Saturday, September 12, 2009
ബോദ്‌ലെയെർ-ഏകാന്തത
ഏകാന്തത മനുഷ്യനു നല്ലതല്ലെന്ന് മനുഷ്യസ്നേഹിയായ ഒരു പത്രക്കാരൻ എന്നോടു പറയുകയുണ്ടായി; തന്റെ സിദ്ധാന്തത്തിനുപോദ്ബലകമായി എല്ലാ അവിശ്വാസികളേയും പോലെ സഭാപിതാക്കന്മാരെ അദ്ദേഹം കൂട്ടുപിടിക്കുകയും ചെയ്തു.
പിശാചിന്റെ വിഹാരരംഗമാണ് തരിശുനിലങ്ങളെന്ന് എനിക്കറിയാത്തതല്ല; ഹിംസയുടെയും ഭോഗാസക്തിയുടെയും ദുരാത്മാക്കൾ തഴയ്ക്കുന്നത് ഏകാന്തയിലാണെന്നുമറിയാം. അതേസമയം തന്റെ ഏകാന്തതയിൽ സ്വന്തം ആസക്തികളേയും വേതാളങ്ങളേയും കുടിപാർപ്പിക്കുന്ന അലസനും ലക്ഷ്യമില്ലാത്തവനുമായ ഒരാൾക്കേ അതപകടമായി വരുന്നുള്ളു എന്നും വരാം.
പൊതുവേദിയിലോ മണ്ഡപത്തിലോ കയറിനിന്ന് പ്രസംഗിക്കുന്നതുതന്നെ ജീവിതാനന്ദമായ ഒരു വിടുവായന് റോബിൻസൺ ക്രൂസോയുടെ ദ്വീപിലകപ്പെട്ടാൽ ഭ്രാന്തു പിടിച്ചുപോകുമെന്നുള്ളതു സംശയമില്ലത്ത കാര്യമാണ്. നമ്മുടെ പത്രക്കാരൻസുഹൃത്തിന് ക്രൂസോയുടെ ധൈര്യവും സ്ഥൈര്യവും ഉണ്ടായിരിക്കണമെന്ന വാശിയൊന്നും എനിക്കില്ല; ഒപ്പംതന്നെ ഏകാന്തതയുടെയും നിഗൂഢതയുടെയും കമിതാക്കളെ അദ്ദേഹം കുറ്റവാളികളായി കാണരുതെന്ന നിർബന്ധവും എനിക്കുണ്ട്.
കഴുമരത്തിനു ചുവട്ടിൽ നിന്ന് ഒരു ദീർഘപ്രസംഗം ചെയ്യാൻ അനുവാദം കിട്ടിയാൽ വധശിക്ഷയ്ക്കു വിധേയരാകുന്നതിൽ അത്ര തരക്കേടൊന്നും കാണാത്ത വ്യക്തികളെ നമ്മുടെ വായാടിവർഗ്ഗത്തിൽ കണ്ടെത്താം; സാന്തെരെയുടെ ചെണ്ടയടി അനവസരത്തിൽ വന്നുകയറി ഒരു തടസ്സമാകുമെന്ന് ഇനി പേടിക്കാനുമില്ലല്ലോ.
എനിക്കവരോടു സഹതാപമില്ല, കാരണം മറ്റുള്ളവർ ഏകാന്തതയും നിശബ്ദതയും വഴി സമ്പാദിക്കുന്ന അതേ ആനന്ദങ്ങൾ തന്നെയാണ് അവർക്ക് തങ്ങളുടെ വാഗ്ധോരണിയിൽ നിന്നു കിട്ടുന്നതെന്ന് ഞാൻ ഊഹിക്കുന്നു-പക്ഷേ എനിക്കവരെ വെറുപ്പാണ്.
ഈ നശിച്ച പത്രക്കാരനെന്താ എന്നെ എന്റെയിഷ്ടത്തിനു വിട്ടുകൂടേ? "സ്വന്തം സന്തോഷങ്ങൾ പങ്കുവയ്ക്കണമെന്ന് നിങ്ങൾക്കൊരിക്കലും തോന്നാറില്ലേ?" സുവിശേഷക്കാരുടെ ആ അനുനാസികസ്വരത്തിൽ അയാൾ ചോദിക്കുകയാണ്. അയാളുടെ ഉള്ളിന്റെയുള്ളിലുള്ള ആ അസൂയാലു പുറത്തുവരുന്നതു നിങ്ങൾ കാണുന്നുണ്ടോ?താൻ ജീവിതാനന്ദങ്ങളെന്നു കരുതുന്നവയെ എനിക്കത്ര വെറുപ്പാണെന്ന് അയാൾക്കറിയാം; എന്നിട്ട് എന്റെ സന്തോഷങ്ങളിൽ കയറിക്കൂടാൻ നോക്കുകയാണ് അറയ്ക്കുന്ന ആ രസംകൊല്ലി.
ഒറ്റപ്പെടാൻ കഴിയാത്തത് മഹാദൗർഭാഗ്യമാണെന്ന അർത്ഥത്തിൽ ലാ ബ്രൂയേ എവിടെയോ പറഞ്ഞിട്ടുണ്ട്; തങ്ങൾക്കു തന്നെ തങ്ങളെ സഹിക്കാൻ കഴിയാതെ വരുമോയെന്ന പേടികൊണ്ടുതന്നെയാവണം, ആൾക്കൂട്ടത്തിലേക്കോടിക്കയറി സ്വയം നഷ്ടപ്പെടുത്തുന്നവരെ നാണം കെടുത്താൻ വേണ്ടിത്തന്നെയായിരിക്കും അദ്ദേഹം അതു പറഞ്ഞത്.
"സ്വന്തം മുറിയിൽ അടച്ചിരിക്കാൻ കഴിയാതെ വരുന്നതാണ് നമ്മുടെ മിക്കവാറുമെല്ലാ കഷ്ടങ്ങൾക്കും കാരണം," പാസ്കൽ, അറിവുള്ള മറ്റൊരാൾ പറയുന്നു; നിരന്തരമായ ചലനത്തിലും എന്റെ കാലത്തെ മനോജ്ഞമായ ശൈലിയിൽ പറഞ്ഞാൽ കൂട്ടായ്മ എന്ന വ്യഭിചാരത്തിലും ആനന്ദം കണ്ടെത്തിയവരെയൊക്കെ തങ്ങളുടെ ധ്യാനപ്പുരകളിലേക്കു മടക്കിവിളിക്കുകയാണ് അദ്ദേഹം ചെയ്യുന്നതെനിക്കു തോന്നുന്നു.
--------------------------------------------------------------------------------------------------------------------------------
സാന്തെരെ-ഫ്രഞ്ചുവിപ്ലവകാലത്തെ ഒരു ജനറൽ; കഴുമരത്തിനു ചുവട്ടിൽ വച്ച് ലൂയി ചെയ്ത പ്രസംഗം പുറത്തു കേൾക്കാതിരിക്കാൻ വേണ്ടി പട്ടാളക്കാരോട് വാദ്യം മുഴക്കാൻ ആവശ്യപ്പെട്ടുവത്രെ.
ലാ ബ്രൂയെ(1646-1696)-ഫ്രഞ്ച് ഉപന്യാസകാരൻ
പാസ്കൽ(1623-1662)-ഫ്രഞ്ച് ഗണിതജ്ഞനും മതചിന്തകനും
Labels:
കവിത,
ഗദ്യകവിത,
ഫ്രഞ്ച്,
ഫ്രാന്‍സ്,
ബോദ്ലെയെര്‍,
വിവര്‍ത്തനം
Subscribe to:
Post Comments (Atom)
2 comments:
ഈ മഹത് ചിന്തകള്‍ ഇവിടെ ഇങ്ങനെ ലഭ്യമാക്കിയതില്‍ നന്ദി സുഹൃത്തേ.
ekantham oru tharam kaanthamaanu
Post a Comment