എത്ര തീക്ഷ്ണമാണീ ശരൽക്കാലസന്ധ്യകൾ! നീറ്റുന്നതാണാ തീവ്രത! ചില മധുരവികാരങ്ങളുണ്ട്, അവ്യക്തമായാൽക്കൂടി തീക്ഷ്ണമായവ; അനന്തതയേക്കാൾ മൂർച്ചയേറിയ കത്തിമുന വേറെയില്ല!
ആകാശത്തിന്റെയും കടലിന്റെയും വൈപുല്യത്തിൽ സ്വന്തം നോട്ടം നഷ്ടമാക്കുക ഒരാനന്ദം തന്നെയാണ്! ഏകാന്തത,നിശ്ശബ്ദത,നീലിമയുടെ സാമ്യമകന്ന നൈർമല്യം! ചക്രവാളരേഖയിൽ വിറകൊള്ളുന്ന ഒരു കൊച്ചുകപ്പൽപ്പായ(അതിന്റെ നിസ്സാരതയും ഒറ്റപ്പെടലും എന്റെതന്നെ അസാധ്യജീവിതത്തിന്റെ പ്രതിഫലനമല്ലേ), തിരയിളക്കത്തിന്റെ ഏകതാനമായ പല്ലവി ഇതൊക്കെ എന്നിലൂടെ ചിന്തിക്കുന്നു അഥവാ ഞാൻ അവയിലൂടെ ചിന്തിക്കുന്നു(ദിവാസ്വപനത്തിന്റെ വൈപുല്യത്തിൽ നിങ്ങളിലെ ഞാൻ നഷ്ടപ്പെടുന്നത് എത്ര വേഗമാണെന്നോ!); അവ ചിന്തിക്കുന്നു എന്നു ഞാൻ പറഞ്ഞാൽ സംഗീതാത്മകമാണ്,ദൃശ്യാത്മകമാണതെന്നാണർത്ഥം-വക്രോക്തികളില്ലാതെ,തർക്കവാദങ്ങളില്ലാതെ,നിഗമനങ്ങളില്ലാതെ.
അതേസമയം എന്നിൽ നിന്നു പുറപ്പെടുന്നവയോ അന്യവസ്തുക്കൾ എയ്തുവിടുന്നതോ ആയ ഈ ചിന്തകൾക്ക് എത്രവേഗമാണു മുനവയ്ക്കുന്നത്! ഇന്ദ്രിയസുഖങ്ങളിൽ നിന്നുറവെടുക്കുന്ന ഊർജ്ജം സ്വസ്ഥത കെടുത്തുന്നതാണ്, വേദനിപ്പിക്കുന്നതാണ്. വലിഞ്ഞുമുറുകിയ എന്റെ ഞരമ്പുകളിൽ നിന്നിനി അപശബ്ദങ്ങളും ആക്രന്ദനങ്ങളുമേ പുറപ്പെടൂ.
ഇപ്പോഴിതാ ആകാശത്തിന്റെ അഗാധത എന്നെ സംഭീതനാക്കുന്നു, അതിന്റെ നൈർമല്യം എന്നെ ഈറപിടിപ്പിക്കുന്നു. കടലിന്റെ നിർവ്വികാരതയും രംഗത്തിന്റെ മാറ്റമില്ലായ്മയും എന്നെ പ്രകോപിപ്പിക്കുന്നു. ഹാ, നിത്യദുരിതമാണോ എന്റെ വിധി? അതോ സൗന്ദര്യത്തിന്റെ സന്നിധാനത്തിൽ നിന്ന് എന്നെന്നേക്കുമായി പലായനം ചെയ്യുകയാണോ ഞാൻ വേണ്ടത്? പ്രകൃതീ, കരുണയറ്റ മോഹിനീ, എന്നും ജയിക്കുന്ന പ്രതിയോഗീ, എന്നെ വെറുതെവിടൂ! എന്റെ തൃഷ്ണകളേയും ആത്മാഭിമാനത്തെയും ഇനി പരീക്ഷിക്കരുതേ! സൗന്ദര്യത്തെ ധ്യാനിക്കുക എന്നാൽ തോറ്റുവീഴുന്നതിനു മുമ്പ് കലാകാരൻ ഭീതിയോടെ നിലവിളിക്കുന്ന ഒരു ദ്വന്ദ്വയുദ്ധമാണത്.
No comments:
Post a Comment