എൽവിരാകമാനത്തിനു ചോട്ടിലൂടെ
നീ കടന്നുപോകുന്നതെനിയ്ക്കു കാണണം,
നിന്റെ പേരെനിയ്ക്കറിയണം,
അറിഞ്ഞുപിന്നെയെനിയ്ക്കു കരയണം.
നിന്റെ കവിളത്തെ ചോര വാറ്റിയ-
തേതൊമ്പതുമണിനേരത്തെ ധൂസരചന്ദ്രൻ?
പുതമഞ്ഞിലാകസ്മികജ്വലനം നിന്റെ ബീജം,
ആരതു കൊയ്തെടുക്കുന്നു?
നിന്റെ പളുങ്കിനെക്കൊലചെയ്യുന്ന-
തേതു കള്ളിമുള്ളിൻമുന?
എൽവിരാകമാനത്തിനു ചോട്ടിലൂടെ
നീ കടന്നുപോകുന്നതു ഞാൻ കാണട്ടെ,
നിന്റെ കണ്ണുകളെനിയ്ക്കു മൊത്തിക്കുടിയ്ക്കണം,
പിന്നെയെനിയ്ക്കു തേങ്ങിക്കരയണം.
അങ്ങാടിയിലെത്രയൊച്ചയിട്ടു നീ,
എനിയ്ക്കുള്ളൊരു ശിക്ഷയായി!
ചോളമണിക്കൂനകൾക്കിടയിൽ
കൂട്ടം തെറ്റിയ ലവംഗപുഷ്പമേ!
എത്രയകലെ, നീയരികിലുള്ളപ്പോൾ,
എത്രയരികെ, നീ വിട്ടുപോകുമ്പോൾ!
എൽവിരാകമാനത്തിനു ചോട്ടിലൂടെ
നീ കടന്നുപോകുന്നതു ഞാൻ കാണട്ടെ,
നിന്റെ തുടകളെനിയ്ക്കറിയണം,
പിന്നെയെനിയ്ക്കു തേങ്ങിക്കരയണം.
(പ്രകടമായ സ്വവർഗ്ഗാനുരാഗസൂചനകൾ നിറഞ്ഞ ഈ കവിത പുസ്തകത്തിലുൾപ്പെടുത്തുന്നതിൽ ലോർക്ക വിമുഖനായിരുന്നു.
എൽവിരാകമാനം - ഗ്രനാഡയിലെ ജിപ്സിഭാഗത്തേക്കുള്ള കവാടം)
ചിത്രം ലോര്‍ക്ക വരച്ചത്
No comments:
Post a Comment