Friday, September 25, 2009

ബോദ്‌ലെയെർ-പാവങ്ങളെ തല്ലുക!

baude13

രണ്ടാഴ്ചയോളം ഞാൻ പുറത്തിറങ്ങാൻ കഴിയാതെ കിടപ്പിലായിരുന്നു; അക്കാലത്ത്‌(പതിനാറുപതിനേഴുകൊല്ലം മുമ്പത്തെ കാര്യമാണു പറയുന്നത്‌)* ഫാഷനായിരുന്ന പുസ്തകങ്ങളായിരുന്നു ചുറ്റും; എന്നു പറഞ്ഞാൽ ഇരുപത്തിനാലു മണിക്കൂറു കൊണ്ട്‌ സകലർക്കും സന്തോഷവാന്മാരും ബുദ്ധിമാന്മാരും ധനവാന്മാരുമാകാനുള്ള വിദ്യ പഠിപ്പിക്കുന്ന പുസ്തകങ്ങൾ. ആ സർവ്വജനസുഖസംരംഭകരുടെ- അടിമകളായിക്കോളാൻ പാവപ്പെട്ടവരെ ഉപദേശിക്കുന്നവർ മുതൽ സിംഹാസനം നഷ്ടപ്പെട്ട രാജാക്കന്മാരാണ്‌ നിങ്ങൾ എന്ന് അവരെ പറഞ്ഞുവിശ്വസിപ്പിക്കാൻ ശ്രമിക്കുന്നവർ വരെ ആ കൂട്ടത്തിലുണ്ട്‌-പാണ്ഡിത്യശ്രമങ്ങൾ അത്രയും ദിവസം കൊണ്ട്‌ ഞാൻ അരച്ചുകലക്കിക്കുടിച്ചു; വെള്ളം തൊടാതെ വിഴുങ്ങുകയായിരുന്നു എന്നു പറയുന്നതാവും കൂടുതൽ ശരി. ബുദ്ധി മന്ദിച്ച ഒരവസ്ഥയിലായിരുന്നു ഞാൻ എന്നു പറഞ്ഞാൽ നിങ്ങൾക്കിനി അത്ഭുതം തോന്നുകയില്ലല്ലോ.

എന്നാലും എന്റെ ബോധത്തിന്റെ ഉള്ളറകളിലെവിടെയോ ഒരാശയത്തിന്റെ ബീജം പുറത്തു വരാനാവാതെ കിടക്കുകയാണെന്ന് എനിക്കൊരു തോന്നലുണ്ടായി; ഞാൻ ആയിടെ വായിച്ച വിജ്ഞാനഭണ്ഡാഗാരങ്ങളിൽ സമാഹരിക്കപ്പെട്ട സകല അമ്മൂമ്മക്കഥകളെക്കാളും ശ്രേഷ്ടമായ ഒരാശയം. പക്ഷേ തികച്ചും കേവലമായ ഒരാശയം മാത്രമാണത്‌, ഇന്നതെന്നു പറയാൻ ഒന്നുമില്ല.

ദാഹം സഹിക്കാനാവാതെ ഞാൻ പുറത്തേക്കിറങ്ങി. മോശപ്പെട്ട പുസ്തകങ്ങൾ ആർത്തിപിടിച്ചു വായിക്കുന്നൊരാൾക്ക്‌ അതേ അളവിൽ ശുദ്ധവായുവും തണുത്ത വെള്ളവും വേണ്ടിവരുമല്ലോ.

ഞാൻ ഒരു മദ്യശാലയിലേക്കു കയറാൻ തുടങ്ങുമ്പോൾ ഒരു ഭിക്ഷക്കാരൻ മുന്നിൽ വന്നു കൈനീട്ടി. ആ കണ്ണുകളിലെ നോട്ടം എന്റെ മനസ്സിൽ നിന്നു മായില്ല; മനസ്സിന്‌ വസ്തുക്കളെ ചലിപ്പിക്കാൻ കഴിയുമെങ്കിൽ, ഒരു മാസ്മരവിദ്യക്കാരന്‌ മുന്തിരിപ്പഴങ്ങളെ വിളയിക്കാൻ കഴിയുമെങ്കിൽ ഈ നോട്ടത്തിന്‌ സിംഹാസനങ്ങളെ മറിച്ചിടാനും കഴിയും.*

ഈ സമയത്ത്‌ ഒരു സ്വരം എന്റെ കാതിൽ മന്ത്രിക്കുന്നത്‌ ഞാൻ കേട്ടു; ആരുടേതാണാ ശബ്ദമെന്നു ഞാൻ തിരിച്ചറിയുകയും ചെയ്തു. ഏതുനേരത്തും എന്നോടൊപ്പമുള്ള ഒരു മാലാഖയുടെ,അല്ലെങ്കിൽ ഒരു ഭൂതത്തിന്റേതാണാ സ്വരം. സോക്രട്ടീസിനു സ്വന്തമായിട്ടൊരു മാലാഖയാവാമെങ്കിൽ എനിക്കും എന്തുകൊണ്ടൊരു ഭൂതത്തെ കൂടെക്കൂട്ടിക്കൂടാ? സോക്രട്ടീസിനെന്നപോലെ സ്വന്തം ഭ്രാന്തിനൊരു സാക്ഷ്യപത്രം തരാനാണെങ്കിൽ സൂക്ഷ്മബുദ്ധിയായ ലെലുത്തും പണ്ഡിതരായ ബെയില്ലാർജെറ്റുമുണ്ടുതാനും.*

പക്ഷേ സോക്രട്ടീസിന്റെയും എന്റെയും ഭൂതങ്ങൾക്കു തമ്മിൽ കാര്യമായൊരു വ്യത്യാസമുണ്ടായിരുന്നു: വിലക്കാനും മുന്നറിയിപ്പു നൽകാനും തടഞ്ഞുനിർത്താനുമാണ്‌ സോക്രട്ടീസിന്റെ ഭൂതം പ്രത്യക്ഷപ്പെട്ടിരുന്നതെങ്കിൽ ദാക്ഷിണ്യത്തോടെ ഉപദേശിക്കാനും നിർദ്ദേശങ്ങൾ നൽകാനും പ്രേരിപ്പിക്കാനുമായിട്ടാണ്‌ എന്റെ ഭൂതത്തിന്റെ വരവ്‌. പാവം സോക്രട്ടീസിന്റേത്‌ തടുക്കാനെത്തുന്ന ഭൂതമായിരുന്നുവെങ്കിൽ എന്റെ ഭൂതം ഇളക്കിവിടുന്നവനാണ്‌, കർമ്മോത്സുകനും യുദ്ധപ്രേമിയുമാണവൻ.

അവന്റെ ശബ്ദം എന്റെ കാതിൽ മന്ത്രിച്ചതെന്താണെന്നോ? "ഒരുവൻ മറ്റൊരുവനു തുല്യനാകണമെങ്കിൽ അവൻ അതു തെളിയിച്ചിരിക്കണം; സ്വാതന്ത്ര്യം കൈയ്യടക്കിയവനേ അതിനർഹതയുമുള്ളു."

അടുത്ത നിമിഷം ഞാൻ ആ ഭിക്ഷക്കാരന്റെ മേൽ ചാടിവീണു. ഒറ്റയടി കൊണ്ട്‌ ഞാനയാളുടെ ഒരു കണ്ണു കലക്കി; ഒരു പന്തിന്റെ വലിപ്പത്തിൽ അതു വീർത്തു. അയാളുടെ രണ്ടു പല്ലുകൾ അടിച്ചുകൊഴിച്ചപ്പോൾ എന്റെ ഒരു വിരലിന്റെ നഖവും പോയി. കിഴവന്റെ കാര്യം വേഗം തീർക്കണമെന്ന വാശിക്ക്‌- ഞാൻ ഒരൽപ്പപ്രാണിയായിരുന്നു, ഗുസ്തി പഠിച്ചിട്ടുമില്ല-ഒരു കൈ കൊണ്ട്‌ അയാളുടെ കോളറിനും മറ്റേ കൈകൊണ്ട്‌ തൊണ്ടയ്ക്കും പിടിച്ച്‌ ഞാൻ അയാളുടെ തല ഭിത്തിയോടു ചേർത്തുവച്ചിടിച്ചു. ഇതൊക്കെച്ചെയ്യുന്നതിനു മുമ്പ്‌ ചുറ്റും നോക്കി ഒരു പോലീസുകാരനും കുറേ നേരത്തേക്ക്‌ ആളൊഴിഞ്ഞ ആ സ്ഥലത്തേക്കു വരാൻ പോകുന്നില്ല എന്നു ഞാൻ ഉറപ്പുവരുത്തിയിരുന്നുവെന്നും പറയട്ടെ.

നട്ടെല്ലു തകർക്കാൻ പോന്നവിധത്തിൽ മുതുകത്തൊരിടിയും കൊടുത്ത്‌ ബലം കെട്ട ആ എഴുപതുകാരനെ ഞാൻ നിലത്തു വീഴ്ത്തി; എന്നിട്ട്‌ കൈവാക്കിനു കിട്ടിയ വലിയൊരു മരക്കൊമ്പെടുത്ത്‌ അയാളെ തലങ്ങും വിലങ്ങും പൂശി.

പെട്ടെന്ന്-ഹാ,എന്തൊരത്ഭുതം!സ്വന്തം സിദ്ധാന്തത്തിനു തെളിവു ലഭിക്കുന്ന ഒരു തത്വചിന്തകന്റെ ആഹ്ലാദം!-ആ കിഴട്ടുജഡം പിടഞ്ഞുചാടിയെഴുന്നേറ്റുനിന്നു; എന്നിട്ട്‌, ഇങ്ങനെയൊരു തല്ലിപ്പൊളിയന്ത്രത്തിലുണ്ടാവുമെന്നു ഞാൻ സ്വപ്നം പോലും കാണാത്ത ഒരൂർജ്ജത്തോടെ എന്നെ ആഞ്ഞൊന്നടിച്ചു. പിന്നെയാ ജീർണ്ണസത്വം എന്റെ മേൽ ചാടിവീണ്‌ എന്റെ കണ്ണു രണ്ടും ഇടിച്ചുകലക്കുകയും നാലു പല്ലുകൾ അടിച്ചുകൊഴിക്കുകയും ചെയ്തു; അതും കഴിഞ്ഞ്‌ ഞാൻ അയാളെ തല്ലാൻ ഉപയോഗിച്ച അതേ മരക്കൊമ്പെടുത്ത്‌ എന്നെ തല്ലി ഇഞ്ചപ്പരുവമാക്കുകയും ചെയ്തു. എന്റെ കഷായപ്രയോഗം കൊണ്ട്‌ അയാൾക്കു തന്റെ ജീവിതവും ആത്മാഭിമാനവും തിരിച്ചുകിട്ടിയിരിക്കുന്നു.

എന്നിട്ടു ഞാൻ നമ്മൾ തമ്മിലുള്ള സംവാദo  ഇതോടെ അവസാനിച്ചതായിട്ടാണു ഞാൻ മനസ്സിലാക്കിയിരിക്കുന്നതെന്ന് പലവിധം ചേഷ്ടകൾ കാട്ടി അയാളെ മനസ്സിലാക്കി. പിന്നെ ഒരു സ്റ്റോയിക്‌ തത്വചിന്തകന്റെ ആത്മസംതൃപ്തിയോടെ എഴുന്നേറ്റു നിന്നുകൊണ്ട്‌ ഞാൻ ഇങ്ങനെ പറഞ്ഞു:"മാന്യമിത്രമേ,നിങ്ങൾ എനിക്കു തുല്യനാണ്‌!എന്റെയീ പഴ്സിലുള്ളതിൽ പകുതി സ്വീകരിക്കാൻ ദയവുണ്ടായാലും! ഇതുകൂടിയോർക്കുക: കൂട്ടത്തിലൊരാൾ നിങ്ങളോടിരക്കാൻ വന്നാൽ ഞാൻ കഷ്ടപ്പെട്ടു നിങ്ങളുടെ മുതുകത്തു പരീക്ഷിച്ച അതേ സിദ്ധാന്തം അവരുടെ മേലും പ്രയോഗിക്കണം!"

അതങ്ങനെതന്നെ ആയിക്കോളാമെന്നും എന്റെ സിദ്ധാന്തം തനിക്കു മനസ്സിലായിക്കഴിഞ്ഞുവെന്നും അയാൾ എനിക്കുറപ്പു തരികയുമുണ്ടായി.

________________________________________________________________________________________________

*1848-ലെ വിപ്ലവത്തിന്റെ കാലം
*ഹിപ്നോട്ടിസത്തിലൂടെ മുന്തിരിയുടെ വിളവുകാലം കുറയ്ക്കാനാവുമോയെന്ന പരീക്ഷണങ്ങൾ അന്നു നടന്നിരുന്നു
*ഒരു ശബ്ദം തന്റെയുള്ളിലിരുന്നുകൊണ്ട്‌ തന്നെ ശാസിച്ചിരുന്നുവെന്ന സോക്രട്ടീസിന്റെ വാദം ഉന്മാദത്തിന്റെ തുടക്കത്തിലുള്ള ലക്ഷണമായിരുന്നുവെന്നാണ്‌ ഈ മനഃശസ്ത്രജ്ഞന്മാർ വാദിച്ചത്‌.

No comments: