Saturday, October 1, 2011

നെരൂദ - ശരൽക്കാലത്തു മറവിയിൽപ്പെട്ടവൻ

File:The tree and the letter.gif


ശരൽക്കാലമായിരുന്നു
ഏഴരമണിയായിരുന്നു
ആരെയോ കാത്തു
നിൽക്കുകയായിരുന്നു ഞാൻ,
എന്റെയൊപ്പം
കാത്തുനിന്നു മടുത്ത കാലം
അല്പാല്പമായി പിന്മാറി,
എന്നെ തനിച്ചാക്കിപ്പോയി.

ഞാൻ തനിച്ചായി,
ഒരു പകലിന്റെ മണ്ണിനൊപ്പം,
വെള്ളത്തിനൊപ്പം,
കൊല ചെയ്തൊരാഴ്ചയുടെ
ദാരുണാന്ത്യത്തിനൊപ്പം.

‘എന്താ പരിപാടി?’
പാരീസിലെ ഇലകൾ എന്നോടു ചോദിക്കുകയാണ്‌,
‘താനാരെ കാത്തു നിൽക്കുന്നു?’

ചിലനേരം ഞാനവമാനിതനുമായി,
കടന്നുപോകുന്ന വെളിച്ചത്താലാദ്യം,
പിന്നെ നായ്ക്കളാൽ, പൂച്ചകളാൽ, പോലീസുകാരാൽ.

ഞാൻ തനിച്ചായി
ഒരേകാകിക്കുതിരയെപ്പോലെ,
അതിനറിയില്ല
പുൽമേട്ടിൽ പകലും രാത്രിയും,
അതിനറിയുന്നത്
ഹേമന്തത്തിന്റെ ഉപ്പുചുവ മാത്രം.

അത്രയ്ക്കേകായിയായി
ഞാൻ നിന്നു,
അത്രയും പൊള്ളയായി,
വിലപിക്കുകയായിരുന്നു
ഇലകൾ, ശേഷിച്ചവ,
പിന്നെയവ ഇറുന്നുവീണു
കണ്ണീർത്തുള്ളികൾ പോലെ.

ഇതിനു മുമ്പ്,
ഇതിനു ശേഷവും
ഇത്രയേകാകിയായിട്ടില്ല ഞാൻ.
ആരെയോ കാത്തുനില്ക്കുമ്പോഴാണിതുണ്ടായതും-


link to image

3 comments:

Jasy kasiM said...

ഇതിനു മുമ്പ്,
ഇതിനു ശേഷവും
ഇത്രയേകാകിയായിട്ടില്ല ഞാൻ.
ആരെയോ കാത്തുനില്ക്കുമ്പോഴാണിതുണ്ടായതും-

--മലയാളത്തിൽ കവിത വായിക്കുമ്പോൾ ഏകാന്തത പെരുകുന്നു..

പരിഭാഷയ്ക്ക് നന്ദി..ആശംസകൾ!

quizpeople said...

ഞാനുമലഞ്ഞു ,ഒരേകാകിക്കുതിരയെപ്പോലെ
വൃഥാ ഈ 'ബൂലോകം' മുഴുവനും
ഒരു കല്യാണസൌഗന്ധിക പൂവ് തേടി
കണ്ടെത്തി അവസാനം..
ഒന്നല്ല ,ഒരു സൌഗന്ധികപൂങ്കാവനം
ദൂരെയല്ല..ചാരെ ..എന്‍ അങ്കണത്തില്‍


രവി സാര്‍

അങ്ങയുടെ ബ്ലോഗ്‌ മനോഹരം ...അവിസ്മരണീയം...കവിതകള്‍

വായിക്കാറില്ലാരുന്നു...അറിവില്ലായ്മ

ആണ് കാരണം.ഇനി എന്നും

അങ്ങയുടെ ബ്ലോഗാം പൂങ്കാവനത്തില്‍

കാവ്യമധു നുകരാന്‍

എത്താം

Sheeba EK said...

ആശംസകൾ!