മരണമെന്റെ മേൽ കുനിഞ്ഞുനിന്നു-
ചതുരംഗത്തിലെ വിഷമപ്രശ്നം ഞാൻ,
അവന്റെ കൈയിലുണ്ടതിനുത്തരം.
കൊഴിയുന്ന പഴുക്കിലകൾ-
വിലയേറിയവയാണവ,
ചാവുകടൽച്ചുരുണകൾ പോലെ.
സൂര്യൻ പതിഞ്ഞുകിടക്കുന്നു-
നമ്മുടെ നിഴലുകൾ, ഗോലിയാത്തുകൾ,
പിന്നെ ശേഷിക്കുന്നതു നിഴലുകൾ.
ഒരു കലമാൻ വെയിലു കായുന്നു.
ഈച്ചകൾ പാറിനടക്കുന്നു,
നിലത്തൊരു നിഴൽ തുന്നിച്ചേർക്കുന്നു.
എന്റെയിരുപ്പു നോക്കൂ, ഒരു കുലുക്കവുമില്ലാതെ,
കയറ്റിവച്ച തോണി പോലെ-
സന്തുഷ്ടനാണു ഞാനിവിടെ.
രാത്രി.
കൂറ്റൻലോറിയുരുണ്ടുപോകുമ്പോൾ
തടവുപുള്ളികളുടെ സ്വപ്നങ്ങൾ കുലുങ്ങുന്നു.
ബലിഷ്ഠവും അലസവുമായൊരു കാറ്റ്,
കടലോരത്തെ വായനശാലയിൽ നിന്ന്-
ഞാനിവിടെ വിശ്രമിച്ചോളാം.
ഏപ്രിലും മൗനവും
വിജനമായ വസന്തം.
ഇരുണ്ട പട്ടു പോലൊരു വെള്ളച്ചാൽ
എന്റെയരികിലിഴയുന്നു,
യാതൊന്നും പ്രതിഫലിപ്പിക്കാതെ.
തിളങ്ങുന്നുവെങ്കിൽ
അതു മഞ്ഞപ്പൂക്കൾ മാത്രം.
എന്റെ നിഴലിന്റെയുള്ളിലടങ്ങി ഞാൻ പോകുന്നു,
കറുത്ത പെട്ടിയിലടച്ച
വയലിൻ പോലെ.
ഞാൻ പറയാൻ മോഹിക്കുന്നതൊന്നോ,
എനിക്കപ്രാപ്യമായി തിളങ്ങിനില്ക്കുന്നു,
പണയക്കടയിലെ വെള്ളിയുരുപ്പടികൾ പോലെ.
No comments:
Post a Comment