Sunday, September 13, 2009

മാഴ്സൽ ഷ്വോബ്‌ –ഭാവനാജീവിതങ്ങൾ-1

                                                                                   

Marcel_Schwob

മാഴ്സൽ ഷ്വോബ്‌ (1867-1905)

മല്ലാർമെ,ഷീദ്‌,ലിയോൺ ബ്ലോയ്‌,ഷൂൾ റെനാർഡ്‌ ഇവരെപ്പോലെ സിംബലിസ്റ്റ്‌ കാലത്തിന്റെ ഒരു പ്രതിനിധിയാണ്‌ മാഴ്സൽ ഷ്വോബും.ആർ.എൽ.സ്റ്റീവെൻസന്റെ കൃതികൾ ആദ്യമായി ഫ്രഞ്ചിലേക്കു വിവർത്തനം ചെയ്യുന്നത്‌ അദ്ദേഹമാണ്‌; ശലോമി എന്ന നാടകം ഫ്രഞ്ചിലെഴുതാൻ ഓസ്ക്കാർ വൈൽഡിനെ സഹായിച്ചതും ഷ്വോബാണ്‌. ഇരട്ടഹൃദയം(1891),സ്വർണ്ണമുഖംമൂടിയണിഞ്ഞ രാജാവ്‌(1892),ഭാവനാജീവിതങ്ങൾ എന്നിവയാണ്‌ പ്രധാനകൃതികൾ.

ഭാവനാജീവിതങ്ങൾ ഇരുപത്തിരണ്ട്‌ സാങ്കൽപ്പികജീവചരിത്രങ്ങളുടെ ഒരു സമാഹാരമാണ്‌. അവരിൽ ചരിത്രപുരുഷന്മാരുണ്ട്‌,ആഭിചാരക്കാരുണ്ട്‌,കലാപകാരികളുണ്ട്‌,കലാകാരന്മാരുണ്ട്‌,തത്വചിന്തകന്മാരുണ്ട്‌,കുപ്രസിദ്ധരായ കുറ്റവാളികളുമുണ്ട്‌. മനുഷ്യജീവിതത്തിന്റെ വൈവിധ്യം പൂർണ്ണതോതിൽത്തന്നെ.ഇക്കാര്യത്തിൽ ജോർജ്ജ്‌ ലൂയി ബോർഹസിനും അൽഫോൺസോ റെയ്സിനും വഴികാട്ടിയായത്‌ ഷ്വോബ്‌ ആണെന്നു പറയണം.

uccello

1. പൗലോ ഉചെല്ലോ-ചിത്രകാരൻ

                                                                                               

അയാളുടെ ശരിക്കുള്ള പേര്‌ പൗലോ ഡി ഡോണോ എന്നായിരുന്നു; എന്നാൽ ഫ്ലോറൻസുകാർ അയാളെ വിളിച്ചുപോന്നത്‌ പൗലോ ഉചെല്ലോ അഥവാ പക്ഷിക്കാരൻ ഉചെല്ലോ എന്നാണ്‌; അയാളുടെ വീടു നിറയെ പക്ഷികളുടെയും മൃഗങ്ങളുടെയും ചിത്രങ്ങളായിരുന്നു എന്നതാണതിനു കാരണം. മൃഗങ്ങളെ പോറ്റാനോ തനിക്കു പരിചയമില്ലാത്തവയെ വാങ്ങിവളർത്താനോ തന്റെ ദാരിദ്ര്യം അയാളെ അനുവദിച്ചുമില്ല. പാദുവായിൽ വച്ച്‌ അയാൾ ചതുർഭൂതങ്ങളുടെ ഒരു ചുമർചിത്രം വരച്ചതിനെക്കുറിച്ച്‌ ഒരു കഥ പറഞ്ഞുകേൾക്കുന്നുണ്ട്‌: അതിൽ വായുവിനെ പ്രതിനിധാനം ചെയ്യാൻ അയാൾ ഒരോന്തിനെയാണ്‌ വരച്ചത്‌; പക്ഷേ ഓന്തിനെ കണ്ടിട്ടേയില്ലാത്ത ഉചെല്ലോ അതിനെ ചിത്രീകരിച്ചത്‌ ഉന്തിയ വയറും തുറന്ന വായയുമൊക്കെയായി ഒരൊട്ടകത്തെപ്പോലെയും.(അതേസമയം,വാസരി വിശദീകരിക്കുന്നതുപോലെ, ഓന്ത്‌ ശുഷ്കിച്ച പല്ലി പോലത്തെ ഒരു ജന്തുവും ഒട്ടകം പൂഞ്ഞയുള്ള ഒരു തടിയൻ മൃഗവുമാണല്ലോ.) ഉചെല്ലോയ്ക്കു പക്ഷേ വസ്തുക്കളുടെ യാഥാർത്ഥ്യം പ്രശ്നമായിരുന്നില്ല; അവയുടെ വൈവിധ്യവും അവയുൾക്കൊള്ളുന്ന അനന്തരേഖകളുമാണ്‌ അയാളെ ആകർഷിച്ചത്‌. അങ്ങനെ അയാളുടെ ചിത്രങ്ങളിൽ പാടങ്ങൾക്കു നീലനിറമായി,നഗരങ്ങൾക്കു ചുവപ്പുരാശിയായി,തീതുപ്പുന്ന കരിംകുതിരകൾക്കു മേൽ കറുത്ത പടച്ചട്ടയണിഞ്ഞ പടയാളികൾ സൂര്യരശ്മികൾ പോലെ ആകാശത്തെ തുളച്ചുകേറുന്ന കുന്തങ്ങളും പേറി പാഞ്ഞുപോയി. മസോച്ചിയോ വരയ്ക്കുന്നത്‌ അയാളുടെ മറ്റൊരു താൽപര്യമായിരുന്നു: തലയിൽ വച്ചാൽ തുണിയുടെ മടക്കുകൾ വീണ്‌ മുഖം മറയ്ക്കുന്ന ഒരു പ്രത്യേകതരം തലപ്പാവാണീ മസോച്ചിയോ.അയാൾ ചതുരത്തിലും കൂർത്തതും കൂമ്പിച്ചതുമൊക്കെയായി മസോച്ചിയോ വരച്ചു; സാധ്യമായ എല്ലാ പരിപ്രേക്ഷ്യങ്ങൾക്കുമനുസൃതമായി അയാൾ അവയെ ചിത്രീകരിച്ചു; മസോച്ചിയോയുടെ മടക്കുകളിൽ ബന്ധങ്ങളുടെ ഒരു ലോകം തന്നെ അയാൾ കണ്ടെത്തി. ശിൽപ്പിയായ ഡൊണാടെല്ലോ അയാളോടു പറയാറുണ്ടായിരുന്നു:"അല്ലാ പൗലോ, താൻ വസ്തുക്കളെ ഉപേക്ഷിച്ച അവയുടെ നിഴലിനു പിന്നാലെ പോവുകയാണല്ലോ."

uccello-Micheletto-da-Cotignola-Engages-in-Battle-1450s-small

പക്ഷേ ഉചെല്ലോ തന്റെ ജോലി ക്ഷമയോടെ ചെയ്തുപോന്നു; അയാൾ വൃത്തങ്ങൾ ഘടിപ്പിച്ചു, കോണുകൾ വിഭജിച്ചു, സർവ്വസൃഷ്ടികളേയും സാധ്യമായ നിലകളിലൊക്കെ പരിശോധിച്ചു. സ്നേഹിതനായ ജിയോവന്നി മനേറ്റി എന്ന ഗണിതജ്ഞനിൽ നിന്ന് അയാൾ യൂക്ലിഡിന്റെ ഗണിതസിദ്ധാന്തങ്ങൾ മനസ്സിലാക്കി; എന്നിട്ടയാൾ മുറിയിൽ അടച്ചിരുന്ന് പലകകളും തോൽച്ചുരുണകളും ബിന്ദുക്കളും വക്രരേഖകളും കൊണ്ടു നിറച്ചു. ഫിലിപ്പോ ബ്രൂണെലെച്ചിയുടെ സഹായത്തോടെ അയാൾ വാസ്തുവിവ്ദ്യയും പഠിച്ചു; അതു പക്ഷേ നിർമ്മാണം ഉദ്ദേശിച്ചൊന്നുമായിരുന്നില്ല. അസ്ഥിവാരത്തിൽ നിന്ന് സ്തൂപാഗ്രങ്ങളിലേക്കു രേഖകൾ നീളുന്നതെങ്ങനെ,നേർരേഖകൾ ഒരേ ബിന്ദുവിൽ സന്ധിക്കുന്നതെങ്ങനെ,കമാനങ്ങൾ ആണിക്കല്ലുകളിൽ നിന്നു തിരിയുന്നതെങ്ങനെ, നീണ്ട മുറികൾക്കറ്റത്ത്‌ കഴുക്കോലുകൾ വിശറി പോലെ ചുരുണ്ടുകൂടുന്നതെങ്ങനെ ഇതൊക്കെയേ അയാൾക്കറിയേണ്ടിയിരുന്നുള്ളു. സകല ജന്തുക്കളേയും അവയുടെ ചലനങ്ങളേയും മനുഷ്യരുടെ വിവിധ ചേഷ്ടകളേയും അയാൾ ചിത്രീകരിച്ചു; എന്നുപറഞ്ഞാൽ കേവലരേഖകളായി അയാൾ അവയെ ലഘൂകരിച്ചു.
uccello-Miracle-of-the-Desecrated-Host-(Scene-1)-1465-69-small

പിന്നെ, ലോഹങ്ങളുടെയും രാസദ്രവ്യങ്ങളുടെയും മിശ്രിതം ഉലയിലേക്കൊഴിച്ച്‌ അവ സ്വർണ്ണമായി ഉരുകിക്കൂടാൻ നോക്കിയിരിക്കുന്ന അൽകെമിസ്റ്റിനെപ്പോലെ അയാൾ ആ രൂപങ്ങളെല്ലാം കൂടി ഒരു മൂശയിലേക്കു പകർന്നു.എന്നിട്ടയാൾ അവയെ കൂട്ടുകയും കലർത്തുകയും ഉരുക്കുകയും ചെയ്തു; മറ്റു രൂപങ്ങൾക്കാധാരമായ ആ ഒരു കേവലരൂപത്തിലേക്ക്‌ അയാൾക്കവയെ രൂപാന്തരപ്പെടുത്തണം.അതിനു വേണ്ടിയാണ്‌ പൗലോ ഉചെല്ലോ തന്റെ കുടിലിനുള്ളിൽ അടച്ചിട്ടുകഴിഞ്ഞത്‌. സർവ്വരേഖകളേയും കൂടി ഒരൊറ്റ ആദർശരൂപത്തിൽ ലയിപ്പിക്കാനാവുമെന്ന് അയാൾ വിശ്വസിച്ചു. സൃഷ്ടലോകത്തെ ദൈവം കണ്ടപോലെ കാണാൻ അയാൾ കൊതിച്ചു. സർവ്വരൂപങ്ങളും ഒരൊറ്റ സങ്കീർണ്ണകേന്ദ്രത്തിൽ നിന്നുത്ഭവിക്കുന്നതായി കാണുന്ന കണ്ണാണല്ലോ ദൈവത്തിന്റേത്‌. ഘിബെർട്ടി, ഡെല്ലാ റോബിയാ,ബ്രൂണെല്ലെച്ചി,ഡൊണാടെല്ലോ ഇവരൊക്കെ അയാളുടെ അയൽക്കാരായിരുന്നു; തങ്ങളുടെ കലകളിൽ പ്രവീണന്മാരും അതിൽ അഭിമാനിക്കുന്നവരുമായിരുന്നു. അവർക്കു പാവം ഉചെല്ലോയെയും പരിപ്രേക്ഷ്യങ്ങൾക്കു മേലുള്ള അയാളുടെ ഭ്രാന്തിനേയും പുച്ഛമായിരുന്നു. മാറാല കെട്ടിയ ദരിദ്രം പിടിച്ച അയാളുടെ കുടിൽ അവർക്കു പറഞ്ഞുചിരിക്കാനുള്ള വിഷയമായിരുന്നു. പക്ഷേ അവരെക്കാൾ അഭിമാനിയായിരുന്നു ഉചെല്ലോ. രേഖകളുടെ ഓരോ പുതുചേരുവയിലും താനിതാ സൃഷ്ടിയുടെ രീതി കണ്ടെത്താറായി എന്നയാൾ മോഹം കൊണ്ടു. അനുകരണമായിരുന്നില്ല അയാളുടെ ലക്ഷ്യം; സകലവസ്തുക്കളേയും സൃഷ്ടിക്കാൻ വേണ്ട ശക്തി-അതാണയാൾ തേടിയത്‌. മഹാനായ ഡൊണാടെല്ലോയുടെ ഗംഭീരമായ മാർബിൾശിൽപ്പങ്ങളേക്കാൾ അയാൾക്കു പ്രചോദകമായത്‌ തന്റെ മസോച്ചിയോയുടെ വിചിത്രമായ ആലേഖനങ്ങളായിരുന്നു.
uccello-Head-of-Prophet-3-1443-small

അങ്ങനെയാണയാൾ ജീവിച്ചത്‌: ഒരു സന്യാസിയെപ്പോലെ, ഒരു ശിരോവസ്ത്രം കൊണ്ടു തല മൂടി ,എന്തു കഴിക്കുന്നു എന്തു കുടിക്കുന്നു എന്നു പോലും ശ്രദ്ധിക്കാതെ.

അങ്ങനെയിരിക്കെ ഒരു ദിവസം ഒരു പുൽപ്പരപ്പിൽ വച്ച്‌ പുല്ലിൽ പാതി മറഞ്ഞുകിടന്ന ഒരു കൂട്ടം പ്രാചീനശിലകൾക്കരികിലായി അയാൾ ഒരു പെൺകുട്ടിയെ കണ്ടുമുട്ടി; ഒരു പൂമാല തലയിലണിഞ്ഞുനിന്ന് ചിരിക്കുകയായിരുന്നു അവൾ.അരയിൽ ഒരു മഞ്ഞനാട കൊണ്ടു വാരിക്കെട്ടിയ ഒരു നേർത്ത ഉടുപ്പാണ്‌ അവൾ ധരിച്ചിരുന്നത്‌; അവളുടെ ചലനങ്ങളാകട്ടെ അവൾ തലോടിക്കൊണ്ടുനിൽക്കുന്ന ആ പുൽക്കൊടികളെപ്പോലെത്തന്നെ അത്ര വിലോലവുമായിരുന്നു. അവളുടെ പേര്‌ സെൽവാഗിയാ എന്നായിരുന്നു; അവൾ ഉചെല്ലൊയെ നോക്കി പുഞ്ചിരി തൂകി. അയാൾ അവളുടെ പുഞ്ചിരിയുടെ വക്രരേഖ ശ്രദ്ധിച്ചു; അവൾ തന്നെ കണ്ണുയർത്തി നോക്കിയപ്പോൾ കൺപീലികളുടെ നേർത്ത രേഖകളും കൺമണികളുടെ വൃത്തങ്ങളും കണ്ണിമകളുടെ വളവുകളും മുടിനാരുകളുടെ സൂക്ഷ്മമായ ഇഴയോട്ടവും അയാൾ കണ്ടു. അവൾ നെറ്റിയിലണിഞ്ഞിരുന്ന പൂമാല അയാൾ മറ്റനേകം രീതികളിൽ മനസ്സിൽ കണ്ടു. സെൽവാഗിയോ പക്ഷേ ഇതൊന്നും അറിഞ്ഞില്ല; അവൾക്കു പതിമൂന്നു വയസ്സേ ആയിട്ടുള്ളു. അവൾ അയാളുടെ കരം ഗ്രഹിച്ചു; അവൾക്കയാളെ ഇഷ്ടവുമായി. അവൾ ഫ്ലോറൻസുകാരൻ ഒരു ചായംമുക്കുകാരന്റെ മകളായിരുന്നു; അമ്മ മരിച്ചപ്പോൾ അച്ഛൻ രണ്ടാമതും കെട്ടി; രണ്ടാനമ്മയുടെ ഉപദ്രവം സഹിക്കാതെ വീട്ടിൽ നിന്നിറങ്ങിയതാണവൾ. ഉചെല്ലോ അവളെ തന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി.

ഉചെല്ലോ തന്റെ ആദർശരൂപങ്ങൾ വരച്ചുകൂട്ടിയ ചുമരിനു മുന്നിലിരുന്ന് സെൽവാഗിയാ പകലു മുഴുവൻ കഴിച്ചുകൂട്ടും. തന്നെ കണ്ണുകളുയർത്തി നോക്കുന്ന ലോലമുഖത്തെ വിട്ട്‌ ഋജുവും വക്രവുമായിട്ടുള്ള ആ രേഖകളെ നോക്കിയിരിക്കാൻ അയാൾ ഇഷ്ടപ്പെട്ടതെന്തു കൊണ്ടാണെന്ന് അവൾക്കു മനസ്സിലായതേയില്ല. രാത്രിയിൽ ബ്രൂണെലെച്ചിയോ മനേറ്റിയോ ഉചെല്ലൊയെ കാണാൻ വരും; അർദ്ധരാത്രിയിൽ അവർ വായനയിലും പഠനത്തിലും മുഴുകിയിരിക്കുമ്പോൾ പരസ്പരം ഖണ്ഡിക്കുന്ന രേഖകൾക്കു കീഴെ വിളക്കിന്റെ ചുവട്ടിലുള്ള നിഴൽവട്ടത്തിനുള്ളിൽക്കിടന്ന് അവൾ ഉറക്കം പിടിക്കും. രാവിലെ അവൾ ഉചെല്ലൊയെക്കാൾ നേരത്തേ ഉണരും. ചിത്രത്തിലെഴുതിയ പക്ഷികൾക്കും വിവിധവർണ്ണത്തിലുള്ള മൃഗങ്ങൾക്കുമിടയിൽ ഉറക്കമുണരുക അവൾക്കിഷ്ടമായിരുന്നു. ഉചെല്ലോ അവളുടെ ചുണ്ടുകളും കണ്ണുകളും മുടിയും കൈകളും ചിത്രത്തിലാക്കി; അവളുടെ ശരീരത്തിന്റെ സർവ്വഭാവങ്ങളും അയാൾ രേഖപ്പെടുത്തി. പക്ഷേ മറ്റു ചിത്രകാരന്മാർ ചെയ്യാറുള്ള പോലെ താൻ സ്നേഹിക്കുന്ന സ്ത്രീയുടെ ഛായാചിത്രം വരയ്ക്കാൻ അയാൾ തയാറായില്ല. ഒരു വ്യക്തിയിൽത്തന്നെ തങ്ങിനിൽക്കുന്നതിന്റെ ആനന്ദം അയാൾക്കജ്ഞാതമായിരുന്നല്ലോ.സ്ഥലരാശിക്കു മേൽ പാറിനിൽക്കാനായിരുന്നു അയാൾക്കു കൊതി. മൃഗങ്ങളുടെ ചലനങ്ങൾ, സസ്യങ്ങളുടെയും ശിലകളുടെയും രേഖകൾ, പ്രകാശരശ്മികൾ,മേഘങ്ങളുടെ മറിയലുകൾ, കടലിലെ തിരയിളക്കങ്ങൾ ഇവയ്ക്കൊപ്പം സെൽവാഗിയായുടെ രൂപങ്ങളും അയാൾ തന്റെ മൂശയിലേക്കിട്ടു. സെൽവാഗിയായെ മറന്നിട്ട്‌ താൻ രൂപത്തെ വാർത്തെടുക്കുന്ന മൂശയെത്തന്നെ ധ്യാനിച്ച്‌ അയാൾ ജീവിച്ചു.

അങ്ങനെപോകെ ഉചെല്ലൊയുടെ വീട്ടിൽ ആഹാരത്തിനുള്ളതൊക്കെ തീർന്നു. ഡൊണാടെല്ലോയോടോ മറ്റാരോടെങ്കിലുമോ ഇക്കാര്യം പറയാൻ സെൽവാഗിയാ ധൈര്യപ്പെട്ടുമില്ല. എല്ലാം ഉള്ളിലൊതുക്കി അവൾ മരിച്ചു. ഉചെല്ലോ അവളുടെ ദേഹത്തിന്റെ മരവിപ്പും മെലിഞ്ഞ കൈകളുടെ ചേർപ്പുകളും ആ പാവം കണ്ണുകളുടെ രേഖകളും വരച്ചെടുത്തു. അവൾ മരിച്ചുവെന്ന് അയാൾ അറിഞ്ഞില്ല; അവൾ ജീവിച്ചിരുന്നതും അയാൾ അറിഞ്ഞിരുന്നില്ലല്ലോ.

പക്ഷിക്കാരനു പ്രായമേറി; അയാളുടെ ചിത്രങ്ങൾ ആർക്കും കണ്ടാൽ മനസ്സിലാകാതെയായി. വക്രരേഖകളുടെ ഒരു കലാപമായിരുന്നു അവ. ഭൂമിയോ സസ്യമോ മൃഗമോ മനുഷ്യനോ ഒന്നും അവയിൽ നിന്നു കണ്ടെടുക്കാനാവുമായിരുന്നില്ല. കുറേ വർഷങ്ങളായി അയാൾ തന്റെ പ്രകൃഷ്ടകൃതിയുടെ പണിയിലായിരുന്നു. ആരെയും അയാൾ അതു കാണിച്ചിട്ടില്ല. തന്റെ ഇതേവരെയുള്ള ഗവേഷണങ്ങളുടെയൊക്കെ ഫലവും സാരവുമാണയാൾക്കത്‌. അതിന്റെ വിഷയമാകട്ടെ-സംശയാലുവായ തോമസ്‌ യേശുക്രിസ്തുവിന്റെ തിരുമുറിവ്‌ സ്പർശിക്കുന്നു-ആ ഗവേഷണങ്ങളുടെ പ്രതീകവുമായിരുന്നു. എമ്പതാമത്തെ വയസ്സിൽ ഉചെല്ലോ തന്റെ ചിത്രം പൂർത്തിയാക്കി. ഡൊണാട്ടെല്ലോയ്ക്ക്‌ ആളയച്ചുവരുത്തി അയാൾ തന്റെ ചിത്രം ഭവ്യതയോടെ അനാവരണം ചെയ്തു. ഡൊണാടെല്ലോ വിളിച്ചുപറഞ്ഞു:'ഉചെല്ലോ, താനാ ചിത്രം മൂടൂ!"പക്ഷിക്കാരൻ ആ മഹാനായ ശിൽപ്പിയോട്‌ എടുത്തെടുത്തു ചോദിച്ചു; പക്ഷേ അദ്ദേഹം മൗനം പാലിച്ചതേയുള്ളു.അങ്ങനെ താനാ ദിവ്യാത്ഭുതം നിറവേറ്റിയതായി ഉചെല്ലോ അറിഞ്ഞു. അതേസമയം ഡൊണാടെല്ലോ ആകട്ടെ, രേഖകളുടെ ഒരു വ്യാമിശ്രപിണ്ഡമല്ലാതെ മറ്റൊന്നും കണ്ടിരുന്നുമില്ല.

 

uccello-Clock-With-Heads-Of-Prophets-small

കുറേ കൊല്ലം കഴിഞ്ഞ്‌ പൗലോ ഉചെല്ലൊയെ കിടക്കയിൽ മരിച്ചുകിടക്കുന്നതായി കണ്ടു; പ്രായം കൊണ്ടും ക്ഷീണം കൊണ്ടും അവശനായിരുന്നു അയാൾ. അയാളുടെ മുഖം ചുളിവുകളുടെ ഒരു കൂടായിരുന്നു. നിഗൂഢമായ ഏതോ വെളിപാടിൽ തറഞ്ഞുനിൽക്കുകയായിരുന്നു കണ്ണുകൾ. മുറുകെപ്പിടിച്ച കൈക്കുള്ളിൽ വൃത്താകാരത്തിലുള്ള ഒരു തോൽച്ചുരുണ കണ്ടു: അതു നിറയെ കെട്ടുപിണഞ്ഞ രേഖകളായിരുന്നു; അവ ഒരു കേന്ദ്രബിന്ദുവിൽ നിന്നു പുറപ്പെട്ട്‌ പരിധിയിലേക്കു പോവുകയും തിരിച്ച്‌ പരിധിയിൽ നിന്ന് കേന്ദ്രബിന്ദുവിലേക്കു മടങ്ങുകയും ചെയ്തു.
*

uccello

marcel schwob

paulo uccello/complete works

No comments: