Monday, October 17, 2011

ലോര്‍ക്ക - ചീവീടേ!

File:Snodgrass Magicicada septendecim.jpg

ചീവീടേ!
തിമിർക്കുന്ന ചീവീടേ!
മൺതടത്തിൽ വീണു നീ മരിക്കുന്നു,
വെളിച്ചം കുടിച്ചുന്മത്തനായി.

പാടങ്ങളിൽ നിന്നു നീ പഠിച്ചു,
ജിവിതത്തിന്റെ നിഗൂഢത;
പുൽക്കൊടി പൊടിയ്ക്കുന്നതു കേൾക്കുന്നവൾ,
ആ മാലാഖ പറഞ്ഞ പഴങ്കഥ
നീ മനസ്സിലും വച്ചു.

ചീവീടേ!
തിമിർക്കുന്ന ചീവീടേ!
നീലിച്ചൊരു ഹൃദയത്തിന്റെ കയത്തിൽ
ചോരയിൽ മുങ്ങി നീ മരിയ്ക്കുന്നുവല്ലോ.

ദൈവമിറങ്ങിവരുന്നതാണു വെളിച്ചം,
അതരിച്ചിറങ്ങുന്ന പഴുതാണു സൂര്യൻ.

ചീവീടേ!
തിമിർക്കുന്ന ചീവീടേ!
മരണവേദനയിൽ നീയറിഞ്ഞുവല്ലോ,
നീലിമയുടെ ഭാരമാകെ.

മരണത്തിന്റെ വാതിൽ കടക്കുന്നതൊക്കെയും
തല കുമ്പിട്ടു പോകുന്നു,
നിദ്രയുടെ വിളർച്ചയുമായി.
ചിന്ത മാത്രമായ വാക്കുമായി.
ഒച്ചയില്ലാതെ...ദുഃഖിതരായി,
മരണത്തിന്റെ മേലാട,
മൗനം വാരിപ്പുതച്ചും.

നീ, പക്ഷേ, ചീവീടേ,
മോഹിതനായി നീ മരിയ്ക്കുന്നു,
സംഗീതം കൊട്ടിത്തൂവി,
ശബ്ദത്തിൽ, സ്വർഗ്ഗീയവെളിച്ചത്തിൽ
രൂപം പകർന്നും.

ചീവീടേ!
തിമിർക്കുന്ന ചീവീടേ!
നീ വാരിപ്പുതച്ചിരിക്കുന്നുവല്ലോ,
വെളിച്ചം തന്നെയായ
പരിശുദ്ധാത്മാവിന്റെ മേലാട.

ചീവീടേ!
മയങ്ങുന്ന പാടത്തിനു മേൽ
മുഖരനക്ഷത്രം നീ,
നിഴലുകളായ പുൽച്ചാടികൾക്കും
തവളകൾക്കും ചിരകാലചങ്ങാതി,
വേനലിന്റെ മധുരോജസ്സിൽ
നിന്നെ മുറിപ്പെടുത്തുന്ന കലുഷരശ്മികൾ
നിനക്കു പൊന്മയമായ കുഴിമാടങ്ങൾ.
സൂര്യൻ നിന്റെ ആത്മാവിനെ കൈയേൽക്കുന്നു,
അതിനെ വെളിച്ചമാക്കി മാറ്റുന്നു.

എന്റെയാത്മാവുമൊരു ചീവീടാവട്ടെ,
സ്വർഗ്ഗത്തെപ്പാടങ്ങളിൽ.
നീലാകാശത്തിന്റെ മുറിവേറ്റതു മരിക്കട്ടെ,
വിളംബകാലത്തിലൊരു ഗാനം പാടി.
പിന്നെയതും മാഞ്ഞുപോകുമ്പോൾ
ഞാൻ മനക്കണ്ണിൽ കാണുന്ന ആ സ്ത്രീ
തന്റെ കൈകൾ കൊണ്ടു
മണ്ണിലതിനെ വിതറട്ടെ.

മൺകട്ടകളെ ചുവപ്പിച്ചും കൊണ്ടു
പാടത്തെന്റെ ചോര മധുരിക്കട്ടെ,
തളർന്ന കർഷകർ
അതിൽ കൊഴുവാഴ്ത്തട്ടെ.

ചീവീടേ!
തിമിർക്കുന്ന ചീവീടേ!
നീലിമയുടെ അദൃശ്യഖഡ്ഗങ്ങൾ
നിന്നെ മുറിപ്പെടുത്തിയല്ലോ.

1918 ആഗസ്റ്റ് 3


link to image


No comments: