Tuesday, October 13, 2009

ബോദ്‌ലെയെർ-സിമിത്തേരിയും ഷൂട്ടിംഗ്‌ റേഞ്ചും



"സിമിത്തേരിവിലാസം മദ്യശാല! വിചിത്രമായ പേരു തന്നെ!" നമ്മുടെ സഞ്ചാരി സ്വയം പറഞ്ഞു."എന്നാലെന്താ, ദാഹം തോന്നാൻ അതു ധാരാളം! ഹൊറേസിന്റെയും എപ്പിക്യൂറസിന്റെ കവിശിഷ്യന്മാരുടെയും ആരാധകനാണ്‌ ഉടമസ്ഥനെന്നതിൽ സംശയിക്കാനില്ല. എന്നല്ല, പുരാതന ഈജിപ്ഷ്യന്മാരുടെ ദാർശനികബുദ്ധി പരിചയമായ ആളായിരുന്നു ചങ്ങാതി എന്നും വരാം; ഒരസ്ഥികൂടമോ, മനുഷ്യായുസ്സിന്റെ ഹ്രസ്വത സൂചിപ്പിക്കുന്ന ഏതെങ്കിലുമൊരു പ്രതീകമോ കാണുമല്ലോ അവരുടെ ഏതുത്സവത്തിനും പൂർണ്ണത നൽകാൻ!"

അയാൾ കയറിച്ചെന്ന് ഒരു ഗ്ലാസ്‌ ബിയർ വാങ്ങി ശവകുടീരങ്ങളെ നോക്കിയിരുന്ന് അതു മൊത്തിക്കുടിച്ചു; എന്നിട്ട്‌ ഒരു ചുരുട്ടെടുത്തു പുകച്ചു. പിന്നെ പെട്ടെന്നൊരു കൗതുകത്തിന്റെ പുറത്ത്‌ അയാൾ സിമിത്തേരിക്കുള്ളിലേക്കു കയ്യറിച്ചെന്നു; തഴച്ചുവളർന്ന പുല്ലുകൾക്കു മേൽ സൂര്യന്റെ രാജ്യഭാരമാണവിടെ.

ആ തിമിർത്ത വെയിലും ചൂടും കണ്ടാൽ മണ്ണിനടിയിലെ ജീർണ്ണത കുടിച്ചുതെഴുത്ത പൂക്കളുടെ മനോഹരമായ പരവതാനിക്കു മേൽ കുടിച്ചുമത്തനായ സൂര്യൻ കിടന്നുരുളുകയാണെന്നു പറയാൻ നിങ്ങൾക്കു തോന്നിപ്പോവും. ജീവന്റെ സ്ഫുടമർമ്മരം അവിടെയെങ്ങും നിറഞ്ഞുനിന്നിരുന്നു; അടുത്തുള്ള ഷൂട്ടിംഗ്‌ റേഞ്ചിൽ നിന്ന് വെടിപൊട്ടുന്ന ശബ്ദങ്ങൾ സ്വരം താഴ്ത്തിയ ഒരു സിംഫണിക്കിടയിൽ ഷാമ്പൈൻ കുപ്പികളുടെ കോർക്കുകൾ തെറിക്കുന്നതുപോലെ ഇടയ്ക്കിടെ കേട്ടുകൊണ്ടിരുന്നു.


ആ സമയത്ത്‌, തന്റെ തല ചൂടുപിടിപ്പിക്കുന്ന സൂര്യന്റെ ചോടെ, മരണത്തിന്റെ തീവ്രഗന്ധം കുമിയുന്ന ആ അന്തരീക്ഷത്തിൽ, താനിരുന്ന ശവകുടീരത്തിനടിയിൽ നിന്ന് ഒരു ശബ്ദം മന്ത്രിക്കുന്നത്‌ അയാൾ കേട്ടു. ആ ശബ്ദം പറഞ്ഞതിതാണ്‌:"ശപ്തം, നിങ്ങളുടെയീ തോക്കുകളും ലക്ഷ്യങ്ങളും; ജീവനോടിരിക്കുന്നവരേ, മനസ്സമാധാനം കെട്ട നിങ്ങൾക്ക്‌ മരണപ്പെട്ടവരുടെ പാവനവിശ്രാന്തി തകർക്കുന്നതിൽ യാതൊരു ചഞ്ചലിപ്പുമുണ്ടായില്ലല്ലോ! ശപ്തം, നിങ്ങളുടെ വാഞ്ഛകളും കണക്കുകൂട്ടലുകളും! പൊറുതികെട്ട മർത്ത്യരേ, മൃതിയുടെ ശ്രീകോവിലിനരികിൽത്തന്നെ വേണ്ടിയിരുന്നല്ലോ നിങ്ങൾക്കു കൊല ചെയ്തു പഠിക്കാൻ! ഈ സമ്മാനം നേടാൻ എത്രയെളുപ്പമാണെന്നു നിങ്ങളറിഞ്ഞിരുന്നെങ്കിൽ, ഈ ലക്ഷ്യത്തിൽ കൊള്ളിക്കാൻ എത്രയെളുപ്പമാണെന്നു നിങ്ങളറിഞ്ഞിരുന്നെങ്കിൽ, മരണമൊഴികെ മറ്റെന്തും ശൂന്യതയാണെന്നു നിങ്ങളറിഞ്ഞിരുന്നെങ്കിൽ, ക്ലേശിക്കുന്ന ജീവികളേ, നിങ്ങളിങ്ങനെ സ്വയം ക്ഷയിപ്പിക്കുമായിരുന്നില്ല; വളരെപ്പണ്ടേ ലക്ഷ്യത്തിൽ കൊള്ളിച്ചവർ, ഈ ജുഗുപ്‌സാവഹമായ ജീവിതത്തിൽ ആകെയുള്ള ഒരൊറ്റ യഥാർത്ഥലക്ഷ്യത്തിൽ കൊള്ളിച്ചവർ,അവരുടെ നിദ്രയെ നിങ്ങളിത്രതന്നെ ശല്യപ്പെടുത്തുമായിരുന്നില്ല!"

1 comment:

ഗിരീഷ്‌ എ എസ്‌ said...

കത്തുന്ന അര്‍ത്ഥതലങ്ങള്‍ കൊണ്ടു സമ്പുഷ്ടമായ
വാക്കുകള്‍...
സെമിത്തേരികള്‍ നിശബ്ദതയുടെ താവളമെങ്കിലും
അതില്‍ മറഞ്ഞിരിക്കുന്ന
ശബ്ദം
കൊടുമ്പിരി കൊള്ളുമ്പോഴാണ്‌
നാം തിരിഞ്ഞുനടക്കുന്നത്‌..

ആശംസകള്‍
ഇനിയും എഴുതുക...