Thursday, September 10, 2009

ബോദ്‌ലെയെർ-ചിത്രകാരന്റെ മോഹം

baude
തൃഷ്ണ കടിച്ചുകീറുന്ന മനുഷ്യൻ നിർഭാഗ്യവാനായേക്കാം; പക്ഷേ കലാകാരൻ സന്തുഷ്ടനത്രേ.

ഒരു സ്ത്രീയെ വരയ്ക്കാനുള്ള മോഹം കൊണ്ടെരിയുകയാണു ഞാൻ: ഇടയ്ക്കെന്നോ എന്റെ കണ്മുന്നിൽ പ്രത്യക്ഷയായി അതേപോലെ മറഞ്ഞവൾ; യാത്രികൻ ഖേദത്തോടെ നോക്കിനിൽക്കെ രാത്രി വന്നപഹരിക്കുന്ന സുന്ദരവസ്തു. അവൾ പോയിമറഞ്ഞിട്ടെത്ര കാലമായിരിക്കുന്നു.

സുന്ദരിയാണവൾ; എന്നല്ല, ഒരു വിസ്മയവുമാണവൾ. കറുപ്പാണവളിൽ സമൃദ്ധം; അവൾ പ്രസരിപ്പിക്കുന്നതോ ഇരുളും ആഴവും. നിഗൂഢത മുനിഞ്ഞുകത്തുന്ന ഗഹ്വരങ്ങളാണവളുടെ കണ്ണുകൾ; അവൾ നോക്കുമ്പോൾ മിന്നൽ പായുന്നു; ഇരുട്ടത്തൊരു സ്ഫോടനമാണത്‌.

പ്രകാശവും പ്രസാദവും പ്രസരിപ്പിക്കുന്ന ഒരു കറുത്ത സൂര്യനെ സങ്കൽപ്പിക്കാനാവുമോ? എങ്കിൽ ഞാൻ അവളെ അതിനോടുപമിക്കും. അല്ലല്ല, ചന്ദ്രനോടാണ്‌ അവൾക്ക്‌ അതിലുമടുപ്പം; ചന്ദ്രൻ അവളിൽ കുടിപാർക്കുകയും ചെയ്യുന്നു. അതുപക്ഷേ ഇടയഗാനങ്ങളിലെ വികാരങ്ങളുറഞ്ഞ വധുവിനെപ്പോലുള്ള വിളർത്ത ചന്ദ്രനല്ല; കൊടുങ്കാറ്റു വീശുന്ന രാത്രിയിൽ, പായുന്ന മേഘങ്ങൾക്കിടയിൽ തങ്ങിനിൽക്കുന്ന അശുഭചന്ദ്രനാണ്‌, ലഹരി പിടിപ്പിക്കുന്ന ആ ചന്ദ്രനാണ്‌; പാപബോധമില്ലാത്തവരുടെ സ്വപ്നങ്ങളിലെത്തുന്ന ശാന്തനും വിവേകിയുമായ ചന്ദ്രനല്ല, തെസ്സാലിയിലെ മന്ത്രവാദികളോടു കലഹിച്ചുതോറ്റപ്പോൾ അവർ പറിച്ചെടുത്തു മണ്ണിലേക്കെറിഞ്ഞ ചന്ദ്രൻ; വിറകൊണ്ട പുൽപ്പരപ്പിൽ നൃത്തം വയ്ക്കാൻ അവർ കൽപ്പിച്ച ചന്ദ്രൻ!

അവളുടെ നെറ്റിത്തടത്തിലുണ്ട്‌ ഇച്ഛാശക്തിയുടെ കിനാവള്ളികളും വേട്ടയ്ക്കിറങ്ങുന്ന മൃഗവും. ശാന്തി കെടുത്തുന്ന ആ മുഖത്തിനടിയിൽ, അജ്ഞാതമായതും അസാധ്യമായതും വലിച്ചെടുക്കുന്ന നാസകൾക്കു താഴെയായി വെളുത്തതും ചുവന്നതും സ്വാദിഷ്ടവുമായ ഒരു വദനത്തിൽ നിന്ന് അനിർവ്വചനീയമായ ഒരു മുഗ്ധഹാസം പൊട്ടിപ്പുറപ്പെടുന്നു; അഗ്നിപർവ്വതങ്ങളുടെ നാട്ടിൽ പൊട്ടിവിടരുന്ന അത്ഭുതപുഷ്പത്തെയാണ്‌ നിങ്ങൾ അപ്പോളോർക്കുക.

കീഴടക്കി ആനന്ദിക്കാൻ നമ്മെ പ്രചോദിപ്പിക്കുന്ന സ്ത്രീകളുണ്ട്‌; ഇവളാകട്ടെ, തന്റെ ദൃഷ്ടിപാതത്തിൻ കീഴിൽ സ്വച്ഛന്ദമൃത്യു വരിക്കാൻ നമ്മെ ക്ഷണിക്കുന്നു.

2 comments:

പാവപ്പെട്ടവന്‍ said...

സുന്ദരിയാണവൾ; എന്നല്ല, ഒരു വിസ്മയവുമാണവൾ. കറുപ്പാണവളിൽ സമൃദ്ധം; അവൾ പ്രസരിപ്പിക്കുന്നതോ ഇരുളും ആഴവും. നിഗൂഢത മുനിഞ്ഞുകത്തുന്ന ഗഹ്വരങ്ങളാണവളുടെ കണ്ണുകൾ; അവൾ നോക്കുമ്പോൾ മിന്നൽ പായുന്നു; ഇരുട്ടത്തൊരു സ്ഫോടനമാണത്‌.

എത്ര നിശബ്ദമായാണ്‌ ഈ വരികള്‍ നെമ്മേ സ്പര്‍ശിക്കുന്നത് തണുപ്പിലേക്കു ഇറങ്ങുന്നത് പോലെ ആദ്യം അറിയില്ല കുറച്ചു കഴിഞ്ഞു അവനമ്മളെ കീഴ്പെടുത്തും ആശംസകള്‍

ubaid said...

Unhappy perhaps is man, but happy the artist torn by desire മനുഷ്യൻ നിർഭാഗ്യവാനായേക്കാം; പക്ഷേ തൃഷ്ണ കടിച്ചുകീറുന്ന കലാകാരൻ സന്തുഷ്ടനത്രേ