Thursday, October 1, 2009

ബോദ്‌ലെയെർ-കള്ളനാണയം

baud

പുകയില വാങ്ങി മടങ്ങുന്ന വഴി എന്റെ ചങ്ങാതി ബാക്കി കിട്ടിയ ചില്ലറ ശ്രദ്ധയോടെ ഭാഗം വച്ചു:സ്വർണ്ണനാണയങ്ങൾ ഷർട്ടിന്റെ ഇടതുപോക്കറ്റിലേക്കിട്ടു; വലതുപോക്കറ്റിൽ വെള്ളിനാണയങ്ങൾ;ഒരുപിടി ചെമ്പുതുട്ടുകൾ ഉണ്ടായിരുന്നത്‌ ട്രൗസറിന്റെ ഇടതുപോക്കറ്റിലേക്കു പോയി; അവസാനം ബാക്കിയായ രണ്ടു ഫ്രാങ്കിന്റെ ഒരു വെള്ളിത്തുട്ട്‌ വലതുപോക്കറ്റിലുമിട്ടു; പോക്കറ്റിലിടുന്നതിനു മുമ്പ്‌ അയാൾ ആ നാണയം കാര്യമായിട്ടൊന്നു പരിശോധിക്കുകയും ചെയ്തിരുന്നു.

"കൃത്യവും സൂക്ഷ്മവുമായ വിഭജനം!" ഞാൻ മനസ്സിൽ പറഞ്ഞു.

എതിരെ വന്ന ഒരു ഭിക്ഷക്കാരൻ വിറച്ചുകൊണ്ട്‌ ഞങ്ങൾക്കു നേരെ കൈ നീട്ടി.-വിധേയത്വം കാട്ടുന്ന ആ കണ്ണുകളിലെ മൂകഭാഷയെക്കാൾ മനസ്സിന്റെ സ്വസ്ഥത കെടുത്തുന്ന മറ്റൊന്ന് എന്റെ അറിവിലില്ല; അത്രയും എളിമയും അതേയളവിൽത്തന്നെ നീരസവും ആ നോട്ടത്തിൽ വായിച്ചെടുക്കാം,ഹൃദയം മുരടിച്ച ഒരാളല്ല നിങ്ങളെങ്കിൽ. നായ്ക്കളെ തല്ലുമ്പോൾ അവയുടെ നിറഞ്ഞ കണ്ണുകളിൽ തെളിയുന്ന വികാരങ്ങളുടെ ആഴങ്ങളെ ഓർമ്മിപ്പിക്കുമത്‌.

എന്റെ ചങ്ങാതിയുടെ വഴിപാട്‌ എന്റേതിനെക്കാൾ പതിന്മടങ്ങായിരുന്നു; ഞാൻ അയാളോടു പറഞ്ഞു:" താൻ കാണിച്ചതു ശരി തന്നെയാണ്‌. അത്ഭുതപ്പെട്ടുപോകുന്നത്‌ ഒരു സുഖമാണെങ്കിൽ അത്ഭുതപ്പെടുത്തുന്നത്‌ അതിനു കിടനിൽക്കുകയും ചെയ്യും." "അതാ കള്ളനാണയമായിരുന്നു," തന്റെ ധൂർത്തിനെ ന്യായീകരിക്കാനെന്നപോലെ അയാൾ അലക്ഷ്യമായി പറഞ്ഞു.

പക്ഷേ കാണുന്നതിനെ കാണുന്നതിനപ്പുറം പോയിക്കാണാൻ ഉത്സുകമായ എന്റെ നശിച്ച മനസ്സ്‌(പ്രകൃതി എനിക്കു കനിഞ്ഞു നൽകിയ അനുഗ്രഹമാണത്‌!)ഉടനേ ഉണർന്നെഴുന്നേൽക്കുകയായി: എന്റെ ചങ്ങാതിയുടെ ആ പ്രവൃത്തിയെ ന്യായീകരിക്കാൻ പറ്റുമോ? അല്ലെങ്കിൽപ്പിന്നെ ആ പാവത്താന്റെ ജീവിതത്തിൽ ഒരു സംഭവം സൃഷ്ടിക്കാനുള്ള ആഗ്രഹം കൊണ്ടാണതെന്നു പറയേണ്ടിവരും; അതുമല്ലെങ്കിൽ ഒരു ഭിക്ഷക്കാരന്റെ കൈകളിലെത്തുന്ന ഒരു കള്ളനാണയം എന്തൊക്കെ അനർത്ഥങ്ങളോ ഭാഗ്യങ്ങളോ ആണ്‌ വരുത്താൻ പോകുന്നത്‌ എന്നറിയാനുള്ള കൗതുകം കൊണ്ടാവണം. അയാൾ അതു കൊണ്ടുപോയി മാറില്ലേ? ഒരുപക്ഷേ അയാൾ ജയിലിലാവാനും പോരേ? കള്ളനോട്ടു കൈവശം വച്ചുവെന്നോ കൈമാറ്റം ചെയ്യാൻ നോക്കിയെന്നോ പറഞ്ഞ്‌ ഏതെങ്കിലും ബേക്കറിക്കാരനോ മദ്യശാലക്കാരനോ പൊലീസിൽ പരാതി കൊടുത്ത്‌ അയാളെ അറസ്റ്റു ചെയ്യിച്ചേക്കാം. അതേസമയം പാപ്പരായ ഒരു ചെറുകിടചൂതാട്ടക്കാരന്റെ കൈകളിൽ കുറേ ദിവസത്തെ സമൃദ്ധിക്കുള്ള വിത്തായി അതു മാറാനും മതി. അങ്ങനെ സ്വന്തമായി വെട്ടിയ വഴികളിലൂടെ എന്റെ ചിന്തകൾ അലഞ്ഞുനടന്നു; എന്റെ ചങ്ങാതിയുടെ മനസ്സിലിരുപ്പെന്തായിരുന്നോ അതിനു ചിറകുകൾ നൽകുകയായിരുന്നു ഞാൻ; പക്ഷങ്ങളും മറുപക്ഷങ്ങളും നിരത്തി സാധ്യമായ സകലനിഗമനങ്ങളിലേക്കും ഞാനെത്തിച്ചേർന്നു.

അടുത്തനിമിഷം പക്ഷേ, എന്റെ ദിവാസ്വപ്നത്തെ തകർത്തുകൊണ്ട്‌ അയാൾ ഇങ്ങനെ പറഞ്ഞു:"അതെ, താൻ പറഞ്ഞതു ശരി തന്നെയാണ്‌:പ്രതീക്ഷിച്ചതിലുമധികം കൊടുത്ത്‌ ഒരാളെ അത്ഭുതപ്പെടുത്തുന്നതിന്റെ സുഖം മറ്റൊന്നിനുമില്ല."

ഞാൻ അയാളുടെ കണ്ണുകളുടെ വെള്ളയിലേക്കു സൂക്ഷിച്ചുനോക്കി; തടുക്കാനാവാത്തൊരാർജ്ജവം കൊണ്ട്‌ അവ വെട്ടിത്തിളങ്ങുന്നതു കണ്ടപ്പോൾ ഞാൻ പേടിച്ചുപോയി. ഒരേസമയം ഒരു ധർമ്മിഷ്ഠന്റെയും സമർത്ഥനായ ഒരു ബിസിനസ്സുകാരന്റെയും ഭാഗങ്ങൾ അഭിനയിക്കുകയായിരുന്നു അയാളെന്ന് ആ നിമിഷമാണ്‌ എനിക്കു ബോധ്യമായത്‌-നാൽപ്പതു സൗ ലാഭിക്കുക,ഒപ്പം ദൈവത്തിന്റെ ഹൃദയത്തിൽ ഒരിടം നേടുകയും ചെയ്യുക; വലിയ മുതൽമുടക്കില്ലാതെ സ്വർഗ്ഗത്തിലേക്കു പ്രവേശനം തരപ്പെടുത്തുക; ഒരു ദാനശീലനെന്ന പതക്കം സൗജന്യമായി നേടുകയും ചെയ്യുക. നേരത്തെ എനിക്കു തോന്നിയതുപോലെ തെറ്റുചെയ്തു സുഖം കണ്ടെത്താനായിരുന്നു അയാളുടെ ശ്രമമെങ്കിൽ അതു മാപ്പാക്കാൻ എനിക്കു വലിയ വിസമ്മതമുണ്ടാകുമായിരുന്നില്ല. പാവങ്ങളെ അപായപ്പെടുത്തി ആനന്ദിക്കുന്നത്‌ വിചിത്രവും വിലക്ഷണവുമായ ഒരു സ്വഭാവവിശേഷമാണെന്നു പറഞ്ഞ്‌ ഞാൻ സമാധാനിക്കുകയും ചെയ്തേനെ. പക്ഷേ അയാളുടെ കണക്കുകൂട്ടലിലെ ആ ചാതുര്യമില്ലായ്മയെ എനിക്കൊരിക്കലും പൊറുപ്പിക്കാനാവില്ല. ദുഷ്ടത മാപ്പർഹിക്കാത്ത കുറ്റം തന്നെ; അതേസമയം താനൊരു ദുഷ്ടനാണെന്ന് ഒരാൾക്കു ബോധമുണ്ടെങ്കിൽ അതിനു ചില മെച്ചങ്ങളുമുണ്ട്‌-സകലപാപങ്ങളിലും വച്ചു പരിഹാരമില്ലാത്തതാണ്‌ മൂഢത കാരണം ദുഷ്ടത കാണിക്കുകയെന്നത്‌.

No comments: