Sunday, October 23, 2011

ലോര്‍ക്ക - തത്ത്വചിന്തകന്റെ അവസാനത്തെ നടത്ത


ഘടികാരവനത്തിൽ


ഘടികാരങ്ങളുടെ വനത്തിലേക്കു
ഞാൻ കാലെടുത്തുവയ്ച്ചു.

ഇലകൾ മിടിയ്ക്കുകയായിരുന്നു,
മണികൾ കുലകുത്തിക്കിടന്നിരുന്നു.
ബഹുമുഖമായൊരു ഘടികാരത്തിനടിയിൽ
നക്ഷത്രമണ്ഡലങ്ങൾ, പെൻഡുലങ്ങൾ.

കറുത്ത ഐറിസ്പൂക്കൾ,
മരിച്ച നേരങ്ങൾ.
കറുത്ത ഐറിസ്പൂക്കൾ,
പുതിയ നേരങ്ങൾ.
ഒക്കെയൊരേപോലെ!
പ്രണയത്തിന്റെ സുവർണ്ണനേരമോ?

ഒരേയൊരു നേരമേയുള്ളു,
ഒരേയൊരു നേരം.
വളരെത്തണുത്തൊരു നേരം.



ഘടികാരത്തിന്റെ മാറ്റൊലി

കാലത്തിന്റെ വെളിയിടത്തു
ഞാനിരുന്നു.
മൗനത്തിന്റെ തടാകം.
വെളുത്ത മൗനം.
ഒരു വിസ്മയവലയം,
ഒഴുകിനടക്കുന്ന
പന്ത്രണ്ടു കറുത്ത അക്കങ്ങളുമായി
ദീപ്തനക്ഷത്രങ്ങൾ
കൂട്ടിയിടിക്കുന്നതുമവിടെ.



മരംവെട്ടി

സന്ധ്യനേരത്ത്
ഞാനിറങ്ങിനടന്നു.
‘എവിടെയ്ക്ക്?’
അവരെന്നോടു ചോദിച്ചു.
‘ദീപ്തനക്ഷത്രങ്ങളെ നായാടാൻ.’
പിന്നെ കുന്നുകൾ മയങ്ങിയ നേരത്ത്
നക്ഷത്രങ്ങളുടെ മാറാപ്പുമായി
ഞാൻ മടങ്ങി.
ഒരു സഞ്ചി നിറയെ
രാത്രി, വെളുത്ത രാത്രി!



തത്ത്വചിന്തകന്റെ അവസാനത്തെ നടത്ത

ന്യൂട്ടൺ
നടക്കാനിറങ്ങിയതായിരുന്നു.
മരണം പിന്നാലെ ചെന്നു,
ഒരു ഗിത്താറും മീട്ടി.
ന്യൂട്ടൺ
നടക്കാനിറങ്ങിയതായിരുന്നു.
അദ്ദേഹത്തിന്റെ ആപ്പിളിൽ
പുഴുക്കൾ നുഴഞ്ഞുകേറി.
മരങ്ങളിൽ കാറ്റിരമ്പി,
ചില്ലകൾക്കടിയിൽ പുഴയും.
(വേഡ്സ് വർത്തിനു കരച്ചിൽ വന്നേനെ.)
അസാദ്ധ്യമായ പോസുകളെടുക്കുകയായിരുന്നു
തത്ത്വചിന്തകൻ,
മറ്റൊരാപ്പിളിനു കൊതിക്കുകയായിരുന്നു
അയാൾ.
അയാൾ വഴിയിലൂടോടി.
പുഴക്കരെ നീണ്ടുനിവർന്നുകിടന്നു.
ചന്ദ്രന്റെ കൂറ്റൻപ്രതിബിംബത്തിൽ
തന്റെ മുഖം പൂണ്ടുപോകുന്നതും
അയാൾ കണ്ടു.
ന്യൂട്ടണു കരച്ചിൽ വന്നു.

ഒരു ദേവതാരുവിനു മേൽ
രണ്ടു കിഴവൻകൂമന്മാർ നീട്ടിമൂളി.
പിന്നെ രാത്രിയിൽ
പതുക്കെ വീട്ടിലേക്കു നടന്നു
ആ ജ്ഞാനി.
ആപ്പിളുകളുടെ കൂറ്റൻപിരമിഡുകൾ
അദ്ദേഹം സ്വപ്നം കണ്ടു.



മറുപടി

ആദം
കന്യകയായ ഹവ്വയിൽ നിന്ന്
ഒരാപ്പിൾ ഭക്ഷിച്ചു.
ന്യൂട്ടൺ രണ്ടാമതൊരാദമായിരുന്നു-
ശാസ്ത്രത്തിന്റെ.
ഒന്നാമൻ
സൗന്ദര്യമറിഞ്ഞു.
രണ്ടാമൻ
തുടലുകൾ കൊണ്ടു കുനിഞ്ഞ
ഒരു പെഗാസസിനെയും.
ഇരുവരും അപരാധികളുമായിരുന്നില്ല.
രണ്ടുപേരുടെയും ആപ്പിൾക്കനികൾ
ചെമന്നതായിരുന്നു,
പുതുതായിരുന്നു,
പക്ഷേ ചവർക്കുന്നൊരു ചരിത്രമുണ്ടായിരുന്നു.
നിഷ്കളങ്കതയുടെ, പാവം കുട്ടിയുടെ
ഛേദിച്ച മുലകൾ.


No comments: