Wednesday, September 23, 2009

ബോദ്‌ലെയെർ-പദ്ധതികൾ

 

baude14

ഉദ്യാനത്തിൽ തനിയെ ഉലാത്തുമ്പോൾ അയാൾ തന്നോടു തന്നെ പറയുകയായിരുന്നു:"സായാഹ്നത്തിന്റെ ആർദ്രത തങ്ങിനിൽക്കുന്ന വേളയിൽ, വിശാലമായ പുൽത്തകിടികളും കളിപ്പൊയ്കകളും മുന്നിലായിട്ടുള്ള ഒരു കൊട്ടാരത്തിന്റെ വെണ്ണക്കൽപ്പടവുകളിറങ്ങി, പകിട്ടേറിയ രാജകീയവേഷത്തിൽ അവൾ വരുന്നതു കാണാൻ എന്തു ഭംഗിയായിരിക്കും! അല്ലെങ്കിൽത്തന്നെ ഒരു രാജകുമാരിയുടെ പ്രകൃതി അവൾക്കു സ്വതേയുള്ളതുമാണല്ലോ."

 

അൽപ്പനേരം കഴിഞ്ഞ്‌ ഒരിടത്തെരുവിലൂടെ നടന്നുപോകുമ്പോൾ ചിത്രങ്ങൾ വിൽക്കുന്ന ഒരു കട കണ്ട്‌ അയാൾ നിന്നു; ഏതോ ഉഷ്ണമേഖലാരാജ്യത്തിലെ പ്രകൃതി വിഷയമായ ഒരു ചിത്രം അയാളുടെ കണ്ണിൽപ്പെട്ടു; അയാൾ സ്വയം പറഞ്ഞു:"അല്ലല്ല! അവളുടെ അനർഘജീവിതം കവരാൻ കൊട്ടാരമല്ല ഉചിതമായ പശ്ചാത്തലം. അവിടെ ഞങ്ങൾക്കു സ്വസ്ഥത കിട്ടുകയെന്നതില്ല. അതുമല്ല, പൊന്നു കൊണ്ടു പൊതിഞ്ഞ ആ ചുമരുകളിൽ അവളുടെ ചിത്രം ഞാനെവിടെയൊന്നു തൂക്കിയിടും? ചിട്ടകൾ അരങ്ങു വാഴുന്ന വിശാലമായ ആ മുറികളിൽ മനുഷ്യർക്കു തമ്മിലടുക്കാൻ എവിടെ ഒഴിഞ്ഞൊരിടം? എന്റെ ജീവിതസ്വപ്നം തഴച്ചുവളരാൻ പറ്റിയൊരു പ്രകൃതി ഞാനിതാ ഇവിടെ കണ്ടെത്തിയിരിക്കുന്നു."

 

ചിത്രത്തിന്റെ ഓരോ സൂക്ഷ്മാംശവും കണ്ണുകൾ കൊണ്ടു പിന്തുടരവെ അയാളുടെ മനോരാജ്യം ഇങ്ങനെ പോയി:"കടൽക്കരയിൽ തടി കൊണ്ടൊരു കുടിൽ... ചുറ്റിനും പേരുകൾ ഓർമ്മയിൽ നിൽക്കാത്ത വിചിത്രവും മിനുങ്ങുന്നതുമായ മരങ്ങൾ...ഇന്നതെന്നറിയാത്ത മത്തുപിടിപ്പിക്കുന്നൊരു പരിമളം വായുവിൽ...പുരയ്യ്ക്കുള്ളിലാകട്ടെ,പനിനീർപ്പൂവിന്റെയും കസ്തൂരിയുടെയും സാന്ദ്രഗന്ധം...അതിനുമപ്പുറം, ഞങ്ങളുടെയാ കൊച്ചുസാമ്രാജ്യത്തിനു പിന്നിൽ തിരക്കോളു താരാട്ടുന്ന പാമരങ്ങളുടെ തലപ്പുകൾ...തട്ടികളിലൂടെ സൂര്യപ്രകാശം അരിച്ചിറങ്ങി സിന്ദൂരം പൂശുന്ന ആ കുടിലിനുള്ളിൽ, പുത്തൻ പുൽപ്പായകളും തല തിരിക്കുന്ന പൂക്കളും കൊണ്ടലങ്കരിച്ച ആ കുടിലിനുള്ളിൽ, കരിവീട്ടി പോലത്തെ മരത്തിൽ പണിതിട്ട കസേരകളിലൊന്നിൽ കറുപ്പു ചേർത്ത പുകയില കവിൾകൊണ്ടും വീശറിയുടെ കാറ്റു കൊണ്ടും അവൾ അലസം ചാഞ്ഞുകിടക്കുന്നുണ്ടാവും...ഒരു കപ്പലിന്റെയറ പോലത്തെ ആ പുരയ്ക്കു പുറത്ത്‌ വെളിച്ചം കുടിച്ചു മദിച്ച കിളികളുടെ ആരവം, കാപ്പിരിപ്പെൺകുട്ടികളുടെ സല്ലാപം...രാത്രിയിൽ എന്റെ സ്വപ്നങ്ങൾക്കകമ്പടിയായി ചൂളമരങ്ങളുടെ വിഷാദഗാനവും! അതെയതെ,ഞാൻ തേടിനടന്ന അരങ്ങിതു തന്നെ. എനിക്കെന്തിനാണു കൊട്ടാരവും മറ്റും?"

 

പിന്നെയും നടന്ന് വിശാലമായൊരു നടക്കാവിലെത്തിയപ്പോൾ വൃത്തിയുള്ള ചെറിയൊരു മദ്യശാല അയാളുടെ കണ്ണിൽപ്പെട്ടു; വരയൻ കാലിക്കോ തിരശീലകൾ മോടി കൂട്ടിയ ജനാലയ്ക്കൽ രണ്ടുമുഖങ്ങൾ ആകെ സന്തോഷത്തിൽ. പെട്ടെന്ന്: "കൈയകലത്തുള്ള ഒന്നിനു വേണ്ടി ഇത്രയകലെപ്പോകണമെങ്കിൽ ഒരൂരുതെണ്ടിയെന്നല്ലാതെ എന്റെ മനസ്സിനെ ഞാനെന്തു വിളിക്കാൻ? സുഖവും ആനന്ദവുമാണ്‌ നിങ്ങൾ അന്വേഷിക്കുന്നതെങ്കിൽ ആദ്യം കാണുന്ന മദ്യശാലയിൽത്തന്നെ അതു കിട്ടാനുണ്ട്‌. തീ കായാൻ നല്ലൊരടുപ്പ്‌,കടുംനിറത്തിലുള്ള കവിടിപ്പിഞ്ഞാണങ്ങൾ,തരക്കേടില്ലാത്ത ഭക്ഷണം,തെളിയ്ക്കാത്ത വീഞ്ഞ്‌,പരുക്കനെങ്കിലും വൃത്തിയുള്ള വിരിയിട്ട വലിയ കിടക്ക-ഇതിൽപ്പരം എന്തു വേണം?" അയാൾ സ്വയം പറഞ്ഞു.

 

ഒറ്റയ്ക്കു വീട്ടിലേക്കു മടങ്ങുമ്പോൾ-ഈ നേരത്തിനി വിവേകത്തിന്റെ കാതുകളെ കൊട്ടിയടയ്ക്കാൻ ബാഹ്യലോകത്തിന്റെ കോലാഹലത്തിനാവതുമില്ല-അയാൾ മനസ്സിൽ പറഞ്ഞു:"ഇന്നു ഞാനെന്റെ ദിവാസ്വപ്നത്തിൽ മൂന്നിടത്തു താമസിച്ചു; മൂന്നിടത്തും ഒരേപോലത്തെ സുഖവും എനിക്കു കിട്ടി. എന്റെയാത്മാവിന്‌ ഇത്രയനായാസം എവിടെയും സഞ്ചരിക്കാൻ കഴിയുമെന്നിരിക്കെ ഞാനെന്തിന്‌ എന്റെ ശരീരത്തെ അങ്ങോടുമിങ്ങോട്ടും അടിച്ചോടിക്കണം? പദ്ധതിയിട്ടാൽത്തന്നെ മനസ്സിനു സുഖം കിട്ടുമെങ്കിൽപ്പിന്നെ അതു നടപ്പിലാക്കാൻ ബുദ്ധിമുട്ടുന്നതുമെന്തിന്‌?

No comments: