നിഷ്കളങ്കമായ വിനോദമെന്നാൽ എന്താണെന്നതിനെക്കുറിച്ച് എനിക്കുള്ള അഭിപ്രായം നിങ്ങളെ അറിയിക്കാൻ എനിക്കാഗ്രഹമുണ്ട്. കുറ്റബോധം തോന്നേണ്ടാത്ത നേരമ്പോക്കുകൾ അത്ര ചുരുക്കവുമാണ്.
രാവിലെ എഴുന്നേറ്റ് നടക്കാനിറങ്ങിയിരിക്കുകയാണു നിങ്ങളെങ്കിൽ ഒന്നിന് ഒരണ പോലും വേണ്ടാത്ത തട്ടുമുട്ടുസാധങ്ങൾ വാങ്ങി കീശയിൽ കരുതുക-നൂലിന്മേൽ നീങ്ങുന്ന കടലാസ്സുപാവ,കൂടം കൊണ്ടടിക്കുന്ന കൊല്ലൻ,വാലിന്മേൽ പീപ്പിയുള്ള സവാരിക്കുതിര-അങ്ങനെ എന്തുമാകാം. പോകുന്ന വഴിക്ക് ക്ലബ്ബുകളുടെ മുന്നിലോ മരങ്ങൾക്കടിയിലോ വച്ചുകാണുന്ന നിങ്ങൾ ഇതിനു മുമ്പു കണ്ടിട്ടില്ലാത്ത പാവപ്പെട്ട കുട്ടികൾക്ക് അവ സമ്മാനിക്കുക. അവരുടെ കണ്ണുകൾ വിടരുന്നത് നിങ്ങൾക്കു കാണാം. ആദ്യമൊക്കെ അവ സ്വീകരിക്കാൻ അവർക്കു ധൈര്യം വന്നുവെന്നു വരില്ല-തങ്ങൾക്കു കൈവന്ന സൗഭാഗ്യത്തെ അവർക്കു വിശ്വാസം വരാഞ്ഞിട്ടാണത്. പിന്നെക്കാണാം, ആ കൈകൾ സമ്മാനവും തട്ടിപ്പറിച്ച് ദൂരേക്കോടുന്നത്; പൂച്ചകൾക്കു നിങ്ങളെന്തെങ്കിലും വച്ചുനീട്ടിയാൽ അവ ചെയ്യുന്നതും ഇങ്ങനെ തന്നെയാണ്- മനുഷ്യരെ വിശ്വസിക്കാതിരിക്കാൻ അവ പഠിച്ചുപോയി.
വഴിയിൽ വലിയ ഗേറ്റിനുള്ളിലായി വെയിലത്തു വെളുത്തുതിളങ്ങുന്ന ഒരു മാളിക കാണാം; ഗേറ്റിനു പിന്നിൽ കവിളു തുടുത്ത ഒരു സുന്ദരൻ കുട്ടി; ഓമനത്തം തോന്നുന്ന ഗ്രാമീണവസ്ത്രങ്ങളാണ് അവന്റെ വേഷം.
ആഡംബരത്തിൽ മുങ്ങിയ,അല്ലലെന്തെന്നറിയാത്ത,ധാരാളിത്തം ശീലമായ ഈ കുട്ടികളുടെ ഭംഗി കാണുമ്പോൾ പാവപ്പെട്ടവരോ ഇടത്തരക്കാരോ ആയ കുട്ടികളെ സൃഷ്ടിച്ച അതേ സാധനം കൊണ്ടല്ല ഇവരെ സൃഷ്ടിച്ചിരിക്കുന്നതെന്നു വിശ്വസിക്കാൻ നമുക്കു തോന്നിപ്പോകും.
അവന്റെ മുന്നിൽ ഒന്നാന്തരമൊരു കളിപ്പാട്ടം നിലത്തു വീണു കിടപ്പുണ്ട്; അതിന്റെ ഉടമസ്ഥനെപ്പോലെതന്നെ പുതുമയാർന്നത്; തിളങ്ങുന്നതും പൊൻനിറത്തിലുള്ളതും ചെമ്പട്ടു പുതച്ചതും തൂവലുകളും ചില്ലുമണികളും കൊണ്ടലങ്കരിച്ചതുമാണത്. പക്ഷേ കുട്ടിയുടെ നോട്ടം ആ കളിപ്പാട്ടത്തിന്മേലല്ല; അവൻ നോക്കിക്കൊണ്ടുനിന്നത് മറ്റൊന്നാണ്:
ഗേറ്റിനു പുറത്ത് വഴിയിൽ പുല്ലിനും മുള്ളിനുമിടയിലായി മറ്റൊരു കുട്ടി നിൽക്കുന്നുണ്ടായിരുന്നു-രക്തപ്രസാദമില്ലാത്ത,വളർച്ച മുരടിച്ച, അഴുക്കും കരിയും പുരണ്ട ഒരു കുട്ടി;തെരുവുതെണ്ടി ജീവിക്കുന്ന ഒരു കുട്ടി. പക്ഷേ അവന്റെ ദേഹത്തുള്ള ദാരിദ്ര്യത്തിന്റെ അറയ്ക്കുന്ന ക്ലാവു കഴുകിക്കളഞ്ഞാൽ ഒരു കലാസ്വാദകന്റെ നിപുണനേത്രം വാർണ്ണീഷിനടിയിൽ നിന്ന് ഒരു ക്ലാസിക് ചിത്രം കണ്ടെടുക്കുന്നതുപോലെ നിഷ്പക്ഷമതിയായ ഒരാൾക്ക് അവന്റെ സൗന്ദര്യവും കണ്ടുപിടിക്കാവുന്നതേയുള്ളു.
ആ രണ്ടു ലോകങ്ങളെ-മാളികയും പെരുവഴിയും-വേർതിരിക്കുന്ന അദൃശ്യമായ വേലിക്കിടയിലൂടെ ദരിദ്രബാലൻ തന്റെ കളിപ്പാട്ടം കാണിച്ചുകൊടുക്കുകയായിരുന്നു; സമ്പന്നബാലനാകട്ടെ,അതെന്തോ അപൂർവ്വവും അപരിചിതവുമായ ഒന്നാണെന്നപോലെ ഔത്സുക്യത്തോടെ അതുതന്നെ നോക്കിനിൽക്കുകയും. ദരിദ്രക്കുട്ടി അഴിയുള്ള ഒരു കൊച്ചുപെട്ടിക്കുള്ളിലിട്ട് കുത്തുകയും കുലുക്കുകയും ചെയ്തിരുന്ന കളിപ്പാട്ടമെന്താണെന്നോ-ജീവനുള്ള ഒരെലി! അവന്റെ അച്ഛനമ്മമാർ കാശുമുടക്കില്ലാതെ ജീവിതത്തിൽ നിന്നുതന്നെ ഒരു കളിപ്പാട്ടം കണ്ടുപിടിക്കുകയായിരുന്നിരിക്കണം.
കുട്ടികളാകട്ടെ, സഹോദരന്മാരെപ്പോലെ പരസ്പരം നോക്കിച്ചിരിക്കുകയുമായിരുന്നു; അവരുടെ പല്ലുകൾക്ക് ഒരേ വെളുപ്പുമായിരുന്നു.
No comments:
Post a Comment