Friday, November 4, 2011

രഘുവീർ സഹായ് (1929-1990)


1. ദൈവകൃപ


ഒരു പൂച്ചയതാ വഴി മുറിച്ചു പോകുന്നു.
സുന്ദരികളായ സ്ത്രീകൾ
അതുമിതും പറഞ്ഞിരിക്കുന്നു.
നിലാവു വീഴുന്ന മൈതാനത്ത്
കാലികൾ മേഞ്ഞുനടക്കുന്നു.

ഇവയൊന്നും തമ്മിലന്യോന്യബന്ധമില്ലാത്ത-
തങ്ങയുടെ കൃപയല്ലെങ്കിൽപ്പിന്നെന്താണു ദൈവമേ?



2. ഇന്നു വീണ്ടും

ഇന്നു വീണ്ടും ജീവിതത്തിനു തുടക്കമായി.
ഇന്നു ഞാൻ ചെറുതും സരളവുമായൊരു കവിത വായിച്ചു;
ഇന്നു ഞാനേറെനേരം സൂര്യാസ്തമയം കണ്ടിരുന്നു;
ഇന്നു ഞാൻ മതി വരുവോളം തണുത്ത വെള്ളത്തിൽ കുളിച്ചു;
ഇന്നൊരു കൊച്ചുപെൺകുട്ടി കിലുങ്ങിച്ചിരിച്ചും കൊണ്ടെന്റെ തോളത്തു ചാടിക്കയറി;
ഇന്നൊരു പാട്ടു ഞാൻ തുടക്കം തൊട്ടൊടുക്കം വരെ പാടിത്തീർത്തു.
ഇന്നു വീണ്ടുമെനിക്കു ജീവിതത്തിനു തുടക്കമായി.



3. ജലത്തിന്റെ ഓർമ്മകൾ

മിന്നൽ. വിദൂരമായൊരു നിബിഡവനത്തിൽ തോരാമഴ.
മദ്ധ്യാഹ്നം: തുളുമ്പുന്ന തടാകം; അതിനു മേൽ കുനിഞ്ഞിറങ്ങുന്ന മാങ്കൊമ്പ്.
തെന്നൽ: ജനാലയിൽ ചാരിനിന്നു തുടക്കമിടുന്ന മഴ.
രാത്രി: മിനുങ്ങുന്ന പൂഴി; പൊടുന്നനേ കാഴ്ചയിലേക്കു വരുന്ന പുഴ.

മനസ്സിനു ജലത്തിന്റെ ഓർമ്മകളനേകം.



4. വസന്തം

അതേ ആദർശഋതു.
മനസ്സിലെന്തോ ഉടയുന്നു.
അനുഭവമെന്നോടു പറയുന്നു:
ഇതു കാലം വസന്തം.



5. ഏകാന്തത

മോഹൻ രോഗിയായി.
കമല കരുതി
അയാൾ ലോകമാകെ വെടിഞ്ഞ്
തന്റെയരികിലേക്കെത്തിയതാണെന്ന്.
രണ്ടുനാളങ്ങനെ പോയി.
പിന്നെ മോഹനെങ്ങോ പോയി,
തന്റെ രോഗത്തിന്റെ ഏകാന്തതയുമായി.
കമല പിന്നെയുമേകാകിനിയായി, കമല.



6. ജീവിക്കാൻ പഠിച്ചവർ

ഒരിക്കൽ ഞാൻ വീട്ടിലേക്കു നടക്കുമ്പോൾ
കൈയിലൊരു പുസ്തകമുണ്ടായിരുന്നു,
ഒരു കോളിഫ്ളവറും.
ആഹാ! എന്തുമാതിരി കവിത!
ഇക്കാലത്തു പുസ്തകങ്ങൾ കോളിഫ്ളവറു പോലെ മൃദുലം,
കോളിഫ്ളവർ പുസ്തകം പോലെ വിരസവും.
അതിനാൽ ഞാനൊരു സുന്ദരിയോടോടിച്ചെന്നു പറഞ്ഞു:
നോക്കൂ, ഇതു രണ്ടും വച്ചുമാറിക്കൂടേ?
അവൾക്കതു പിടികിട്ടിയില്ല.
ആളുകൾ ജീവിക്കാൻ പഠിച്ചവരായിരിക്കുന്നുവെന്നേ.
ആരുമിപ്പോൾ അസംബന്ധങ്ങൾ പറയാറില്ല.
നേട്ടക്കാരുടെ ലോകത്തു നേരമ്പോക്കിനു സ്ഥാനവുമില്ല.
കച്ചവടത്തിന്റെ ചിട്ടവട്ടത്തിൽ
ഓരോന്നും അതാതിടത്തിരിക്കണം.
കോളിഫ്ളവർ വായിച്ചിട്ടോ
പുസ്തകം തിന്നിട്ടോ എന്തു കിട്ടാൻ!


http://en.wikipedia.org/wiki/Raghuvir_Sahay


No comments: