Tuesday, September 8, 2009

ബോദ്‌ലെയെർ-പാവപ്പെട്ടവരുടെ കണ്ണുകൾ

Baudelaire4

അതു ശരി, ഇന്നു ഞാൻ നിന്നെ വെറുക്കുന്നതെന്തുകൊണ്ടാണെന്നു നിനക്കറിയണം,അല്ലേ? അതു നിന്നെ പറഞ്ഞുമനസ്സിലാക്കുന്നതിനേക്കാൾ പ്രയാസമായിരിക്കും നിനക്കതു മനസ്സിലാക്കാൻ; കാരണം സ്ത്രൈണനിഗൂഢതയുടെ ഏറ്റവും സുന്ദരമായ നിദർശനമാണു നീയെന്നെനിക്കു തോന്നുന്നു.

എനിക്കത്രമേൽ ഹ്രസ്വമെന്നു തോന്നിയ ദീർഘമായൊരു പകൽ നമ്മൾ പങ്കിട്ടുകഴിഞ്ഞിരുന്നു. ഇനി നമ്മൾ പരസ്പരം ചിന്തകൾ കൈമാറുമെന്നും ഇനി രണ്ടാൾക്കും കൂടി ഒറ്റയാത്മാവേയുണ്ടാകൂ എന്നും നാം അന്യോന്യം പ്രതിജ്ഞ കൂടിചെയ്തു-ഭൂമിയിൽ ജീവിച്ച ഓരോ മനുഷ്യനും സ്വപ്നം കണ്ടതെങ്കിലും ഒരാൾക്കും സാക്ഷാത്കരിക്കാനാകാതെ പോയ ഒരു സ്വപ്നമെന്നല്ലാതെ മറ്റൊരു മൗലികതയുമില്ലാത്ത ഒരു സ്വപ്നം.

സന്ധ്യയായപ്പോൾ ക്ഷീണം മാറ്റാൻ വേണ്ടി നാം നടക്കാവിന്റെ തിരിവിൽ പുതുതായി തുറന്ന കഫേയിലേക്കു നടന്നു. പണി തീർന്നിട്ടില്ലെങ്കിൽക്കൂടി അതു തന്റെ പകിട്ടുകൾ വിളിച്ചുകാട്ടിത്തുടങ്ങിയിരിക്കുന്നു. കഫേ വെട്ടിത്തിളങ്ങുകയാണ്‌. ഒരു കന്നിക്കാരന്റെ ഉത്സാഹത്തോടെ ഇരമ്പിക്കത്തുന്ന ഗ്യാസ്‌ലൈറ്റിന്റെ രൂക്ഷമായ വെളിച്ചത്തിൽ പ്രകാശമാനമാണ്‌ കണ്ണു മഞ്ഞളിക്കുന്ന വെൺചുമരുകൾ,കണ്ണാടികളുടെ പരപ്പുകൾ,സ്വർണ്ണം പൂശിയ ദണ്ഡുകളും സ്തൂപങ്ങളും,തുടലിട്ട വേട്ടനായ്ക്കൾ വലിച്ചുപിടിച്ചുകൊണ്ടോടുന്ന കവിൾ തുടുത്ത പയ്യന്മാർ,കൈത്തണ്ടകളിൽ പ്രാപ്പിടിയന്മാരുമായി ചിരിച്ചുകൊണ്ടിരിക്കുന്ന അഭിജാതകൾ,അപ്പവും പഴങ്ങളും വാത്തുകളും തലയിലേന്തിയ വനദേവതകൾ,നീട്ടിപ്പിടിച്ച കൈകളിൽ ബവേറിയൻപാൽക്കട്ടി നിറച്ച ചഷകങ്ങളുമായി ഹീബിയും ഗാനിമീഡും-അതിഭക്ഷണത്തിനു വിടുപണി ചെയ്യാൻ ചരിത്രവും പുരാണവും.

നമുക്കു നേരേ മുന്നിലായി നാൽപതു കഴിഞ്ഞ ഒരാൾ നിൽക്കുന്നുണ്ടായിരുന്നു;ക്ഷീണിച്ച മുഖം,നരച്ചുതുടങ്ങിയ താടി. ഒരാൺകുട്ടി അയാളുടെ കൈ പിടിച്ചുനിൽക്കുന്നു; നടക്കാനുള്ള ബലമില്ലാത്ത മറ്റൊരു കുട്ടിയെ അയാൾ കൈയിലെടുത്തിട്ടുമുണ്ട്‌. കുട്ടികളെയും കൊണ്ട്‌ സന്ധ്യയ്ക്കു നടക്കാനിറങ്ങിയതാവണം അയാൾ. എല്ലാവരുടെയും വേഷം തുന്നിക്കൂട്ടിയതാണ്‌. മൂന്നു മുഖങ്ങളും അസാധാരണമാം വിധം ഗൗരവം പൂണ്ടിരിക്കുന്നു; ആറു കണ്ണുകൾ ആ പുതിയ കഫേയെ ഉറ്റുനോക്കി നിൽക്കുകയാണ്‌,ഒരേ വിസ്മയത്തോടെ,എന്നാൽ പ്രായത്തിന്റെ വ്യത്യാസത്തോടെ.

അച്ഛന്റെ കണ്ണുകൾ പറഞ്ഞു:"എന്തു ഭംഗി!എന്തു ഭംഗി! ഈ പാവപ്പെട്ട ലോകത്തുള്ള പൊന്നെല്ലാം ആ ചുമരിലുണ്ടെന്നു തോന്നിപ്പോകും!" കുട്ടിയുടെ കണ്ണുകൾ പറയുകയാണ്‌:"എന്തു ഭംഗി!എന്തു ഭംഗി!എന്നാൽ ഞങ്ങളെപ്പോലല്ലാത്തവർക്കേ ഉള്ളിൽ കയറാൻ പറ്റൂ."മറ്റേ കുഞ്ഞിന്റെ കണ്ണുകളിലാവട്ടെ, മൂഢവും തീവ്രവുമായ ഒരു സന്തോഷം മാത്രമേയുള്ളു; ഒന്നും തെളിച്ചുപറയാൻ പറ്റാത്ത ഒരു വശീകരണത്തിന്നടിപ്പെട്ടിരിക്കുകയായിരുന്നു അത്‌.

ആനന്ദം ആത്മാവിനെ ഉയർത്തുകയും ഹൃദയത്തെ അലിയിക്കുകയും ചെയ്യുന്നുവെന്നല്ലേ പാട്ടെഴുത്തുകാർ പറയുന്നത്‌.സന്ധ്യനേരത്തെ ഈ ഗാനം എനിക്കിണങ്ങുന്നതു തന്നെയായിരുന്നു. ആ കണ്ണുകളുടെ കുടുംബം എന്റെ മനസ്സിനെ ഇളക്കി എന്നുതന്നെയല്ല, നമ്മുടെ മേശപ്പുറത്തെ ഗ്ലാസ്സുകളും ജഗ്ഗുകളും എന്നെ തെല്ലൊന്നു നാണിപ്പിക്കുകയും ചെയ്തു; നമ്മുടെ ദാഹത്തെക്കാൾ എത്രയോ വലുതായിരുന്നു അവ. ഞാൻ എന്റെ ദൃഷ്ടികൾ നിന്നിലേക്കു തിരിച്ചു; എന്റെ ചിന്തകൾ നിന്റെ കണ്ണുകളിലും വായിക്കാമെന്നു ഞാൻ കരുതിപ്പോയി. മനോഹരവും വിചിത്രമാം വിധം സൗമ്യവുമായ നിന്റെ കണ്ണുകളിൽ, നിന്റെ പച്ചക്കണ്ണുകളിൽ, ചാപല്യം കുടിയേറിയ,ചന്ദ്രൻ പ്രചോദിപ്പിക്കുന്ന നിന്റെ കണ്ണുകളിൽ ഞാൻ ആണ്ടിറങ്ങി. അപ്പോൾ നീ പറഞ്ഞു:"ആ നിൽക്കുന്നവരെ എനിക്കു തീരെ പിടിക്കുന്നില്ല; കണ്ണും തുറിച്ചുള്ള നിൽപ്പു കണ്ടില്ലേ! വെയ്റ്ററോടു പറഞ്ഞ്‌ അവരെ ഓടിച്ചുവിടരുതോ?"

അന്യോന്യം മനസ്സിലാക്കുക അത്ര ദുഷ്കരമാണെന്റെ മാലാഖേ; ഒരാളുടെ ചിന്ത മറ്റൊരാൾക്കു മനസ്സിലാവില്ല, അതിനി തമ്മിലിഷ്ടപ്പെടുന്നവരായാൽപ്പോലും!

No comments: