ഞാൻ മടങ്ങിയെത്തിയിരിക്കുന്നു,
എന്നിട്ടും കടലെന്റെ നേർക്കയക്കുന്നത്
എനിക്കപരിചിതമായ നുരകൾ.
എന്റെ നോട്ടത്തിന്റെ വഴി അതിനു വഴങ്ങുന്നില്ല.
മണലെന്നെ തിരിച്ചറിയുന്നുമില്ല.
മുൻകൂട്ടിപ്പറയാതെ കടലിലേക്കു മടങ്ങുക-
അർത്ഥശൂന്യമാണത്.
നിങ്ങൾ മടങ്ങിവന്നതാണെന്നതു മനസ്സിലാക്കില്ല,
നിങ്ങളകലെയായിരുന്നുവെന്നും.
നീലവ്യവഹാരങ്ങളുടെ തിരക്കിലാണു കടൽ,
തിരിച്ചുവരവുകൾ അറിയപ്പെടാതെപോവുകയുമാണതിനാൽ.
തിരകൾ പാട്ടു നിർത്തുന്നില്ല,
കടലിനുണ്ട് പല കൈകൾ, പല ചുണ്ടുകൾ,
പല ചുംബനങ്ങളെന്നാലും
ഒരു കൈയും നിങ്ങളിലേക്കെത്തുന്നില്ല,
ഒരു ചുണ്ടും നിങ്ങളെ ചുംബിക്കുന്നില്ല;
വൈകാതെ നിങ്ങളറിയുകയും ചെയ്യും,
എത്ര ദുർബലമായൊരു വസ്തുവാണു താനെന്ന്.
സ്നേഹിതരല്ലേ നമ്മളെന്ന ചിന്തയോടെ,
തുറന്നുപിടിച്ച കൈകളോടെ നാം മടങ്ങിച്ചെല്ലുന്നു,
കടലതാ, നൃത്തം ചെയ്യുന്ന തിരക്കിലാണ്,
നമ്മെയതു കാര്യമാക്കുന്നേയില്ല.
ഇനി ഞാൻ കാത്തിരിക്കേണ്ടിവരും
മൂടൽമഞ്ഞിനായി,
തൂവാനം പാറുന്ന ഉപ്പുതരികൾക്കായി,
ചിതറിയ സൂര്യനായി:
അന്നേ കടലെന്റെ മേൽ നിശ്വസിക്കൂ;
വെള്ളം വെറും വെള്ളമല്ലല്ലോ,
അതവ്യക്തമായൊരു കടന്നുകയറ്റം,
കണ്ണിൽപ്പെടാത്ത കുതിരകളെപ്പോലെ
കിടന്നുമറിയുകയാണു തിരകൾ.
അതിനാൽ ഞാൻ പഠിക്കേണ്ടിയിരിക്കുന്നു
എന്റെ സ്വപ്നങ്ങളിൽ നീന്തിനടക്കാൻ,
കടലൊരുവേളയെന്നെക്കാണാൻ
എന്റെ സ്വപ്നത്തിൽ വന്നാലോ.
അങ്ങനെയൊന്നു നടന്നാൽ,
നനഞ്ഞ പാറകളിൽ നാളെ തുടിച്ചുയരുമ്പോൾ,
ഞാനാരെന്നും ഞാൻ മടങ്ങിയതെന്തിനെന്നും
മണലറിഞ്ഞുവെന്നുവരാം,
മാറ്റൊലിച്ചുലയുന്ന പെരുംകടലറിഞ്ഞുവെന്നുവരാം,
അവരുടെ വിദ്യാലയത്തിലേക്കെനിക്കു പ്രവേശനം തന്നുവെന്നുവരാം.
എങ്കിൽ സമ്പ്രീതനായെനിക്കിരിക്കാം,
പൂഴിയുടെ ഏകാന്തതയിൽ,
കാറ്റിനാലുയർത്തപ്പെട്ടവനായി,
കടൽപ്രപഞ്ചത്താൽ ബഹുമാനിതനായി.
No comments:
Post a Comment