നേർത്ത വരമ്പ്
നിന്നിൽത്തന്നെ അടങ്ങിയവൾ നീ
നിന്റെ കണ്ണുകളിൽ
(കണ്ണീരു ഞാനതിൽ കണ്ടിട്ടേയില്ലല്ലോ)
കടുപ്പം വച്ചൊരു ശോകം മങ്ങിക്കത്തുന്നു
എനിക്കതിഷ്ടവുമാണ്
കാഴ്ച കെട്ട നിന്റെ ഭാവനയിൽ
വേട്ടയ്ക്കുള്ള കാടാണീ ലോകം
നീ മഞ്ഞുകാലത്തെ നായാടിയും
ഒരേയൊരു ഹൃദയത്തെ വീഴ്ത്താൻ
ഒരുമ്പെട്ടിറങ്ങിയിരിക്കുകയാണു നീ
വാക്കുകളെ നിനക്കു വിശ്വാസമല്ല
സകലഹൃദയങ്ങളെയും കൊലചെയ്ത നിന്റെ കാൽപ്പാടുകളിൽ
ഭയത്തിനുള്ള ഒരാസക്തി ഞാൻ കാണുന്നു
എനിക്കതു താങ്ങാനാവുന്നില്ല
നീ നടക്കുന്ന നേർത്ത വരമ്പിൽ
മഞ്ഞിൽപ്പോലും ചോരയുടെ മണം പറ്റിപ്പിടിച്ചിരിക്കുന്നു
എത്രയകലെപ്പോയാലും
എനിക്കതറിയാം
നീ കാഞ്ചി വലിക്കുന്നു!
നിന്റെ വാക്കുകൾക്കിടയിൽക്കിടന്ന്
ഞാൻ പിടഞ്ഞു ചാവുന്നു.
1999
ഉറുമ്പുകളെക്കുറിച്ചൊരു പ്രഭാഷണം
ഞാനെവിടെയോ കേട്ടിരുന്നു
പരിശ്രമശീലത്തിന്റെ പ്രതീകങ്ങളാണവയത്രെ
തെറ്റാണത്
പത്തിലൊന്നേ മുഷിഞ്ഞു പണിയെടുക്കുന്നുള്ളു
മറ്റൊമ്പതു പേർ തെക്കും വടക്കും നോക്കി നടക്കുന്നേയുള്ളു
തിരക്കും നടിച്ച്
ചുറുചുറുക്കോടെ
മടിയും പിടിച്ച്
എനിക്കും ഒരെറുമ്പായാൽക്കൊള്ളാമെന്നുണ്ട്
ഒമ്പതുപേരുടെ കൂട്ടത്തിലാണെന്റെ നോട്ടം
ഇടയ്ക്കൊക്കെ
പ്രത്യയശാസ്ത്രം കൊണ്ടൊരാക്രോശവുമാകാമല്ലോ
അതിലുമാശ്ചര്യം
ഉറുമ്പുകളുടെ ഉറക്കത്തിന്റെ ചിട്ടകളാണ്
രണ്ടു മണിക്കൂറേ അവർ ഉണർന്നിരിക്കുന്നുള്ളു
ഇരുപത്തിരണ്ടു മണിക്കൂറും ഉറക്കമാണവർ
1999
ആ പേരിൽ ഒരു കവിതാപുസ്തകമിറക്കാൻ
താൽപര്യമുണ്ടെനിക്ക്
അത്രയും കാലം ഞാൻ ജീവിക്കുമെങ്കിൽ
പതിനെട്ടു കൊല്ലം
ഉറുമ്പുകളെപ്പോലെ ഞാനുറങ്ങും
നാവുമടക്കി പണിയെടുക്കുന്നവന്റെ മാനസികവൈകല്യം
നിർണ്ണയിച്ചെഴുതുന്നുണ്ടു ഞാൻ
ഇന്നത്തെ പണി കഴിഞ്ഞു
ഇനി
ഞാനുറങ്ങാൻ പോകുന്നു
No comments:
Post a Comment