Tuesday, November 8, 2011

ലോര്‍ക്ക - ചരിഞ്ഞുകിടക്കുന്ന സ്ത്രീ

File:Schiele - Weiblicher Akt mit angewinkelten Beinen - 1918.jpg


നഗ്നയായി നിന്നെക്കണ്ടാൽ ഞാനോർക്കുന്നതു മണ്ണിനെ,
മിനുസമായ മണ്ണിനെ, കുതിരകൾ മാഞ്ഞുപോയതിനെ,
ഈറകളില്ലാത്ത മണ്ണിനെ, കേവലരൂപത്തെ,
ഭാവിയ്ക്കു മുഖം തിരിച്ചതിനെ, വെള്ളിയുടെ വടിവിനെ.

നഗ്നയായി നിന്നെക്കണ്ടാൽ ഞാനറിയുന്നതു മഴയുടെ തൃഷ്ണയെ,
ചുറ്റിപ്പിടിയ്ക്കാനൊരു പേലവജഘനം തിരഞ്ഞുപോകുന്ന മഴയെ,
അതുമല്ലെങ്കിൽ സ്വന്തം കവിളിന്റെ വെളിച്ചം കാണാതെ
ജ്വരം പിടിച്ച കടലിന്റെ പരപ്പാർന്ന മുഖത്തെ.

കിടപ്പറകളിൽ ചോര മാറ്റൊലിയ്ക്കും,
പാളുന്ന വാളുകളുമായതു വന്നുചേരും,
വയലറ്റുപൂവും ഹൃദയവുമൊളിയ്ക്കുമിടങ്ങൾ
നിനക്കറിവുമുണ്ടാകില്ല പക്ഷേ.

വേരുകളുടെ കലാപം നിന്റെയുദരം.
വടിവു നിവരാത്ത പ്രഭാതം നിന്റെയധരം.
ഇളംചൂടുള്ള കിടക്കയുടെ  റോജാപ്പൂക്കൾക്കടിയിൽ
മരിച്ചവർ തേങ്ങുന്നു, ഊഴം കാത്തിരിക്കുന്നവർ.


link to image

2 comments:

സങ്കൽ‌പ്പങ്ങൾ said...

നന്നായ് പറഞ്ഞു.ആശംസകൾ...

ശിഖണ്ടി==Shikandi said...

വായിച്ചു.. ഇഷ്ട്ടമായി.. കൂടുതല്‍ പറയാന്‍ അറിയില്ല, ആശംസകൾ...