Wednesday, September 9, 2009

ബോദ്‌ലെയെർ-വീനസും കോമാളിയും

venustatue

എത്ര മനോഹരമായ ദിവസം! സുര്യന്റെ കത്തുന്ന കണ്ണിന്റെ ചോടെ ഉദ്യാനത്തിന്റെ വൈപുല്യം മൂർച്ഛിക്കുന്നു, പ്രേമത്തിന്റെ കോയ്മയിൽപ്പെട്ട യൗവനം പോലെ.

ഈ ഉന്മാദത്തിനു നാവുകളില്ല; ചോലകൾ പോലും നിദ്രയിലാണ്ടപോലെ. മനുഷ്യരുടെ മേളകൾ പോലെയല്ല, ആരവമില്ലാത്തതാണീ ഉത്സവം.

പെരുകുന്ന വെളിച്ചത്തിൽ ഓരോന്നും ദീപ്തിമത്താകുന്നു;ഉന്മത്തരായ പൂക്കൾ ആകാശനീലിമയെ തങ്ങളുടെ നിറഭേദങ്ങൾ കൊണ്ടു വെല്ലാൻ വെമ്പുകയാണ്‌; ഉഷ്ണം പരിമളങ്ങൾക്കു രൂപമേകി ധൂമം പോലെ അവയെ താരങ്ങളിലേക്കുയർത്തുന്നു.

പ്രപഞ്ചത്തിന്റെ ഈ ആഘോഷവേളയിലും അതാ, ഒരു പീഡിതജന്മത്തെ ഞാൻ കാണുന്നു.

വീനസ്ദേവിയുടെ ഭീമാകാരമായ ഒരു പ്രതിമയ്ക്കു ചുവട്ടിൽ ഒരു കോമാളി; രാജാക്കന്മാരെ മടുപ്പോ കുറ്റബോധമോ ബാധിക്കുമ്പോൾ അവരെ ആനന്ദിപ്പിക്കേണ്ട നിയോഗം ഏറ്റെടുത്ത ഒരു വിദൂഷകൻ; പലതരം കടുംനിറങ്ങൾ തുന്നിച്ചേർത്ത്‌, കൂർമ്പൻതൊപ്പിയും മണികളുമൊക്കെയായി ഒരു വിഡ്ഢിവേഷം; പ്രതിമയുടെ പീഠത്തിൽ ചുരുണ്ടുകൂടിക്കിടന്ന് അമരയായ ആ ദേവിയെ നിറഞ്ഞ കണ്ണുകളുയർത്തി നോക്കുകയാണയാൾ.

അയാളുടെ കണ്ണുകൾ പറഞ്ഞതിതാണ്‌: "മനുഷ്യജീവികളിൽ വച്ചേറ്റവും അധമനും ഏകനുമാണു ഞാൻ; എനിക്കുള്ളതല്ല സ്നേഹവും സൗഹൃദവും; അതിനാൽ ഏറ്റവും താഴ്‌ന്ന മൃഗത്തിലും താഴ്‌ന്നവൻ. ഈയെന്നെക്കൂടി എന്നാൽ അനശ്വരമായ സൗന്ദര്യത്തെ അറിയാനും അനുഭവിക്കാനുമാണല്ലോ സൃഷ്ടിച്ചത്‌. ഹാ,ദേവീ! ഈയുള്ളവന്റെ സങ്കടവും ഉന്മാദവും കരുണയോടെ കാണേണമേ!"

പ്രസാദിപ്പിക്കാനാവാത്ത ആ ദേവി തന്റെ മാർബിൾക്കണ്ണുകൾ കൊണ്ട്‌ വിദൂരതയിൽ എന്തു നോക്കുകയായിരുന്നുവെന്ന് എനിക്കറിയില്ല.

No comments: