Monday, September 21, 2009

ബോദ്‌ലെയെർ-നിന്റെ മുടിയിൽ ഒരർദ്ധഗോളം

Baudelaire-Gustave_Courbet_033

നിന്റെ മുടിയുടെ പരിമളം ശ്വസിച്ചുകിടക്കട്ടെ ഞാൻ ഏറെനേരം; ദാഹം പൊറാതൊരുവൻ അരുവിയിൽച്ചെന്നു മുങ്ങുംപോലെ അതിൽ മുഖം പൂഴ്ത്തിക്കിടക്കട്ടെ ഞാൻ; ഓർമ്മകൾ കുടഞ്ഞുകളയാൻ സുഗന്ധം പൂശിയൊരു തൂവാല പോലെ ഞാനതെടുത്തു വീശട്ടെ.

എന്തൊക്കെക്കാഴ്ചകളാണ്‌ ഞാനതിൽ കാണുന്നതെന്നോ! എന്തൊക്കെക്കേൾവികൾ! എന്തൊക്കെയനുഭൂതികൾ! അന്യരുടെ ആത്മാവുകൾ സംഗീതത്തിൽ പ്രയാണം ചെയ്യുമ്പോൾ പരിമളങ്ങളിലാണ്‌ എന്റെയാത്മാവിന്റെ പ്രയാണം.

നിന്റെ മുടിയിലുണ്ട്‌ പായകളും പാമരങ്ങളുമായി ഒരു സ്വപ്നമങ്ങനെതന്നെ; അതിലുണ്ടാഴക്കടലുകൾ; അവയിലെ കാലവർഷക്കാറ്റുകൾ മനോജ്ഞമായ അന്യദേശങ്ങളിലേക്ക്‌ എന്നെ ആനയിക്കുന്നു. ആഴുന്ന നീലിമയാണ്‌ ആകാശത്തിനവിടങ്ങളിൽ; ഇലകളും പഴങ്ങളും മനുഷ്യചർമ്മവും മണക്കുന്നതാണന്തരീക്ഷം.

നിന്റെ മുടിയിലെ കടലിൽ ഞാനൊരു തുറമുഖം ദർശിക്കുന്നു-ശോകഗാനങ്ങൾ തങ്ങിനിൽക്കുന്നവിടെ; നാനാദേശക്കാരായ കരുത്തന്മാർ തിക്കിത്തിരക്കുന്നു; ഉഷ്ണം അലസശയനം നടത്തുന്ന വിപുലാകാശത്തിൽ നാനാതരം യാനങ്ങൾ സൂക്ഷ്മവും ലോലവുമായ വാസ്തുരൂപങ്ങൾ കോറിയിടുകയും ചെയ്യുന്നു.

നിന്റെ മുടിയുടെ ലാളനകളിലമർന്നുകിടക്കെ, രമ്യമായൊരു നൗകയുടെ ഉള്ളറയിലൊരു മഞ്ചത്തിൽ , പൂപ്പാത്രങ്ങൾക്കും നീർക്കുടങ്ങൾക്കുമിടയിൽ, കണ്ണിൽപ്പെടാത്ത തിരയിളക്കത്തിന്റെ തൊട്ടിലാട്ടവുമേറ്റ്‌ ദീർഘശയനം നടത്തുന്ന സുഖം ഞാൻ വീണ്ടും കണ്ടെത്തുന്നു.

നിന്റെ മുടിയുടെ തീ കാഞ്ഞിരിക്കെ കറുപ്പും പഞ്ചാരയും കലർത്തിയ പുകയിലയുടെ മണം ഞാൻ വലിച്ചുകേറ്റുന്നു; നിന്റെ മുടിയുടെ രാത്രിയിൽ ഉഷ്ണമേഖലയിലെ അനന്തമായ നീലാകാശം തിളങ്ങുന്നതു ഞാൻ കാണുന്നു; നിന്റെ മുടിയുടെ കരയ്ക്കിരുന്ന് കീലും കസ്തൂരിയും വെളിച്ചെണ്ണയും മണത്തു ഞാനുന്മത്തനാകുന്നു.

നിന്റെ തഴച്ചിരുണ്ട മുടിയിഴകളിൽ ഞാനെന്റെ പല്ലുകളാഴ്ത്തട്ടെ. മെരുങ്ങാത്ത നിന്റെ മുടി കരളവെ ഓർമ്മകൾ തിന്നുന്ന പോലെയാണെനിക്ക്‌.

1 comment:

പാവപ്പെട്ടവന്‍ said...

നിന്റെ മുടിയിലുണ്ട്‌ പായകളും പാമരങ്ങളുമായി ഒരു സ്വപ്നമങ്ങനെതന്നെ; അതിലുണ്ടാഴക്കടലുകൾ; അവയിലെ കാലവർഷക്കാറ്റുകൾ മനോജ്ഞമായ അന്യദേശങ്ങളിലേക്ക്‌ എന്നെ ആനയിക്കുന്നു. ആഴുന്ന നീലിമയാണ്‌ ആകാശത്തിനവിടങ്ങളിൽ; ഇലകളും പഴങ്ങളും മനുഷ്യചർമ്മവും മണക്കുന്നതാണന്തരീക്ഷം

ഭയങ്കരമായി ഇഷ്ടപ്പെട്ടു വളരെ മനോഹരമായിട്ടുണ്ട് ആശംസകള്‍