Monday, October 24, 2011

ലോര്‍ക്ക - ചന്ദ്രചാപം

File:Lorca-statue-cutout.png

പ്രണയഗാനം



ഓളങ്ങൾ പരക്കുമ്പോലെ
നിന്റെ വാക്കുക-
ളെന്റെ നെഞ്ചിൽ.

കാറ്റിനോടു കൂട്ടിയിടിക്കുന്ന
കിളി പോലെ
നിന്റെ ചുംബന-
മെന്റെ ചുണ്ടിൽ.

രാത്രിയ്ക്കതിരു നില്ക്കുന്ന
ഉറവകൾ പോലെ
നിന്റെ കരിമിഴിക-
ളെന്റെയുടലിൽ.



ചന്ദ്രചാപം

ചലനമറ്റ കടലിനു മേൽ
വില്ലു പോലെ കറുത്ത ചന്ദ്രന്മാർ.

എനിയ്ക്കു പിറക്കാതെപോയ കുഞ്ഞുങ്ങൾ
എന്നെത്തേടിപ്പിടിയ്ക്കുന്നു.

‘അച്ഛാ, ഞങ്ങളെ വിട്ടോടരുതേ, നില്ക്കൂ,
മരിയ്ക്കുകയാണു ഞങ്ങളിലിളയത്.’

എന്റെ കണ്ണിമകളിൽ നിന്നവർ തൂങ്ങിക്കിടക്കുന്നു.
കോഴി കൂവുന്ന നേരമാവുന്നു.

കല്ലായ കടൽ ചിരിയ്ക്കുന്നു,
തിരകൾ കൊണ്ടൊടുക്കത്തെച്ചിരി.

‘അച്ഛാ, ഞങ്ങളെ വിട്ടുപോകരുതേ!’...
എന്റെ നിലവിളികൾ ജടാമാഞ്ചികളാവുന്നു.


ഇവിടെ നിന്ന്


എന്റെ ചങ്ങാതിമാരോടു പറഞ്ഞേക്കു
ഞാൻ മരിച്ചുപോയെന്ന്.

കാടു മുരളുന്നിടത്ത്
പുഴയുടെ നിലയ്ക്കാത്ത ഗാനം.

എന്റെ ചങ്ങാതിമാരോടു പറഞ്ഞേക്കു
ഞാൻ മരിച്ചുപോയെന്ന്.
(മർമ്മരങ്ങളുടെ നേർത്ത വലകളെടുത്തു വീശുന്നു
മരങ്ങൾ!)

അവരോടു പറഞ്ഞേക്കൂ,
ഞാനിവിടെയുണ്ടെന്ന്,
കണ്ണുകൾ മലർക്കെത്തുറന്ന്,
മരണമില്ലാത്ത ഈ തൂവാല,
ആകാശം കൊണ്ടു മുഖം മൂടി.

ഹാ!
എന്റെ സ്വന്തം ദീപ്തതാരത്തിലേക്ക്
പാഥേയമില്ലാതെ ഞാൻ യാത്രയായി.


ചിപ്പി

ഒരാളെനിയ്ക്കൊരു ചിപ്പി തന്നു.
അതിനുള്ളിൽ പാടുന്നു
ഭൂപടപ്പച്ചയായൊരു കടൽ.
എന്റെ ഹൃദയമോളംതുള്ളുന്നു,
കുഞ്ഞുകുഞ്ഞുമീനുകളുമായി,
വെള്ളിനിറത്തിൽ, നിഴൽനിറത്തിൽ.

ഒരാളെനിയ്ക്കൊരു ചിപ്പി തന്നു.

link to image

No comments: