കടൽച്ചൊറി പോലാകാശത്തു
വിറക്കൊള്ളുന്ന ചന്ദ്ര,
ഈയതികാലത്തെന്താ നിന്റെയൊരുമ്പാട്?
തുഴഞ്ഞുപോവുകയോ നീ,
അതോ നൃത്തം വയ്ക്കുകയോ?
കാറ്റു തട്ടിമാറ്റിയ ആ വിധുരമന്ത്രകോടിയുമായി,
കപ്പൽച്ചേതങ്ങളുടെയോ, ആഭരണങ്ങളുടെയോ
ആ സുതാര്യഹാരങ്ങളുമായി,
നിന്റെ നിശാസങ്കേതമണഞ്ഞിട്ടില്ലിനിയും
നീയെന്നപോലെ,
ആകാശഗംഗയിൽ വീണുപോയ നക്ഷത്രനിറച്ചാവി നോക്കി
വാതിലിനു മുന്നിൽ നില്ക്കുകയാണു
നീയെന്നപോലെ.
പിന്നെ പകലു വരവായി,
നിന്റെ ചതഞ്ഞ ദളപുടങ്ങളുടെ ശോഭ കെടുത്തി;
ഭീഷണവനഭൂമിയിലൊരു വീടു പോലെ
പകലെരിയുന്നു.
അണുവികിരണത്തിന്റെ സടയുമായി,
ഉഗ്രരോഷവുമായി,
തിളയ്ച്ചും കുതിച്ചും സൂര്യനെത്തുന്നു.
നിന്റെ വിളറിയ ചേലാഞ്ചലമിഴഞ്ഞുമാറുന്നു,
ആകാശത്തൊരു മത്സ്യം പോലെ.
രാത്രിയുടെ കയങ്ങളിലേക്കു മടങ്ങൂ,
തീവണ്ടിപ്പാളങ്ങളുടെ ചന്ദ്ര,
വ്യാഘ്രരാത്രികളുടെ ചന്ദ്ര,
മദ്യശാലകളുടെ ചന്ദ്ര;
വെള്ളപ്പെരുക്കം പോലെ തള്ളിക്കേറുന്ന രാത്രികളുടെ
കടുംചായം തേച്ച പൂമുഖങ്ങളിലേക്കു മടങ്ങൂ,
ആകാശത്തിന്റെ ക്ഷമയ്ക്കു മേൽ
നിന്റെ കുലീനതയുമായൊഴുകിപ്പോകൂ.
5 comments:
വീടുമുറ്റത്തെ കല്യാണസൌഗന്ധികപ്പൂവ് കാണാതെ ചുറ്റിനടന്നു
ഞാനെന്‍റെ ബ്ലോഗ് ജീവിതം വൃഥാ കളഞ്ഞു.
ഇനി ഞാനെത്തും എല്ലാ ദിനവും ആ മനോഹര ബ്ലോഗാം പൂങ്കാവനത്തില്‍
-രവി സാര്‍ അങ്ങയുടെ ബ്ലോഗ് ആനന്ദദായകം ...അവിസ്മരണീയം-
രവിയുടെ അശ്രാന്തപരിശ്രമങ്ങള്‍ക്ക്,എന്റെ ബഹുമാനം നിറഞ്ഞ നന്ദി
എല്ലാം വായിയ്ക്കുന്നുണ്ട്. അഭിപ്രായങ്ങൾ എഴുതാൻ മാത്രം വിവരമില്ലെന്ന തിരിച്ചറിവിൽ മൌനമായിരിയ്ക്കുന്നു.......
വായിക്കുന്നു, ആസ്വദിക്കുന്നു.. Echmukutty പറഞ്ഞതുപോലെ,അതിനെക്കാളധികമായി വിവരമില്ലായ്മ അഭിപ്രായങ്ങള്‍ പറയാന്‍ തടസ്സമാവുന്നു.. ആശംസകള്‍ ഈ നല്ല ശ്രമത്തിന്‍..
സ്ഥിരമായി വായിക്കാറുണ്ട്. ലോകസാഹിത്യവുമായി ഇടപഴകാൻ അവസരമൊരുക്കുത്തരുന്നതിന് ഒരായിരം നന്ദി.
Post a Comment