Monday, September 14, 2009

മാഴ്സൽ ഷ്വോബ്‌ –ഭാവനാജീവിതങ്ങൾ-2

Crates_of_Thebes_Villa_Farnesina

ക്രേറ്റസ്‌-സിനിക്‌

തീബ്സിലാണു ജനനം; ഡയോജനിസിന്റെ ശിഷ്യനായിരുന്നു; അലക്സാണ്ഡറെ കാണുകയും ചെയ്തിട്ടുണ്ട്‌. ധനികനായ അച്ഛൻ അസ്കോന്ദാസിൽ നിന്ന് പിതൃസ്വത്തായി അയാൾക്ക്‌ ഇരുന്നൂറ്‌ താലന്ത്‌ കിട്ടിയിരുന്നു. ഒരുദിവസം യൂറിപ്പിഡീസിന്റെ ഒരു നാടകം കണ്ടുകൊണ്ടിരിക്കെ അയാൾക്കു പെട്ടെന്നൊരു വെളിപാടുണ്ടായി. മൈസിയായിലെ രാജാവായ തെലോഫോസ്‌ ഒരു ഭിക്ഷക്കാരന്റെ വേഷത്തിൽ കൈയിലൊരു സഞ്ചിയുമായി നിൽക്കുന്നത്‌ അയാൾ കണ്ടു.അയാൾ ഉടനെ ചാടിയെഴുന്നേറ്റു നിന്നുകൊണ്ട്‌ വിളിച്ചുപറഞ്ഞു,തനിക്കു കിട്ടിയ ഇരുന്നൂറു താലന്ത്‌ ആർക്കു വേണമെങ്കിലും എടുക്കാമെന്നും താൻ ഇനിമേലിൽ തെലോഫോസിന്റെ വേഷത്തിലേ നടക്കുന്നുള്ളുവെന്നും. തീബ്സുകാർ അട്ടഹസിച്ചു ചിരിച്ചുകൊണ്ട്‌ അയാളുടെ വീടിനു ചുറ്റും കൂട്ടം കൂടി; അവർ കണ്ടത്‌ അയാൾ തങ്ങളേക്കാൾ ഉച്ചത്തിൽ പൊട്ടിച്ചിരിക്കുന്നതാണ്‌. അയാൾ തന്റെ പണവും വീട്ടുസാധനങ്ങളുമൊക്കെയെടുത്ത്‌ ജനാലയിലൂടെ പുറത്തേക്കെറിഞ്ഞു. എന്നിട്ട്‌ ചാക്കു കൊണ്ടുള്ള ഒരു മേലങ്കിയും ഒരു സഞ്ചിയും മാത്രമെടുത്ത്‌ അയാൾ വീടു വിട്ടിറങ്ങി.

അയാൾ ഏതെൻസിലേക്കു പോയി. പകലു മുഴുവൻ അയാൾ തെരുവുകളിൽ അലഞ്ഞുതിരിയും; രാത്രിയിൽ അഴുക്കുപിടിച്ച ചുമരുകളിൽ ചാരിയിരുന്ന് വിശ്രമിക്കും. ഡയോജനിസ്‌ ഉപദേശിച്ചതൊക്കെ അയാൾ പ്രവൃത്തിയിലാക്കി. ഡയോജനിസിന്റെ വീപ്പ ഒരനാവശ്യവസ്തുവായിട്ടാണ്‌ അയാൾക്കു തോന്നിയത്‌:ഒച്ചോ സന്യാസിഞ്ഞണ്ടോ ഒന്നുമല്ലല്ലോ മനുഷ്യൻ. അഴുക്കുകൾക്കിടയിൽ നഗ്നനായി അയാൾ ജീവിച്ചു; അപ്പക്കഷണങ്ങളും അഴുകിയ ഒലീവിലകളും ഉണങ്ങിയ മീൻമുള്ളുകളും പെറുക്കി അയാൾ തന്റെ സഞ്ചി നിറച്ചു. തന്റെ സഞ്ചിയെ തന്റെ നഗരം എന്നാണ്‌ അയാൾ വിളിച്ചിരുന്നത്‌; പരാന്നഭോജികളേയോ വേശ്യകളേയോ അവിടെ കാണാൻ കിട്ടില്ല; തന്റെ രാജാവിനു മതിയായ അപ്പവും വെളുത്തുള്ളിയും അത്തിയും പുതിനയും അവിടെയുണ്ടാകുന്നുണ്ട്‌. അങ്ങനെ ക്രേറ്റസ്‌ തന്റെ രാജ്യത്തെ മുതുകത്തു പേറിക്കൊണ്ടുനടന്നു; അതയാൾക്ക്‌ ഭക്ഷണം നൽകുകയും ചെയ്തു.
krates

പൊതുക്കാര്യങ്ങളിൽ അയാൾ ഒരു താൽപ്പര്യവുമെടുത്തില്ല;അയാൾ അവയെ വിമർശിക്കാനും പോയില്ല. രാജാക്കന്മാരെ കളിയാക്കുന്ന പ്രകടനങ്ങളും അയാൾ കാഴ്ചവച്ചില്ല. ഡയോജനിസിന്റെ ആ സ്വഭാവം അയാൾക്കു ഹിതമായില്ല. ഡയോജനിസ്‌ വിളിച്ചുപറയും,"മനുഷ്യന്മാരേ അടുത്തുവരൂ!" ആരെങ്കിലും അതുകേട്ട്‌ അടുത്തു ചെന്നാൽ അയാൾ വടിയെടുത്ത്‌ അവരെ അടിച്ചോടിക്കും:" ഞാൻ വിളിച്ചത്‌ മനുഷ്യരെയാണ്‌,തീട്ടക്കൂനകളെയല്ല."
ക്രേറ്റസിനു പക്ഷേ മനുഷ്യരോടു സഹാനുഭൂതിയായിരുന്നു. അയാൾക്കാരോടും ഒരു വിദ്വേഷവുമില്ലായിരുന്നു. മുറിവുകൾ അയാൾക്കു പുതുമയായിരുന്നില്ല; നായ്ക്കളെപ്പോലെ അവ നക്കിത്തുടയ്ക്കാൻ തന്റെ ശരീരം വഴങ്ങുന്നില്ലല്ലോ എന്നതു മാത്രമായിരുന്നു അയാളുടെ ഖേദം. മനുഷ്യൻ ഖരഭക്ഷണം കഴിക്കണം,വെള്ളം കുടിക്കണം എന്നു പറയുന്നതിനോടും അയാൾക്കെതിർപ്പായിരുന്നു. ബാഹ്യലോകത്തു നിന്ന് ഒരു സഹായവും വേണ്ടാത്ത രീതിയിൽ മനുഷ്യൻ തന്നെക്കൊണ്ടുതന്നെ എല്ലാം നടത്തിക്കോളണം. അയാളാകട്ടെ വെള്ളമെടുത്തു കുളിയ്ക്കുക എന്നതില്ല; ദേഹത്തു കണ്ടമാനം അഴുക്കു കേറുമ്പോൾ അയാൾ ഏതെങ്കിലും ചുമരിൽ ദേഹമുരച്ചു വൃത്തിയാക്കും; കഴുതകൾ അങ്ങനെ ചെയ്യുന്നത്‌ അയാൾ ഒരിക്കൽ കണ്ടിരുന്നു.ദേവന്മാരെക്കുറിച്ച്‌ അയാൾക്കൊന്നും പറയാനുണ്ടായിരുന്നില്ല; അവരെക്കുറിച്ചോർത്ത്‌ തലപുണ്ണാക്കാനും അയാളില്ല. അവരുണ്ടായാലും ഇല്ലെങ്കിലും തനിക്കതൊരുപോലെയാണ്‌; കാരണം തന്റെ കാര്യത്തിൽ അവർക്കു ചെയ്യാനായി യാതൊന്നുമില്ലല്ലോ. പക്ഷേ അവരെക്കുറിച്ച്‌ ഒരു പരാതി അയാൾക്കുണ്ടായിരുന്നു: മനുഷ്യനെ ആകാശത്തേക്കു നോക്കി നടത്തുക വഴി അവർ അവനെ മനഃപൂർവം ദ്രോഹിക്കുകയാണു ചെയ്തത്‌, നാലുകാലിൽ നടക്കുന്ന മറ്റു ജന്തുക്കൾക്കുള്ള ഒരു കഴിവ്‌ അവനു നിഷേധിക്കുകയാണു ചെതത്‌. മനുഷ്യൻ തിന്നുവേണം ജീവിക്കാൻ എന്നു ദേവകൾ നിശ്ചയിച്ച സ്ഥിതിക്ക്‌ അവർ അവന്റെ നോട്ടം കിഴങ്ങുകൾ വളരുന്ന മണ്ണിലേക്കു തിരിക്കേണ്ടതായിരുന്നു; മനുഷ്യനു നക്ഷത്രങ്ങൾ തിന്നു ജീവിക്കാനാവില്ലല്ലോ.

ജീവിതം ക്രേറ്റസിനോടു കരുണ കാണിച്ചില്ല. അറ്റിക്കായിലെ പൊടിക്കാറ്റിൽ അയാളുടെ കണ്ണുകൾ പീളയടിഞ്ഞു; അജ്ഞാതമായ ഏതോ ചർമ്മരോഗം മൂലം അയാളുടെ ദേഹം മൊത്തം കുരു പൊന്തി. വെട്ടാത്ത നഖങ്ങൾ കൊണ്ട്‌ ദേഹം മാന്തുമ്പോൾ അയാൾ പറയും, തനിക്കിതുകൊണ്ട്‌ രണ്ടുണ്ട്‌ പ്രയോജനമെന്ന്: നഖത്തിന്റെ നീളം കുറയുന്നു, ദേഹത്തിന്റെ കടിയും മാറുന്നു. നീണ്ടു ജടകെട്ടിയ മുടി മഴയും വെയിലും തട്ടാതിരിക്കാൻ പാകത്തിൽ അയാൾ തലയിൽ കെട്ടിവച്ചുനടന്നു.

അലക്സാണ്ഡർ തന്നെ കാണാൻ വന്നപ്പോൾ പ്രത്യേകിച്ചൊരഭിപ്രായപ്രകടനവും അയാൾ നടത്തിയില്ല; ആൾക്കൂട്ടത്തിൽ മറ്റൊരാളായിട്ടേ അയാൾ അദ്ദേഹത്തെ കണ്ടുള്ളു. വിശിഷ്ടവ്യക്തികളെക്കുറിച്ച്‌ അയാൾക്ക്‌ യാതൊന്നും പറയാനുണ്ടായിരുന്നില്ല. ദേവന്മാരുടെ സ്ഥാനമേ അയാളുടെ കണ്ണിൽ അവർക്കുണ്ടായിരുന്നുള്ളു. അയാളെ ആകർഷിച്ചത്‌ മനുഷ്യരാണ്‌, എത്ര ലളിതമായി ജീവിക്കാം എന്നതാണ്‌. ഡയോജനിസിന്റെ ധാർമ്മികരോഷങ്ങൾ അയാൾക്കു ചിരിക്കാനുള്ള വകയായിരുന്നു. അത്തരം വഷളൻചിന്തകൾക്കതീതനാണു താനെന്ന് അയാൾ കരുതിപ്പോന്നു. ഡൽഫിയിലെ ക്ഷേത്രകവാടത്തിൽ എഴുതിവച്ചിട്ടുള്ള സൂക്തം അൽപമൊന്നു ഭേദപ്പെടുത്തി അയാൾ പറയും:"നിന്നെത്തന്നെ കാണുക!" അറിവിനുള്ള സാധ്യത തന്നെ ഒരസംബന്ധമായിട്ടാണ്‌ അയാൾക്കു തോന്നിയത്‌. തന്റെ ശാരീരികാവശ്യങ്ങളായിരുന്നു അയാളുടെ പഠനവിഷയം; അതു കഴിയുന്നത്ര കുറയ്ക്കുക എന്നതായിരുന്നു അയാളുടെ യത്നം. ഡയോജനിസ്‌ നായയെപ്പോലെ കടിക്കുമായിരുന്നു, പക്ഷെ ക്രേറ്റസ്‌ നായായിത്തന്നെ ജീവിച്ചു.
Crates_and_Hipparchia_Villa_Farnesina

മെട്രോക്ലിസ്‌ എന്നു പേരായി ഒരു ശിഷ്യൻ അയാൾക്കുണ്ടായിരുന്നു. മരോണായിലെ ഒരു ധനികകുടുംബത്തിലെ അംഗമായിരുന്നു അയാൾ. അയാളുടെ സഹോദരി, സുന്ദരിയായ ഹിപ്പാർക്കിയ ക്രേറ്റസിനോടു പ്രേമത്തിലായി. അസാധ്യമായി തോന്നാമെങ്കിലും നടന്ന കാര്യമാണത്‌. അയാളുടെ ദാരിദ്ര്യമോ വൃത്തികേടോ പരസ്യമായ ജീവിതരീതിയോ യാതൊന്നും അവളെ പിന്തിരിപ്പിച്ചില്ല. തെരുവുകളിൽ നായ്ക്കളെപ്പോലെ നടന്നാണു താൻ ജീവിക്കുന്നതെന്നും ചവറ്റുകൂനകളിലെ എല്ലുകളാണു തന്റെ ഭക്ഷണമെന്നും അയാൾ അവളെ ഓർമ്മപ്പെടുത്തി. മറ്റൊന്നു കൂടിയുണ്ട്‌: ഒരുമിച്ചുള്ള തങ്ങളുടെ ജീവിതത്തിൽ ഒരു രഹസ്യവും ഉണ്ടായിരിക്കുന്നതല്ല; തനിക്കു വേണമെന്നു തോന്നുമ്പോൾ താൻ അവളുമായി നായ്ക്കളെപ്പോലെ പരസ്യമായി ഇണചേരുകയും ചെയ്യും. ഹിപ്പാർക്കിയ എല്ലാറ്റിനും തയ്യാറായിരുന്നു. അച്ഛനമ്മമാർ അവളെ പറഞ്ഞുപിന്തിരിപ്പിക്കാൻ നോക്കി. താൻ ജീവിതം അവസാനിപ്പിക്കുമെന്ന് അവൾ ഭീഷണിപ്പെടുത്തി; അവർ ഒടുവിൽ അവളെ അവളുടെ വഴിക്കു വിട്ടു. അങ്ങനെ ഒരൊറ്റത്തുണി കൊണ്ട്‌ നഗ്നത മറച്ച്‌, മുടി അഴിച്ചിട്ട്‌ അവൾ മരോണാ വിട്ടു. അന്നു മുതൽ അവൾ അയാളെപ്പോലെ വേഷം ധരിച്ച്‌ അയാളോടൊപ്പം ജീവിക്കാൻ തുടങ്ങി. അവർക്കൊരു മകനുണ്ടായിരുന്നുവെന്നും പാസിക്ലിസ്‌ എന്നാണവന്റെ പേരെന്നും പറഞ്ഞുകേൾക്കുന്നുണ്ട്‌; പക്ഷേ അതിനു തെളിവൊന്നുമില്ല.

ഹിപ്പാർക്കിയ പാവങ്ങളോടു കരുണയുള്ളവളായിരുന്നു. രോഗികളെ അവൾ തന്റെ കൈകൊണ്ടു തലോടി ആശ്വസിപ്പിക്കും; അവരുടെ വ്രണങ്ങൾ ഒരറപ്പും കൂടാതെ അവൾ വൃത്തിയാക്കും. ആടുകൾക്കും നായ്ക്കൾക്കും സ്വജാതികളെങ്ങനെയോ അതുപോലെയായിരുന്നു അവൾക്ക്‌ മറ്റു മനുഷ്യർ. തണുപ്പു കൂടിയ രാത്രികളിൽ അവളും ക്രേറ്റസും പാവങ്ങളെ അടുക്കിപ്പിടിച്ചു കിടന്നുറങ്ങും. വാക്കുകളില്ലാത്ത ആ കാരുണ്യം അവർ പഠിച്ചത്‌ ജന്തുക്കളിൽ നിന്നാണ്‌. തങ്ങളെ സമീപിക്കുന്നവർ അവർക്കൊരുപോലെയായിരുന്നു. മനുഷ്യജീവിയെങ്കിൽ അതുമതി.
ക്രേറ്റസിന്റെ ഭാര്യയെക്കുറിച്ച്‌ നമുക്കുള്ള വിവരം ഇത്രമാത്രമാണ്‌. അവൾ മരിച്ചതെന്നാണെന്നോ എങ്ങനെയാണെന്നോ നമുക്കറിയില്ല. അവളുടെ സഹോദരനായ മെട്രോക്ലിസ്‌ ക്രേറ്റസിനെ ആരാധിക്കുകയും അയാൾ ചെയ്തതുപോലെയൊക്കെ ചെയ്യുകയും ചെയ്തു. പക്ഷേ അയാൾക്കു മനസ്സമാധാനമില്ലായിരുന്നു. നിയന്ത്രണമില്ലാത്ത അധോവായു അയാൾക്കൊരു പ്രശ്നമായിരുന്നു. മനസ്സു മടുത്ത്‌ അയാൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു. ഇതറിഞ്ഞ ക്രേറ്റസ്‌ കുറെ പയർമണിയെടുത്തു വായിലിട്ടു ചവച്ചുകൊണ്ട്‌ മെട്രോക്ലിസിനെ കാണാൻ ചെന്നു. തന്റെ രോഗം കൊണ്ടുള്ള നാണക്കേട്‌ തനിക്കിനി സഹിക്കാൻ പറ്റില്ലെന്ന് അയാൾ പറഞ്ഞപ്പോൾ ക്രേറ്റസ്‌ തന്റെ ശിഷ്യനു മുന്നിൽ നിന്നുകൊണ്ട്‌ അധോവായു വിടുകയും പ്രകൃതി എല്ലാവരെയും ഒരേ വ്യാധികൾക്കു വിധേയരാക്കുന്നുവെന്ന് അയാളെ ബോധവാനാക്കുകയും ചെയ്തു. മറ്റുള്ളവരെപ്രതി നാണക്കേടു തോന്നിയതിന്‌ അയാളെ ശാസിച്ചുകൊണ്ട്‌ ക്രേറ്റസ്‌ അയാളെ വിളിച്ചുകൊണ്ടുപോയി.

അവർ പിന്നെ വളരെക്കാലം ഹിപ്പാർക്കിയായുമൊരുമിച്ച്‌ ഏതൻസിലെ തെരുവുകളിൽ ജീവിച്ചു. അവർ അന്യോന്യം സംസാരിക്കുക ചുരുക്കമായിരുന്നു; അവർക്കു നാണിക്കാൻ യാതൊന്നുമുണ്ടായിരുന്നതുമില്ല. ഒരേ ചവറ്റുകൂനകളിൽ ഭക്ഷണം തിരയുമ്പോൾ നായ്ക്കൾക്കവരെ ബഹുമാനമായിരുന്നുവെന്നു തോന്നുന്നു. വിശപ്പിന്റെ കാഠിന്യത്തിൽ ഒരേ എല്ലിനു വേണ്ടി മനുഷ്യനും നായയും കടിപിടി കൂടിയേക്കാം; പക്ഷേ ക്രേറ്റസിന്റെ ജീവചരിത്രകാരന്മാർ അങ്ങനെയൊരു സംഭവം രേഖപ്പെടുത്തിക്കാണുന്നില്ല. ക്രേറ്റസ്‌ മരിക്കുമ്പോൾ പ്രായമേറെയായിരുന്നു. അവസാനകാലത്ത്‌ പിറേയൂസിൽ നാവികർ ചരക്കിറക്കിവയ്ക്കുന്ന ഒരു പണ്ടകശാലയുടെ ചായ്പ്പിൽ അയാൾ ഒരേ കിടപ്പായിരുന്നുവെന്ന് നമുക്കറിയാം; കടിച്ചുകാരാൻ എല്ലിനു വേണ്ടി അയാൾ പിന്നെ എങ്ങും പോയില്ല; കൈ ഒന്നു നീട്ടാൻ കൂടി അയാൾ വിസമ്മതിച്ചു. ഒടുവിൽ വിശന്നുമരിച്ച നിലയിൽ അയാളെ കണ്ടെത്തുകയായിരുന്നു.

 

crates of Thebes

Life of Crates

No comments: