Tuesday, September 13, 2011

ഫെര്‍ണാണ്ടോ പെസ് വാ - ലിഡിയാ...


ഞാൻ സ്നേഹിക്കുന്നു, ലിഡിയാ...


ഞാൻ സ്നേഹിക്കുന്നു, ലിഡിയാ,
അഡോണിസിന്റെ തോപ്പിലെ പനിനീർപ്പൂക്കളെ
ചിറകു വച്ചപോൽ ക്ഷണികമായവയെ.
ഒരുനാൾ പിറന്നാനാളിൽത്തന്നെ മരിക്കുന്നവയെ.
കെടുകയില്ലവയ്ക്കു വെളിച്ചം,
സൂര്യോദയത്തിനു പിമ്പാണവ പിറക്കുക,
അപ്പോളോ തന്റെ ദൃശ്യപഥം മുഴുമിക്കും മുമ്പു മരിക്കുമവ.
നമുക്കും ജീവിതമാവിധമൊരുനാളെയ്ക്കാവട്ടെ,
നാമിവിടെയുള്ളൊരല്പകാലത്തിനു മുമ്പും പിമ്പും
രാത്രിയാണെന്നതു സൗകര്യപൂർവം നാം മറക്കുക, ലിഡിയാ.

1914 ജൂലൈ 11


വരാനുള്ളതിനെയോർത്തു ഞാൻ പേടിക്കുന്നു, ലിഡിയാ...


വരാനുള്ളതിനെയോർത്തു ഞാൻ പേടിക്കുന്നു, ലിഡിയാ,
ജീവിതത്തിൽ പുതിയൊരു ചിട്ട കൊണ്ടുവരാവുന്നതേതിനെയും
ഞാൻ പേടിക്കുന്നു ലിഡിയാ.
സുഗമമായൊഴുകുന്ന എന്റെ ജീവിതഗതിയെ
എത്ര ചെറുതായെങ്കിലും മാറ്റാവുന്നതൊന്നിനെ,
ഹിതകരമാവാമാ മാറ്റമെങ്കിലും,
മാറ്റമാണതെന്നതിനാൽ ഞാൻ വെറുക്കുന്നു,
ഞാൻ നിരാകരിക്കുന്നു, ലിഡിയാ.
ദേവകൾ കല്പിക്കട്ടെ,
എന്റെ ജീവിതമനുസ്യൂതമായൊരു സമതലമാവാൻ,
ഒടുങ്ങുന്നിടത്തേക്കതൊഴുകിയെത്താൻ.
ഇന്നോളം പ്രശസ്തി നുകർന്നിട്ടില്ല ഞാനെങ്കിലും,
അന്യരിൽ നിന്നു സ്നേഹമോ ബഹുമാനമോ ആർജ്ജിച്ചിട്ടില്ല ഞാനെങ്കിലും
ജീവിതം ജീവിതമായാൽ മതിയെനിക്ക്,
ഞാനതു ജീവിക്കുന്നുവെന്നും.

1917 മേയ് 26


ചിത്രം - ഹെന്റി റൂസ്സോ (വിക്കിമീഡിയ)


No comments: