിക്കുന്നതെന്ന ഭയപ്പാടോടെ സ്വന്തം വീട്ടുവാതിലിനു മുന്നിൽ ഒരു മണിക്കൂർ നേരം നിന്നു പരുങ്ങുന്ന ഒരാൾ; കൈയിൽ കിട്ടിയ കത്ത് പൊളിക്കാതെ രണ്ടാഴ്ചയായി കൊണ്ടുനടക്കുന്ന ഒരാൾ; ഒരു കൊല്ലം മുമ്പേ ചെയ്യേണ്ട ഒരു സംഗതി ചെയ്യണോ വേണ്ടയോ എന്നു തീരുമാനിക്കാൻ ആറുമാസമെടുക്കുന്ന ഒരാൾ-ഇവർ ചിലപ്പോൾ കവണയിൽ നിന്നു പായുന്ന കല്ലു പോലെ തടുക്കാനാവാത്തൊരാവേഗത്താൽ നീതരായി പ്രവൃത്തിയിൽ ചെന്നു പതിക്കും. അതിനുള്ള ഭ്രാന്തമായ ഊർജ്ജം ആ ജഡപ്രകൃതികൾക്ക് എവിടെനിന്നു കിട്ടുന്നു? ഏറ്റവും ലളിതവും അടിയന്തിരവുമായ ചില കാര്യങ്ങൾ ചെയ്യാൻ പോലും പ്രാപ്തി കാണിക്കാത്ത അവർ പെട്ടെന്നൊരു മുഹൂർത്തത്തിൽ ബുദ്ധിശൂന്യവും അപകടകരം പോലുമായ സംഗതികൾ ചെയ്യാൻ ത്രാണിയുള്ളവരായിത്തീരുന്നതെങ്ങനെ? എല്ലാമറിയുന്നവരായി ഭാവിക്കുന്ന നോവലിസ്റ്റിനോടോ ഡോക്ടറോടോ ഇതിനൊരു വിശദീകരണം ചോദിച്ചാൽ അവർക്കതിനു മറുപടിയുണ്ടാവില്ല.
എന്റെയൊരു സ്നേഹിതൻ-ഇങ്ങനെ പരമസാധുവും സ്വപ്നജീവിയുമായ ഒരാൾ ഈ ലോകത്തു വേറെ കാണില്ല-തീ പടരുന്നതു വളരെ വേഗമാണെന്ന് ആളുകൾ പറയുന്നതു ശരിയാണോയെന്നറിയാൻ വേണ്ടിയാണത്രെ,ഒരിക്കൽ കാടിനു തീ കൊളുത്തി; പത്തുതവണ അയാളുടെ ശ്രമം പരാജയപ്പെട്ടു; പതിനൊന്നാമത്തെ തവണ അതു പൂർണ്ണവിജയവുമായിരുന്നു.
മറ്റൊരാൾ വെടിമരുന്നു വച്ചിരിക്കുന്ന പെട്ടിയ്ക്കടുത്തു ചെന്നു നിന്ന് ചുരുട്ടു കത്തിക്കും; വിധിയെ കാണാൻ, അറിയാൻ, പ്രലോഭിപ്പിച്ചു വരുത്താൻ വേണ്ടിയാണത്രെ. ഒരു ചൂതാട്ടം നടത്താനുള്ള ഊറ്റം തനിക്കുണ്ടെന്നു സ്വയം വിശ്വസിപ്പിക്കാൻ, ഉത്കണ്ഠയുടെ ആന്നന്ദങ്ങൾ അനുഭവിക്കാൻ വേണ്ടിയാണത്രെ. ഇനിയഥവാ ഒരു കാരണവുമില്ലാതെ, വെറുമൊരു ഭ്രമത്തിന്റെ പുറത്ത്, മറ്റൊന്നും ചെയ്യാനില്ലാത്തതു കൊണ്ടുമാവാം.
മടുപ്പിൽ നിന്നും ദിവാസ്വപ്നത്തിൽ നിന്നും ഉറവെടുക്കുന്ന ഒരുതരം ഊർജ്ജമാണത്; ഓർത്തിരിക്കാതെ അതു വന്നു വെളിപ്പെടുന്നതാകട്ടെ, ഞാൻ മുമ്പു പറഞ്ഞപോലെ, അലസന്മാരിലും സ്വപ്നജീവികളിലുമാണ്.
മറ്റൊരാൾ-അന്യരുടെ നോട്ടത്തിനു മുന്നിൽ ദൃഷ്ടി താഴ്ത്തുന്ന ഒരു കാതരജീവി; ഒരു ഹോട്ടലിനുള്ളിലേക്കു കടന്നു ചെല്ലാൻ, ഒരു തിയേറ്ററിന്റെ കൗണ്ടറിനു മുന്നിലൂടെ നടന്നുപോകാൻ ആകെയുള്ള ഇച്ഛാശക്തിയെല്ലാം സംഭരിക്കേണ്ടി വരുന്ന ഒരാൾ( മിനോസിനെയും ഐക്കസിനെയും റഡമന്തസിനെയും പോലെ പ്രതാപികളാണ് ആ കൗണ്ടറിലിരിക്കുന്നവർ അയാളുടെ കണ്ണിൽ *)-തെരുവിലൂടെ നടന്നുപോകുന്ന ഒരു കിഴവനെ സ്തബ്ധരായി നിൽക്കുന്ന ആ ജനത്തിനെല്ലാം മുന്നിൽ വച്ച് ഓടിച്ചെന്നു കെട്ടിപ്പിടിച്ചുവെന്നു വരാം.
എന്തുകൊണ്ട്? ആ മനുഷ്യന്റെ ശാരീരികലക്ഷണങ്ങളോട് തടുക്കാനാവാത്തൊരാകർഷണം അയാൾക്കു തോന്നി എന്നതാണോ കാരണം? ആയിരിക്കാം; അതേസമയം അയാൾക്കു തന്നെ അതെന്തു കൊണ്ടാണെന്നറിയില്ല എന്നതാവാം കുറച്ചുകൂടി സ്വീകാര്യമായ വിശദീകരണം.
ഞാൻ ഒന്നിൽക്കൂടുതൽ തവണ ഇത്തരം പ്രതിസന്ധികൾക്കും പ്രേരണകൾക്കും ഇരയായിപ്പോയിട്ടുണ്ട്. ചില ദുർഭൂതങ്ങൾ നമ്മുടെയുള്ളിൽ കയറിക്കൂടി നാമറിയാതെ നമ്മെക്കൊണ്ട് അവരുടെ നീചമോഹങ്ങൾ നിവർത്തിക്കുകയാണെന്നു നാം വിശ്വസിച്ചുപോയാൽ അതിൽ തെറ്റു പറയാനില്ല.
ഒരുദിവസം കാലത്ത് ഉന്മേഷം കെട്ട്, സ്വന്തം ആലസ്യം കൊണ്ടുതന്നെ മനസ്സുകെട്ട് മഹത്കാര്യമെന്തോ ചെയ്തുവയ്ക്കാനുള്ള ത്വരയോടെ ഞാൻ ഉറക്കമുണർന്നു; ഞാൻ ചെന്നു ജനാല തുറന്നു, കഷ്ടം!
(കുസൃതികളൊപ്പിക്കാൻ ചില മനുഷ്യരിൽ കാണുന്ന വ്യഗ്രത ബോധപൂർവ്വമോ കണക്കുകൂട്ടിയോ ഉള്ള ഒന്നല്ലെന്ന് നിങ്ങൾ മനസ്സിലാക്കണമെന്നു ഞാൻ അപേക്ഷിക്കട്ടെ; ഒരു നിമിഷത്തെ പ്രചോദനം കൊണ്ടു ചെയ്തുപോകുന്നതാണത്. ഔചിത്യമില്ലാത്ത എത്രയെങ്കിലും പ്രവൃത്തികൾ ചെയ്തുകൂട്ടാൻ നമ്മുടെ ചെറുത്തുനിൽപ്പൊന്നും കണക്കിലെടുക്കാതെ നമ്മെ ഉന്തിത്തള്ളിവിടുന്ന ആ പ്രകൃതിയോട്-ഡോകടർമാർ അതിനെ ഉന്മാദമെന്നു വിളിക്കുമ്പോൾ അവരെക്കാൾ അൽപം കൂടി ചിന്തിക്കാൻ കഴിവുള്ളവർ പൈശാചികമെന്ന് അതിനെ വിശേഷിപ്പിക്കും-അതിന്റെ തീക്ഷ്ണത കൊണ്ടെങ്കിലും ഗാഢബന്ധമുള്ളതാണത്.)
താഴെയുള്ള തെരുവിൽ ഞാൻ ആദ്യം കണ്ടത് ഒരു ചില്ലുവിൽപ്പനക്കാരനെയാണ്; പാരീസിന്റെ കനം തൂങ്ങുന്ന കെട്ട വായുവിലൂടെ അയാളുടെ ചെവിതുളയ്ക്കുന്ന അപസ്വരം എന്റെ കാതുകളിലേക്കെത്തി. ആ പാവത്താനെ കണ്ടതും എന്റെ മനസ്സിൽ അത്ര പെട്ടെന്ന് ക്രൂരമായ ഒരു വിദ്വേഷം പതഞ്ഞുപൊങ്ങിയതെങ്ങിനെയെന്നു വിശദീകരിക്കാൻ എനിക്കു പറ്റില്ല.
"ഹേയ്!ഹേയ്!" കയറിവരാൻ ഞാൻ അയാളോടു പറഞ്ഞു. ഏഴാമത്തെ നിലയിലുള്ള എന്റെ മുറിയിലേക്ക് ഇടുങ്ങിയ കോണി കയറി വരാൻ അയാൾ ബുദ്ധിമുട്ടുമെന്നും അതിനിടയ്‌ഇൽ അയാളുടെ സാധനങ്ങൾ അവിടെയുമിവിടെയുമൊക്കെ മുട്ടി കേടുവരുമെന്നും മനസ്സിൽക്കണ്ടാനന്ദിക്കുകയായിരുന്നു ഞാൻ.
ഒടുവിൽ അയാൾ മുകളിലെത്തി; ഞാൻ അയാളുടെ ചില്ലുകൾ സൂക്ഷ്മമായി പരിശോധിച്ചിട്ട് ഇങ്ങനെ പറഞ്ഞു:"ഇതെന്താ? തന്റെ കൈയിൽ വർണ്ണച്ചില്ലുകളൊന്നുമില്ലേ? പച്ച, നീല, ചുവപ്പ്? മായച്ചില്ലുകൾ, പറുദീസയിലെ ചില്ലുകൾ? നാണം കെട്ട കഴുതേ! ജീവിതം സുന്ദരമാക്കുന്ന ഒരു ചില്ലു പോലും കൈയില്ലാതെ ഈ ദരിദ്രം പിടിച്ച തെരുവിലൂടെ നടക്കാൻ തനിക്കെങ്ങനെ ധൈര്യം വന്നു!" എന്നിട്ട് ഞാനയാളെ കോണിപ്പടിയിലേക്കു തന്നെ പിടിച്ചുതള്ളി; വീഴാൻ പോയപ്പോൾ അയാൾ എന്തോ പിറുപിറുത്തു.
ഞാൻ എന്റെ ബാൽക്കണിയിലേക്കു പോയി ചെറിയൊരു ചെടിച്ചട്ടി കൈയിലെടുത്തു; എന്നിട്ട് അയാൾ താഴെ വന്നപ്പോൾ ആ ചില്ലുകെട്ടിനു പിന്നിൽ ചെന്നു കൊള്ളുന്ന രീതിയിൽ ഞാനെന്റെ യുദ്ധയന്ത്രം പ്രയോഗിച്ചു. അതിന്റെ ആഘാതത്തിൽ അയാൾ പിന്നോട്ടു മറിയുകയും അയാളുടെ ആ സഞ്ചരിക്കുന്ന നിധി അപ്പാടെ പൊട്ടിത്തരിപ്പണമാവുകയും ചെയ്തു. അതു കേട്ടപ്പോൾ ഇടിമിന്നലേറ്റ് ഒരു ചില്ലുകൊട്ടാരം തകരുന്നപോലെയുണ്ടായിരുന്നു.
ഉന്മാദത്തിന്റെ ലഹരി തലയ്ക്കു പിടിച്ച ഞാൻ അയാളെ നോക്കി വിളിച്ചുപറഞ്ഞു:"ജീവിതം സുന്ദരമാക്കെടോ! ജീവിതം സുന്ദരമാക്കെടോ!"
ഇത്തരം ഭ്രാന്തൻതമാശകൾ അപായകരമാകാം; ചിലനേരം അതിനു കൊടുക്കേണ്ടിവരുന്ന വില കനത്തതുമായിരിക്കും. പക്ഷേ ഒരു നിമിഷത്തിൽ അനന്തമായ ആനന്ദം കണ്ടെത്തുന്ന ഒരാൾ എന്തിനു നിത്യനരകത്തെ പേടിക്കണം?
--------------------------------------------------------------------------------------------------------------------------------
* ഗ്രീക്ക് പുരാണത്തിൽ പാതാളത്തിലെ ഉഗ്രപ്രതാപികളായ ന്യായാധിപന്മാർ
1 comment:
kandirikkunnu.
Post a Comment