അഡെലീനാ, നടക്കാനിറങ്ങിയവൾ
കടലിലോറഞ്ചില്ല,
സെവിയേയിൽ പ്രണയവും.
കറുത്ത പെണ്ണേ, എന്തുമാതിരി വെയിൽ!
നിന്റെ കുടയൊന്നു കടം തരൂ.
ചെറുനാരങ്ങാനീരിൽ
പച്ചയാവട്ടെ, എന്റെ മുഖം.
നിന്റെ വാക്കുകൾ-കുഞ്ഞുമീനുകൾ-
ചുറ്റും നീന്തിനടക്കട്ടെ.
കടലിലോറഞ്ചില്ല.
കഷ്ടമേ, പ്രിയേ,
സെവിയേയിൽ പ്രണയവുമില്ല!
(സെവിയേ - ആന്ദലൂഷ്യൻ നഗരം)
*
തണ്ടു നരച്ച ഞാറച്ചെടീ,
ഒരു കുലയെനിക്കായിത്തരൂ.
ചോരയും മുള്ളും. ഇങ്ങടുത്തുവരൂ.
നീയെന്നെ പ്രേമിക്കുമെങ്കിൽ, നിന്നെ ഞാനും പ്രേമിക്കാം.
എന്റെ നാവിൽ വിട്ടുപോകൂ,
ഞാറപ്പഴത്തിന്റെ പച്ചയും കറുപ്പും.
എന്റെ മുള്ളുകളുടെ പാതിത്തണലിൽ
എത്ര ദീർഘമായൊരാശ്ളേഷം നല്കില്ല ഞാൻ.
ഞാറച്ചെടീ, നീയെവിടെയ്ക്കു പോകുന്നു?
നീ തടുത്തുവച്ച പ്രണയത്തെ നോക്കി.
No comments:
Post a Comment