രാവിലെ ഒമ്പതു മണി,
ആകെത്തെളിഞ്ഞ പകൽ,
നീലയും വെള്ളയും വരകൾ,
അലക്കിത്തേച്ച കുപ്പായം പോലെ വെടിപ്പായത്.
മറവിയിൽപ്പെട്ട തടിച്ചീളുകൾ,
കുഞ്ഞിപ്പായലുകൾ,
പ്രാണികളുടെ കുഞ്ഞിക്കാലുകൾ,
അലയുന്ന കിളിത്തൂവലുകൾ,
പൈൻമരം കൊഴിയ്ക്കുന്ന സൂചിയിലകൾ,
ഒക്കെയും തിളങ്ങുന്നു, അതാതിന്റെ വഴിയ്ക്ക്.
ലോകത്തിനു വാസന, ഒരു നക്ഷത്രത്തിന്റെ.
പിന്നെയിതാ, പോസ്റ്റുമാനെത്തുന്നു,
ഘോരമായ കത്തുകളും തുപ്പി,
നാം പണമൊടുക്കേണ്ട കത്തുകൾ,
പരുഷമായ കടങ്ങൾ നമ്മെയോർമ്മിപ്പിക്കുന്നവ,
ഒരു മരണമോ, ഒരു സ്നേഹിതന്റെ ജയിൽവാസമോ
വിളിച്ചറിയിക്കുന്ന കത്തുകൾ,
വലയും കെട്ടി കാത്തിരിക്കുന്നൊരാൾ
തന്റെ ഏർപ്പാടുകളിൽ നമ്മെ കുടുക്കുകയും ചെയ്യുന്നു.
പിന്നെ പത്രം വരവായി,
മരണം പോലെ കറുപ്പിലും വെളുപ്പിലും,
വാർത്തകളൊക്കെ കരയുന്നവ,
ലോകത്തിന്റെയും കരച്ചിലിന്റെയും ഭൂപടം!
ഓരോ രാത്രിയും നനയുന്ന,
ഓരോ പകലുമെരിയുന്ന പത്രം,
യുദ്ധങ്ങളും ദുഃഖങ്ങളുമായി.
വിഷണ്ണമായ ഭൂമിശാസ്ത്രം!
ഉടഞ്ഞ സായാഹ്നം ചുളുങ്ങിക്കൂടുന്നു,
പീറക്കടലാസ്സു പോലെ തെരുവുകളിൽ പറന്നുനടക്കുന്നു,
തെരുവുനായ്ക്കളതിന്മേൽ മൂത്രമൊഴിയ്ക്കുന്നു,
തൂപ്പുകാരതിനെ നായാടിപ്പിടിയ്ക്കുന്നു,
ഘോരമായൊരു രുചിയതിന്മേൽ ചേർക്കുന്നു,
കോഴിക്കുടലുകൾ, കാഷ്ഠങ്ങൾ,
ആരുടേതെന്നറിയാത്ത ചില ചെരുപ്പുകൾ;
പ്രായം ചെന്ന പകൽ ഒരു കിഴി പോലെ-
അഴുക്കു പിടിച്ച കടലാസ്സും, ഉടഞ്ഞ ചില്ലുകളും;
പിന്നെയതു വലിച്ചെറിയപ്പെടുന്നു,
ചേരികളിലതുറങ്ങിക്കിടക്കുന്നു.
കൂടിപ്പിണഞ്ഞ നക്ഷത്രങ്ങളുടെ ചഷകവുമായി
പിന്നെ രാത്രിയെത്തുന്നു,
മനുഷ്യർ സ്വപ്നങ്ങളിൽ മുങ്ങിത്താഴുന്നു,
സ്വപ്നം തന്റെ നിലവറയിലവരെയടയ്ക്കുന്നു,
ലോകം പിന്നെയും കഴുകിത്തെളിയുന്നു.
ചന്ദ്രൻ മടങ്ങിയെത്തുന്നു,
രാത്രി കൈയുറകൾ കുടയുന്നു,
വേരുകൾ വേല തുടങ്ങുന്നു.
മറ്റൊരു പകൽ പിറക്കുന്നു.
1 comment:
ലോകത്തിനു വാസന
ഒരു നക്ഷത്രത്തിന്റെ..
എന്തു പറയാനാണ്. നന്ദി എന്നല്ലാതെ. നെരൂദയ്ക്കും, കവിതയ്ക്കും, നക്ഷത്രത്തിനും, രവിയ്ക്കും.
അഭിവാദ്യങ്ങളോടെ
Post a Comment