Monday, September 7, 2009

ബോദ്‌ലെയെർ-ആൾക്കൂട്ടങ്ങൾ

baudelaire200hy0ms4

ഒരാൾക്കൂട്ടത്തിൽ സ്നാനം ചെയ്യുക എന്നത്‌ എല്ലാവർക്കും പറഞ്ഞിട്ടുള്ള സംഗതിയല്ല; ആൾക്കൂട്ടത്തിൽ രമിക്കുന്നത്‌ ഒരു കലയാണ്‌; മനുഷ്യവർഗ്ഗത്തിന്റെ ചെലവിൽ ഒരു മദിരോത്സവത്തിലാറാടണമെങ്കിൽ തൊട്ടിലിൽ കിടക്കുമ്പോഴേ അതിനനുഗ്രഹം കിട്ടിയ ആളായിരിക്കണം നിങ്ങൾ; വേഷപ്പകർച്ചകളോടും മറച്ച മുഖങ്ങളോടും ആഭിമുഖ്യം,വീടിനോടു വെറുപ്പ്‌,അലഞ്ഞ യാത്രകൾ ചെയ്യാൻ ആവേശം ഇതൊക്കെ നിങ്ങൾക്കു വരം കിട്ടിയിരിക്കണം.

പുരുഷാരം,എകാന്തത-ഉത്സാഹിയും ഉറവ വറ്റാത്തവനുമായ ഒരു കവിയ്ക്ക്‌ സമാനപദങ്ങളാണു രണ്ടും,വെച്ചുമാറാവുന്നവയാണവ. തന്റെ ഏകാന്തതയെ ആളുകളെക്കൊണ്ടു നിറയ്ക്കാനറിയാത്തൊരാൾക്ക്‌ തിക്കിത്തിരക്കുന്ന ജനക്കൂട്ടത്തിനിടയിൽ ഏകനാവാനും അറിയില്ല.

മറ്റാർക്കുമില്ലാത്ത ഒരവകാശം കവിയ്ക്കു വകവച്ചുകൊടുത്തിട്ടുണ്ട്‌-അയാൾക്കു തന്നിഷ്ടം പോലെ താനോ മറ്റൊരുവനോ ആയി മാറാം. കൂടുവിട്ടു കൂടുമാറുന്ന ആത്മാക്കളെപ്പോലെ അയാൾക്കു മറ്റുള്ളവരിൽ ചെന്നുകേറാം.അയാളെ സംബന്ധിച്ചു പറഞ്ഞാൽ എവിടെയും ഒഴിഞ്ഞു കിടക്കുകയാണ്‌; ചിലയിടങ്ങൾ അടഞ്ഞുകിടക്കുകയാണെന്നു തോന്നിയാൽത്തന്നെ അയാളുടെ നിലയ്ക്കു പോരാത്തതാണവയെന്നേ അർത്ഥമാക്കാനുള്ളു.

ഏകാകിയും ചിന്താധീനനുമായ യാത്രികന്‌ മറ്റെവിടെയും കിട്ടാത്ത ലഹരിയാണ്‌ ഈ വേഴ്ചയിൽ നിന്നു കിട്ടുന്നത്‌.ആൾക്കൂട്ടത്തിനിടയിൽ സ്വയം നഷ്ടപ്പെടാൻ മടിക്കാത്ത ഒരാൾ ത്രസിപ്പിക്കുന്ന ആനന്ദങ്ങൾ അറിയുന്നു; ഉരുക്കുപെട്ടിയിൽ സ്വയം പൂട്ടിയിട്ട സ്വാർത്ഥിക്കും ഒച്ചിനെപ്പോലെ ഓട്ടിയിലേക്കു വലിഞ്ഞ അലസനും നിഷേധിക്കപ്പെട്ടവയാണവ. തനിക്കു വീണുകിട്ടുന്ന ഏതൊരു വൃത്തിയും സന്തോഷവും ദുരിതവും അയാൾ തന്റേതായി ഏറ്റെടുക്കുന്നു.

ഓർക്കാതെ വന്നുകയറുന്ന ഒരാൾക്ക്‌, ആരെന്നറിയാത്ത വഴിപോക്കന്‌ തന്റെ സർവ്വസ്വവും-തന്റെ കവിതയും ഔദാര്യവും-സമർപ്പിക്കുന്ന ആത്മാവിന്റെ ആ വിശുദ്ധവ്യഭിചാരവുമായി,വാക്കുകളിലൊതുങ്ങാത്ത ആ ആനന്ദക്കൂത്തുമായി ഒത്തുനോക്കുമ്പോഴേ മനുഷ്യർ സ്നേഹം എന്നു വിളിക്കുന്ന ഏർപ്പാട്‌ എത്ര തുച്ഛവും പരിമിതവും ദുർബലവുമാണെന്നു നാമറിയുന്നുള്ളു.

ഇടയ്ക്കൊക്കെ ഈ ലോകത്തിലെ സന്തുഷ്ടരായ മനുഷ്യരെ അവരുടെ സന്തോഷങ്ങളേക്കാൾ ഉത്കൃഷ്ടവും വിപുലവും പരിഷ്കൃതവുമായ സന്തോഷങ്ങൾ വേറെയുണ്ടെന്നു പഠിപ്പിക്കുക നല്ലതാണ്‌,മറ്റൊന്നിനുമല്ലെങ്കിൽ അവരുടെ മൂഢമായ അഭിമാനത്തെ ഒന്നടിച്ചിരുത്താനെങ്കിലും. കോളനികൾ സ്ഥാപിച്ചവർ,മനുഷ്യപ്പറ്റങ്ങളെ മേച്ചുനടന്നവർ,ഭൂമിയുടെ അതിരുകളിലേക്കു ഭ്രഷ്ടരായ പ്രേഷിതർ ഇവരൊക്കെ ആ നിഗൂഢമായ ലഹരി അറിഞ്ഞവരായിരുന്നു. തങ്ങളുടെ സിദ്ധി കൊണ്ടു പടുത്ത വംശപ്പെരുമയ്ക്കു നടുവിൽ നിൽക്കുമ്പോൾ അത്ര പീഡിതമായ തങ്ങളുടെ ഭാഗധേയത്തെക്കുറിച്ചും അത്ര ശുദ്ധമായ തങ്ങളുടെ ജീവിതത്തെക്കുറിച്ചും സഹതപിക്കുന്നവരെയോർത്ത്‌ അവർക്കു ചിരി വരുന്നുണ്ടാവണം.

No comments: