Monday, September 14, 2009

ബോദ്‌ലെയെർ-ഘടികാരം

baude7

ചൈനാക്കാർ സമയമറിയുന്നത്‌ പൂച്ചയുടെ കണ്ണിൽ നോക്കിയാണ്‌.

ഒരിക്കൽ നാങ്കിങ്ങിന്റെ പ്രാന്തദേശത്തു കൂടി നടന്നുപോവുകയായിരുന്ന ഒരു മിഷനറി താൻ വാച്ചെടുക്കാൻ മറന്നതോർത്തിട്ട്‌ ഒരു കുട്ടിയോട്‌ സമയമെന്തായെന്നു ചോദിച്ചു.
സ്വർഗ്ഗീയസാമ്രാജ്യത്തിലെ ആ യുവപ്രജ ആദ്യമൊന്നു ശങ്കിച്ചിട്ട്‌ "ഞാൻ ഇപ്പോൾത്തന്നെ പറയാം" എന്നു മറുപടി നൽകി. അൽപനേരം കഴിഞ്ഞ്‌ അവൻ വീണ്ടും വരുമ്പോൾ കൈയിൽ ഭീമനൊരു പൂച്ചയുമുണ്ടായിരുന്നു. അതിന്റെ കണ്ണുകളുടെ വെള്ളയിൽ നോക്കിയിട്ട്‌ അവൻ ഇങ്ങനെ പ്രഖ്യാപിച്ചു:"ഉച്ചയായിട്ടില്ല." അതു കൃത്യവുമായിരുന്നു.

എന്റെ കാര്യം പറയട്ടെ: സുന്ദരിയായ ഫിലൈൻ *(അന്വർത്ഥമാണേ ആ പേര്‌) -പെൺജാതിക്കൊരു തിലകം,എന്റെ നെഞ്ചിനഭിമാനം,എന്റെ ആത്മാവിന്റെ സുഗന്ധം-രാത്രിയാവട്ടെ പകലാവട്ടെ,ഇരുട്ടോ വെളിച്ചമോ ആവട്ടെ,അവളുടെ കണ്ണിന്നാഴങ്ങളിലേക്കു നോക്കുമ്പോൾ സമയം കൃത്യമായിട്ടെനിക്കറിയാം: ഒരേ സമയമാണത്‌,വിപുലമായ ഒരു മുഹൂർത്തം,സ്ഥലരാശി പോലെ പരന്നത്‌,മിനുട്ടുകളോ സെക്കന്റുകളോ ആയി വിഭജിക്കാത്തത്‌,-ചലനമറ്റ ഒരു മുഹൂർത്തം,അതു ഘടികാരങ്ങളിൽ കാണില്ല; എന്നാൽ ഒരു നിശ്വാസം പോലെ ലോലമാണത്‌, ഒരിമവെട്ടൽ പോലെ ദൃതവും.

എന്റെ നോട്ടം നിർവൃതിദായകമായ ആ ഘടികാര-മുഖത്തു പറ്റിയിരിക്കുന്ന നേരത്ത്‌ ഏതെങ്കിലും രസംകൊല്ലി കയറിവന്ന് എന്നെ ശല്യപ്പെടുത്തിയെന്നിരിക്കട്ടെ,ദുർവ്വിനീതനും ക്ഷമകെട്ടവനുമായ ഒരു ജിന്ന്,അശുഭകാലത്തിന്റെ ദുരാത്മാവു വന്നെന്നെ ഇങ്ങനെ ചോദ്യം ചെയ്തെന്നിരിക്കട്ടെ:"താനെന്താ ഇത്ര സൂക്ഷിച്ചുനോക്കുന്നത്‌? ആ ജീവിയുടെ കണ്ണുകളിൽ താൻ തേടുന്നതെന്തിനെയാണ്‌? അലസനും മുടിയനുമായ മനുഷ്യാ, തനിക്കതിൽ സമയമറിയാൻ പറ്റുന്നുണ്ടോ?" എന്റെ എടുത്തടിച്ച മറുപടി ഇതായിരിക്കും:"അതെ,ഞാൻ കാണുന്നുണ്ട്‌ സമയം-നിത്യതയാണത്‌!"

ഉചിതമയൊരു പ്രണയഗാനമല്ലേ ശ്രീമതീ, ഇത്‌; നിന്നെപ്പോലെതന്നെ ജാഡ നിറഞ്ഞതും? സത്യം പറയാമല്ലോ, അത്ര രസം പിടിച്ചാണീ വീരകൃത്യം ഞാൻ ചെയ്തതെന്നതിനാൽ പകരം നീ എന്തു തരുമെന്നു ഞാൻ ചോദിക്കുന്നുമില്ല.

 

*മാർജ്ജാരജാതി

No comments: