Monday, October 31, 2011

ലോര്‍ക്ക - കവി കാമുകിയോട് ടെലിഫോണിൽ സംസാരിക്കുന്നു


മരപ്പലകയടിച്ചൊരു കുഞ്ഞുമുറിയിൽ
നിന്റെ സ്വരമെന്റെ നെഞ്ചിലെ പൂഴിമണ്ണിൽ വെള്ളം തേവി.
എന്റെ കാൽച്ചുവടിനു തെക്കു വസന്തമായിരുന്നു,
എന്റെ നെറ്റിത്തടത്തിനു വടക്കൊരു പന്നൽപ്പൂവായിരുന്നു.

ഒരിടുക്കുമുറിയിലൊരു വെളിച്ചത്തിന്റെ പൈൻമരം പാടി,
പുലരിയുടെ സംഗീതമില്ലാതെ, വിതയിറക്കിയ നിലമില്ലാതെ.
എന്റെ തേങ്ങലുകളിതാദ്യമായി
പുരപ്പുറങ്ങളിൽ കിരീടങ്ങളുടെ തോരണങ്ങൾ ചാർത്തി.

എന്റെ മേലൊഴുകി മധുരവും വിദൂരവുമായൊരു സ്വരം,
ഞാൻ രുചിച്ചു മധുരവും വിദൂരവുമായൊരു സ്വരം,
മധുരവും വിദൂരവുമായ മൂർച്ഛിയ്ക്കുന്നൊരു സ്വരം.

മുറിവേറ്റ പേടമാനെപ്പോലെ വിദൂരമായൊരു സ്വരം.
പൊഴിയുന്ന മഞ്ഞിൽ തേങ്ങൽ പോലതു മധുരം.
വിദൂരം, മജ്ജയിൽ കുടിയേറിയ മധുരം.


No comments: