Sunday, September 20, 2009

ബോദ്‌ലെയെർ-ഇരട്ടമുറി

baude8

ദിവാസ്വപ്നം പോലെ ഒരു മുറി; ദേഹബന്ധമേയില്ലാത്തത്‌; നിഷ്പന്ദമായ അന്തരീക്ഷത്തിൽ നേർത്ത ഛായകളായി നീലയും പാടലവും.

ആസക്തിയുടെയും മനസ്താപത്തിന്റെയും പരിമളം പൂശി ആലസ്യത്തിൽ സ്നാനം ചെയ്യുകയാണ്‌ ആത്മാവതിൽ. നീലഛായയിൽ,പാടലഛായയിൽ സന്ധ്യയെ ഓർമ്മപ്പെടുത്തുമത്‌; ഗ്രഹണനേരത്തെ സുഖസ്വപ്നം.

അലസഭാവത്തിൽ പതിഞ്ഞു കിടക്കുന്ന ദീർഘരൂപങ്ങളാണ്‌ അകസാമാനങ്ങൾ. സ്വപ്നത്തിലാണവയെന്നു തോന്നാം; സസ്യജാലത്തെപ്പോലെ, ധാതുലോകത്തെപ്പോലെ അവയുടേത്‌ ഒരു സ്വപ്നജീവിതമാണെന്നു വരാം. മേശവിരികൾക്കും ജനാലപ്പടുതകൾക്കും ഒരു നിശ്ശബ്ദഭാഷ- പൂക്കളെപ്പോലെ,മാനത്തെപ്പോലെ,അസ്തമയസൂര്യനെപ്പോലെ.

ചുമരുകളിൽ കലാഭാസങ്ങളൊന്നുമില്ല. ശുദ്ധസ്വപ്നത്തെ അപേക്ഷിച്ച്‌, വിശകലനത്തിനു വിധേയമാവാത്ത പ്രതീതികളെ അപേക്ഷിച്ച്‌ അതിരു തിരിച്ച കല, സ്ഥാപിതകല ഒരു ദൈവനിന്ദയാണ്‌. ഇവിടെയോ, സർവ്വതിനുമുണ്ട്‌ മതിയായ തെളിച്ചം, ഹൃദ്യമായ ഗോപനം-സംഗീതത്തെപ്പോലെ.

ഈർപ്പത്തിന്റെ ലാഞ്ഛന കലർന്ന അതിവിശിഷ്ടമായ പരിമളത്തിന്റെ സൂക്ഷ്മമായ കണികകൾ വായുവിൽ ഒഴുകിനടക്കുന്നു; മയക്കത്തിലാണ്ട ആത്മാവിനെ തൊട്ടിലാട്ടുകയാണ്‌ ഉഷ്ണഗൃഹത്തിലെ ഇന്ദ്രിയസുഖങ്ങൾ.

ജനാലകൾക്കും കിടക്കയ്ക്കും മേൽ മസ്ലിനുകളുടെ സമൃദ്ധവർഷം; മഞ്ഞിന്റെ നിർഝരി പോലെ അതൊഴുകിപ്പരക്കുന്നു. കിടക്കയിലതാ മയക്കത്തിലാണ്ടുകിടക്കുകയാണ്‌ എന്റെ പൂജാവിഗ്രഹം-എന്റെ സ്വപ്നറാണി.അവളെങ്ങനെ ഇവിടെയെത്തി? ആരാണവളെ ഇവിടെക്കാനയിച്ചത്‌? ദിവാസ്വപ്നത്തിന്റെയും ഇന്ദ്രിയസുഖത്തിന്റെയും ഈ സിംഹാസനത്തിൽ അവളെ അവരോധിച്ചത്‌ ഏതു മന്ത്രശക്തി? അതു ഞാനെന്തിനറിയണം? എന്റെ കണ്മുന്നിൽ അതാ അവൾ! ഞാനവളെ കണ്ടറിയുകയും ചെയ്യുന്നു.

അതെ, ആ കണ്ണുകൾ അവളുടേതു തന്നെ-അവയിലെ തീനാളങ്ങൾ സാന്ധ്യപ്രകാശത്തെ കീറിപ്പായുന്നു; പേടിപ്പെടുത്തുന്ന ആ സൂക്ഷ്മദീപങ്ങളെ അവയിലെ കൊടുംപക കൊണ്ടുതന്നെ എനിക്കു തിരിച്ചറിയാം. അവയിലേക്കു നോക്കാൻ ചങ്കൂറ്റം കാട്ടുന്ന ദൃഷ്ടികളെ അവ കടന്നുപിടിക്കുന്നു, കീഴടക്കുന്നു, വെട്ടിവിഴുങ്ങുകയും ചെയ്യുന്നു. നമ്മുടെ ജിജ്ഞാസയും ആരാധനയും പിടിച്ചുവാങ്ങുന്ന ആ കറുത്ത നക്ഷത്രങ്ങളെ മനസ്സിലാക്കാൻ ശ്രമിച്ചു പരാജയപ്പെട്ടിട്ടുണ്ട്‌ ഞാൻ പലപ്പോഴും.

ഈവിധം നിഗൂഢതയും നിശ്ശബ്ദതയും പരിമളവും ശാന്തിയും കൊണ്ടെന്നെ വലയം ചെയ്തതിന്‌ ഏതു സാത്വികനായ രാക്ഷസണോടാണു ഞാൻ കടപ്പെട്ടിരിക്കുന്നത്‌? ഹാ, ഇതാണു പരമാനന്ദം! നാം ജീവിതമെന്നു പൊതുവെ വിളിക്കുന്ന ആ ഏർപ്പാടിന്‌, അതിനി സന്തോഷത്തിന്റെ ഏതു വിസ്തൃതി കൈവരിച്ചാലും ശരി, ഞാനീയനുഭവിക്കുന്ന അതീതജീവിതവുമായി ഒരു ചാർച്ചയുമില്ല. ഓരോ മിനുട്ടും ഓരോ സെക്കന്റും അതിന്റെ മാധുര്യം നുണയുകയാണു ഞാൻ.

എനിക്കു തെറ്റി! ഇനി മിനുട്ടുകളുടെയും സെക്കന്റുകളുടെയും കണക്കുകളൊന്നുമില്ല! കാലം അപ്രത്യക്ഷമായിരിക്കുന്നു; ഇപ്പോൾ വാഴുന്നതു നിത്യതയാണ്‌, സുഖാനുഭവങ്ങളുടെ നിത്യത!

ഈ സമയത്താരോ കതകിൽ തട്ടുന്നു; ആഞ്ഞുപതിക്കുന്ന ഭീഷണപ്രഹരം. നരകപീഡകളെക്കുറിച്ചുള്ള എന്റെ പേക്കിനാവുകളിലെപ്പോലെ അടിവയറ്റിൽ ആരോ മഴുവെടുത്തു വെട്ടുന്നു.
പിന്നെ ഒരു ഭൂതം കടന്നുവരുന്നു. നിയമത്തിന്റെ പേരും പറഞ്ഞ്‌ എന്നെ പീഡിപ്പിക്കാൻ വരുന്ന ഒരാമീനാണത്‌; പരാതികളുടെ കെട്ടുമഴിച്ച്‌ എന്റെ സന്താപങ്ങളുടെ കൂടെ അവളുടെ ക്ഷുദ്രതകളും കലർത്താൻ വന്ന കുപ്രസിദ്ധയായ തേവിടിശ്ശിയാണത്‌; അതുമല്ലെങ്കിൽ കൈയെഴുത്തുപ്രതിയുടെ അടുത്ത ഭാഗത്തിനായി ഏതെങ്കിലും പത്രാധിപർ പറഞ്ഞുവിട്ട പയ്യൻ.

സ്വർഗ്ഗീയമായ മുറി,പൂജാവിഗ്രഹം,സ്വപ്നറാണി,മഹാനായ റെനെയുടെ വാക്കുകളിൽ പറഞ്ഞാൽ സുന്ദരയക്ഷി-ആ ഇന്ദ്രജാലമൊക്കെയും ഭൂതത്തിന്റെ ക്രൂരമായ ഒരു കതകിൽ മുട്ടലോടെ അപ്രത്യക്ഷമായിരിക്കുന്നു.
ഭീകരമായ മറ്റൊന്നു കൂടി സംഭവിക്കുന്നു-എനിക്കെന്നെ ഓർമ്മ വരുന്നു! ഈ നായക്കൂട്‌, നിത്യമായ മടുപ്പിന്റെ ഈ പാർപ്പിടം എന്റെ മുറി തന്നെയാണ്‌. പൊടി പിടിച്ചതും ഒടിഞ്ഞുവീഴാൻ പോകുന്നതുമായ ആ കസേരയും മേശയും കണ്ടോ? തീയും കനലും കെട്ട, തുപ്പി വൃത്തികേടാക്കിയ അടുപ്പ്‌; പൊടിയിൽ മഴ വിരലോടിച്ച നിരുന്മേഷമായ ജനാലകൾ; വെട്ടും തിരുത്തുമായി മുഴുമിക്കാതെ കിടക്കുന്ന കൈയെഴുത്തുപ്രതികൾ; അശുഭദിനങ്ങൾ പെൻസിലു കൊണ്ടടയാളപ്പെടുത്തിയ കലണ്ടർ!

തീവ്രഭാവനയിൽ എന്നെ ഉന്മത്തനാക്കിയ ആ അലോകപരിമളം,അതെവിടെപ്പോയി? അതിന്റെ സ്ഥാനത്തിപ്പോൾ മനംപുരട്ടുന്ന പൂത്ത നാറ്റവും പുകയിലയുടെ കെട്ട മണവുമാണ്‌. ജീർണ്ണതയുടെ വളിച്ച നാറ്റം.
അത്രയ്ക്കിടുങ്ങിയതും അത്രയ്ക്കറയ്ക്കുന്നതുമായ ഈ ലോകത്ത്‌ പരിചിതമായ ഒരു വസ്തു മാത്രം സ്നേഹഭാവത്തിൽ എന്നെ നോക്കി പുഞ്ചിരി തൂകുന്നു: കറുപ്പിന്റെ ചെപ്പ്‌; ത്രസിപ്പിക്കുന്ന ചിരകാലപ്രണയം; എല്ലാ പ്രണയഭാജനങ്ങളെയും പോലെ പക്ഷേ, ലാളനകളാലും വഞ്ചനകളാലും സമൃദ്ധം!

അതെയതെ! കാലം തിരിച്ചുവന്നിരിക്കുന്നു; കാലമാണിനി അധികാരി; അറയ്ക്കുന്ന ആ കിഴവനോടൊപ്പം അയാളുടെ ഭൂതഗണങ്ങളുമുണ്ട്‌- ഓർമ്മകൾ,കുറ്റബോധങ്ങൾ,കോച്ചിപ്പിടുത്തങ്ങൾ,ഭീതികൾ,ഉത്കണ്ഠകൾ,പേടിസ്വപ്നങ്ങൾ,രോഷങ്ങൾ,ഞരമ്പുരോഗങ്ങൾ.

ഇനിമുതൽ സെക്കന്റുകളുടെ ഊന്നൽ മറ്റൊരുവിധമായിരിക്കുമെന്നു ഞാൻ പറയുന്നു; ഘടികാരത്തിൽ നിന്നു പുറത്തുചാടുന്ന ഓരോ സെക്കന്റും വിളിച്ചുപറയുകയാണ്‌: "ഞാനാണു ജീവിതം, താങ്ങറ്റതും മെരുങ്ങാത്തതുമായ ജീവിതം!"

നല്ല വാർത്തയും കൊണ്ടെത്തുന്ന ഒരൊറ്റ സെക്കന്റേ മനുഷ്യജീവിതത്തിലുള്ളു; ആ നല്ല വാർത്തയാകട്ടെ ഓരോ മനുഷ്യനിലും അവാച്യമായ ഭീതി നിറയ്ക്കുന്നതും!

അതെ! കാലം ഭരിക്കുന്നു; അതു തന്റെ നിഷ്ഠുരമായ സ്വേച്ഛാഭരണം വീണ്ടും സ്ഥാപിച്ചുകഴിഞ്ഞു. മുനവച്ച തോട്ടി കൊണ്ട്‌ അവനെന്നെ കുത്തിയിളക്കിവിടുകയാണ്‌:"നടക്കെടാ കഴുതേ! പോയി പണിയെടുക്കെടാ അടിമേ! തുലഞ്ഞവനേ, നിന്റെ ജീവിതം നീളട്ടെ!"

No comments: