നഷ്ടരാത്രികൾ
എന്റെ കണ്ണുകൾ, കണ്ടുതളർന്നവയെന്റെ കണ്ണുകൾ.
ജനാലയ്ക്കലിരിയ്ക്കെ ഞാൻ കാണുന്നു,
ഒരു കുതിരയെ, ഒരമ്മയെ, ഒരു വെളിയിടത്തെ,
വന്നുപോകുന്ന പകലുകളെ.
ഞാൻ കാണുന്നു ഭവ്യസായാഹ്നത്തെ.
ഗ്രാമ്യദേശങ്ങളുടെ സായാഹ്നം.
സ്വർണ്ണവിഗ്രഹം പോലതു ഗോപ്യം,
തേൻ പോലെ ഘനീഭൂതം.
പിന്നെ രാത്രിയെത്തുകയായി,
പാതകളെയുമിടങ്ങളെയും കൈയേറുകയായി,
തേങ്ങിപ്പോവുന്നു ഞാനെന്റെ ബാല്യത്തെച്ചൊല്ലി,
എനിക്കു നഷ്ടമായ രാത്രികളെച്ചൊല്ലി.
അനാഥത്തെന്നൽ
ആളൊഴിഞ്ഞ കവലയിൽ നില്ക്കെ
ഒരനാഥത്തെന്നൽ വന്നെന്നെത്തോണ്ടുന്നു.
അതു പറയുന്നതെന്തേ:
എന്റെ വഴികാട്ടിയാവുകയെന്നോ?
ആ ദൗത്യമെനിക്കു വയ്യ.
അലകളെക്കാണുന്നില്ലേ നീ,
പ്രണയികളെപ്പോലന്യോന്യം
സൗമ്യമായൊഴിഞ്ഞുമാറുന്നവയെ,
പിന്നെയൊരു ഗാനമായൊന്നിക്കുന്നവയെ?
അതു കണക്കെച്ചെയ്യുക നാമും.
റില്‍ക്കെയുടെ ഫ്രെഞ്ചുകവിതകൾ
No comments:
Post a Comment