ജോൺ ഡൺ (1572-1631)
ഒറ്റ രചയിതാവേയുള്ളു മനുഷ്യരാശിയ്ക്ക് , അതൊറ്റപ്പുസ്തകവുമാണ്. ഒരാൾ മരിയ്ക്കുമ്പോൾ ഒരദ്ധ്യായം കീറിക്കളയുന്നുവെന്നല്ല വരുന്നത്, ഭേദപ്പെട്ടൊരു ഭാഷയിലേക്ക് അതു വിവർത്തനം ചെയ്യപ്പെടുകയാണ്. അങ്ങനെ ഓരോ അദ്ധ്യായവും വിവർത്തനം ചെയ്യപ്പെടണം. ദൈവത്തിനു വിവർത്തകന്മാർ പലരുണ്ട്; ചില ഭാഗങ്ങൾ വിവർത്തനം ചെയ്യുന്നതു പ്രായമായിരിക്കും, ചിലതു രോഗം, ചിലതു യുദ്ധം, നീതി ചിലതും, പക്ഷേ ഓരോ വിവർത്തനത്തിലും ദൈവത്തിന്റെ കൈ ചെന്നിട്ടുണ്ടാവും. അവൻ പിന്നെ കുത്തഴിഞ്ഞ നമ്മളെ വീണ്ടും തുന്നിക്കൂട്ടും, ഓരോ പുസ്തകവും ഒന്നു മറ്റൊന്നിനു തുറന്നുകിടക്കുന്ന ആ ഗ്രന്ഥപ്പുരയിലേക്ക് നമ്മളെയും കൊള്ളിയ്ക്കും.
നക്കായേ ചോമിൻ (1847-1901)
ഒരു ദിവസം ഞാൻ ഡോക്ടർ ഹൊരിയുച്ചിയെ ചെന്നുകണ്ട് എനിക്കു മരിക്കാൻ എത്രകാലമുണ്ടെന്നു ചോദിച്ചു. സത്യം സത്യമായിത്തന്നെ പറയണമെന്നും ഞാൻ അദ്ദേഹത്തെ നിർബന്ധിച്ചു. എനിക്കു പലതും ചെയ്യാനുണ്ട്, പലതും ആസ്വദിക്കാനുമുണ്ട്; അതിനായി ശിഷ്ടായുസ്സെനിക്കു പരമാവധി പ്രയോജനപ്പെടുത്തണം. നിഷ്കളങ്കനായ ഡോക്ടർ ഒന്നാലോചിച്ചിട്ട് ഒരു മടിയോടെ ഇങ്ങനെ പറഞ്ഞു, ‘ഒന്നരക്കൊല്ലം; നല്ലവണ്ണം ദേഹം നോക്കുകയാണെങ്കിൽ പരമാവധി രണ്ടു കൊല്ലം.’അഞ്ചോ ആറോ മാസമേ എനിക്കായുസ്സുള്ളുവെന്നാണു ഞാൻ കരുതിയതെന്നും, ഈ നിലയ്ക്കാണെങ്കിൽ ഒരു കൊല്ലം കൊണ്ട് ജീവിതത്തിൽ നിന്ന് ഒന്നാന്തരമൊരു വിളവെടുപ്പു നടത്താൻ എനിക്കു കഴിയുമെന്നും ഞാൻ ഡോക്ടറോടു പറഞ്ഞു.
നിങ്ങൾ ചിലർ പറഞ്ഞേക്കും, ഒന്നരക്കൊല്ലം വളരെക്കുറവാണെന്ന്; ഞാൻ പറയും, അതൊരു നിത്യതയാണെന്ന്. അതു പോരായെന്നാണു നിങ്ങൾ പറയുന്നതെങ്കിൽ, പത്തു കൊല്ലവും പോരാത്തതു തന്നെ, അമ്പതു കൊല്ലവും പോരാത്തതു തന്നെ, ഇനി നൂറു കൊല്ലമായാലും അതും പോരാത്തതു തന്നെ. ഈ ജീവിതം കാലത്താൽ പരിമിതമാണെങ്കിൽ, മരണം കഴിഞ്ഞുള്ളത് അപരിമിതമാണങ്കിൽ അപരിമിതമായതുമായി ഒത്തുനോക്കുമ്പോൾ പരിമിതമായത് ഹ്രസ്വം പോലുമല്ല: അതൊന്നുമല്ല. നിങ്ങൾക്കു ചെയ്യാനും ആസ്വദിക്കാനുമായി സംഗതികളുണ്ടെങ്കിൽ, ഒന്നരക്കൊല്ലം പോരേ അതിനൊക്കെ? നൂറ്റമ്പതു കൊല്ലം മറഞ്ഞുപോകുന്നതുപോലെയേയുള്ളു, ഒന്നരക്കൊല്ലമെന്നു പറയുന്നതും മറഞ്ഞുപോകുന്നത്. ഇല്ലാത്തൊരു കടലിലൊഴുകിനടക്കുന്ന ആളു കേറാത്തൊരൊറ്റത്തോണിയല്ലാതെ മറ്റൊന്നുമല്ല നമ്മുടെ ജീവിതം.
ആൾഡസ് ഹക്സ് ലി (1894-1963)
‘മരണം,’ മാർക് സ്റ്റൈത്സ് പറഞ്ഞു. ‘അതൊന്നേയുള്ളു പൂർണ്ണമായും മ്ളേച്ഛമാക്കുന്നതിൽ ഇനിയും നാം വിജയം കണ്ടെത്താത്തതായി. അതിനുള്ള ആഗ്രഹക്കുറവു കൊണ്ടൊന്നുമല്ല, കേട്ടോ. ഒരക്രോപ്പൊളിസിലെ നായ്ക്കളെപ്പോലെയാണു നാം. ഒഴിയാത്ത മൂത്രസഞ്ചികളുമായി ഓടിനടക്കുന്ന നമുക്ക് ഓരോ വിഗ്രഹത്തിനു നേരെയും കാലുയർത്താൻ ഉത്സാഹമേയുള്ളു. മിക്കപ്പോഴും നാം വിജയിക്കുകയും ചെയ്തു. കല, മതം, സാഹസം, പ്രേമം - അവയിലെല്ലാം നാം നമ്മുടെ വിസിറ്റിംഗ് കാർഡു വച്ചുകഴിഞ്ഞു. പക്ഷേ മരണം - മരണം നമ്മുടെ പിടിയിൽ വരാതെ നില്ക്കുകയാണ്. ആ വിഗ്രഹത്തെ മലിനമാക്കാൻ നമുക്കു കഴിഞ്ഞിട്ടില്ല. എന്നു പറഞ്ഞാൽ, ഇതുവരെ. പക്ഷേ പുരോഗതി പുരോഗമിക്കുക തന്നെയാണല്ലോ.’
link to image
No comments:
Post a Comment