Wednesday, September 2, 2009

ബോദ്‌ലെയെർ-ജനാലകൾ

തുറന്ന ജനാലയിലൂടെ അകത്തേയ്ക്കു നോക്കുന്ന ഒരാൾ ഒരിക്കലും അടഞ്ഞുകിടക്കുന്ന ജനാലയിലേക്കു നോക്കുന്ന മറ്റൊരാൾ കാണുന്നത്രയും കാണുന്നില്ല.ഒരൊറ്റ മെഴുകുതിരി തിളക്കുന്ന ഒരു ജനാലയെക്കാൾ അഗാധവും നിഗൂഢവും അർത്ഥഗർഭവും തന്നിലേക്കു വലിഞ്ഞതുംദീപ്തവുമായ മറ്റൊന്നുണ്ടോ? പകൽവെളിച്ചത്തിൽ കാണുന്നതിനേക്കാൾ എത്രയോ താൽപ്പര്യമുണർത്തുന്നതാണ്‌ ഒരു ജനാലച്ചില്ലിനു പിന്നിൽ നടക്കുന്നത്‌.ഇരുണ്ടതോ തിളങ്ങുന്നതോ ആയ ആ പഴുതിനുള്ളിൽ ജീവിതം ജീവിക്കുന്നു, ജീവിതം സ്വപ്നം കാണുന്നു, ജീവിതം ദുരിതമനുഭവിക്കുന്നു.

മേൽക്കൂരകളുടെ ഈ കടലിനുമപ്പുറത്ത്‌ മുഖത്തു ചുളിവു വീണ ഒരു പാവം വൃദ്ധയെ ഞാൻ കാണുന്നു-അവരെപ്പോഴും എന്തിനോ മേൽ കുനിഞ്ഞുനിൽക്കുകയാണ്‌; അവർ ഒരിക്കലെങ്കിലും പുറത്തുപോകുന്നതായി ഞാൻ കണ്ടിട്ടില്ല. അവരുടെയാ മുഖത്തു നിന്ന്, അവരുടെ ഉടുവസ്ത്രത്തിൽ നിന്ന്, അവരുടെ ചേഷ്ടകളിൽ നിന്ന് ,ഇതൊന്നുമില്ലാതെതന്നെ ഞാൻ അവരുടെ ജീവിതകഥ,അതുമല്ലെങ്കിൽ അവരുടെ ഇതിഹാസം മെനഞ്ഞെടുത്തു; സ്വയമതു ചൊല്ലുമ്പോൾ പലപ്പോഴും ഞാൻ കരഞ്ഞുപോയിട്ടുണ്ട്‌. ഇനിയൊരു കിഴവന്റെ കാര്യത്തിലായാൽപ്പോലും അത്രയനായാസമായി എനിക്കയാളുടെ ജീവിതം പുനഃസൃഷ്ടിക്കാവുന്നതേയുള്ളു.

എന്നിട്ട്‌, ഞാനല്ലാതെ മറ്റൊരാൾക്കുവേണ്ടി വേദന തിന്നതിന്റെ പേരിലുള്ള ഒരുവക അഭിമാനവുമായി ഞാൻ ഉറങ്ങാൻ ചെന്നു കിടക്കുകയും ചെയ്യുന്നു.

'നിങ്ങൾ മെനഞ്ഞെടുത്ത ആ കഥ തന്നെയാണ്‌ യഥാർത്ഥമെന്ന് നിങ്ങൾക്കത്ര തീർച്ചയാണോ?' നിങ്ങൾ ചോദിച്ചേക്കാം.

എന്നെ ജീവിപ്പിച്ചുനിർത്താനും ജീവനുള്ള ഒരു ജന്തുവാണു ഞാനെന്നെ ഓർമ്മപ്പെടുത്താനും എന്റെ സ്വത്വം ഇന്നതാണെന്ന് എന്ന് ബോധവാനാക്കാനും അതുതകുമെങ്കിൽപ്പിന്നെ എനിക്കുപുറത്തുള്ള യാഥാർത്ഥ്യത്തിന്റെ കൃത്യതയെക്കുറിച്ചോർത്ത്‌ ഞാനെന്തിനു വേവലാതിപ്പെടണം?