Thursday, September 1, 2011

ഫ്രീഡ്റിക്ക് നീച്ച - സ്ത്രീയും കുട്ടിയും - 3


28. പ്രേമം


പ്രേമത്തിന്റെ കാര്യം വരുമ്പോൾ സ്ത്രീകളനുഷ്ഠിക്കുന്ന വിഗ്രഹപൂജ അടിസ്ഥാനപരമായും, പ്രഥമമായും നിപുണമായൊരുപായമത്രെ; എങ്ങനെയെന്നാൽ പ്രേമത്തിന്റെ ആദർശവത്കരണത്തിലൂടെ അവർ സ്വന്തം ശക്തിയെ പെരുപ്പിച്ചുകാട്ടുകയാണ്‌, തങ്ങളെത്ര അഭികാമ്യരാണെന്ന് പുരുഷന്റെ കണ്ണുകൾക്കു മുന്നിൽ വരച്ചുകാട്ടുകയാണ്‌. പക്ഷേ നൂറ്റാണ്ടുകളായി അവർ പരിചയിച്ച ഈ പെരുപ്പിച്ചുകാട്ടലു കൊണ്ടെന്തുണ്ടായി എന്നു വച്ചാൽ, തങ്ങൾ വെച്ച കെണിയിൽ അവർ തന്നെ പെട്ടു എന്നതാണ്‌; ഏതു യുക്തി വച്ചിട്ടാണ്‌ പ്രേമത്തെ അത്രയും വില കൂട്ടിക്കാണിക്കാൻ തങ്ങൾ മുതിർന്നതെന്ന് അവർ മറക്കുകയും ചെയ്തു. ഇപ്പോൾ അവരാണ്‌ പുരുഷന്മാരെക്കാളേറെ കബളിപ്പിക്കപ്പെട്ടവർ; ഏതു സ്ത്രീയുടെയും ജീവിതത്തിൽ അനിവാര്യമെന്നപോലെ കടന്നുവരുന്ന നൈരാശ്യം ഹേതുവായി ഏറെത്തപ്പിക്കുന്നതും അവർ തന്നെ. കബളിപ്പിക്കപ്പെടാനും നിരാശപ്പെടാണും വേണ്ടത്ര ഭാവന സ്വന്തമായിക്കിട്ടുന്നത്ര വരെ പോയിരിക്കുന്നുമവർ.


29. പ്രേമിക്കാൻ സ്വയമനുവദിക്കൽ


കമിതാക്കൾക്കിടയിൽ ഒരാൾ പ്രേമിക്കുന്നയാളും, മറ്റേയാൾ പ്രേമത്തിനു പാത്രമാകുന്നയാളും എന്നതാണ്‌ പതിവെന്നിരിക്കെ, പ്രേമത്തിന്റെ ആകെത്തുക സ്ഥിരമായിരിക്കുമെന്നൊരു വിശ്വാസം ഉണ്ടായിവന്നിട്ടുണ്ട്: ഒരാൾ കൂടുതൽ പിടിച്ചുപറ്റിയാൽ അത്ര കുറച്ചേ മറ്റേയാൾക്കു ശേഷിക്കുന്നുള്ളുവെന്ന്. ചിലപ്പോൾ ഒരപവാദം പോലെ സംഭവിക്കാം, ദുരഭിമാനം ഇരുവരെയും ബോദ്ധ്യപ്പെടുത്തുകയാണ്‌, താനാണ്‌ സ്നേഹിക്കപ്പെടേണ്ടതെന്ന്; ഇരുവരുമങ്ങനെ സ്നേഹിക്കപ്പെടാൻ നിന്നുകൊടുക്കുകയാണ്‌. വിവാഹബന്ധങ്ങളിൽ പ്രത്യേകിച്ചും, പാതി വികടവും പാതി അസംബന്ധവുമായ രംഗങ്ങൾ ഇതു കൊണ്ടുണ്ടാവാറുണ്ട്.


30. വൈവാഹികാനന്ദം


ശീലിക്കുന്നതൊക്കെയും നമുക്കു ചുറ്റും മുറുകിവരുന്നൊരു ചിലന്തിവല വിരിയ്ക്കുകയാണു ചെയ്യുന്നത്. വലയിഴകൾ കെണികളായിരിക്കുന്നുവെന്നും, നടുവിൽ ചിലന്തിയെപ്പോലെ പെട്ടുകിടക്കുന്നതു നാം തന്നെയാണെന്നും, സ്വന്തം ചോര തന്നെ നാമൂറ്റിക്കുടിക്കണമെന്നും പിന്നെയാണു നാമറിയുക. അതുകൊണ്ടാണ്‌ ഒരു സ്വതന്ത്രാത്മാവ് ശീലങ്ങളെയും നിയമങ്ങളെയും, നിയതവും സ്ഥായിയുമായ സകലതിനെയും വെറുക്കുന്നത്; അതുകൊണ്ടു തന്നെയാണ്‌, തനിക്കു ചുറ്റുമുള്ള വലയിൽ നിന്ന് വേദന സഹിച്ചെങ്കിലും സ്വയം പറിച്ചെടുക്കാൻ അയാൾ പേർത്തും പേർത്തും ശ്രമിക്കുന്നതും; തത്ഫലമായി വലുതും ചെറുതുമായ അസംഖ്യം മുറിവുകൾ സഹിക്കേണ്ടിവന്നാൽപ്പോലും- ആ വലനാരുകൾ അയാൾ പറിച്ചെടുക്കേണ്ടത് തന്നിൽ നിന്നാണ്‌, തന്റെ ഉടലിൽ നിന്നാണ്‌, തന്റെയാത്മാവിൽ നിന്നാണ്‌. വെറുപ്പു കാണിച്ചിരുന്നിടത്ത് സ്നേഹം കാണിക്കാൻ അയാൾ പരിശീലിക്കണം, നേരേ തിരിച്ചും. അയാൾക്കസാധ്യമായിട്ടൊന്നുമില്ലെന്നു വേണമെങ്കിൽ പറയാം; താനൊരുകാലത്ത് കാരുണ്യം കൊണ്ടൊഴുക്കിയ പാടത്ത് വ്യാളിയുടെ പല്ലുകൾ വിതയ്ക്കാൻ പോലും.

ഇതിൽ നിന്നു നമുക്കു വിലയിരുത്താം വൈവാഹികാനന്ദത്തിനനുയോജ്യനാണോ അയാളെന്ന്.


31. സ്വർണ്ണത്തൊട്ടിൽ


തനിക്കു ചുറ്റുമുള്ള സ്ത്രീകളൊരുക്കിത്തരുന്ന മാതൃശുശ്രൂഷയും സരംക്ഷണവും കുടഞ്ഞുകളയാമെന്നൊരു തീരുമാനമെടുക്കാനായാൽ സ്വതന്ത്രാത്മാവായ ഒരാൾ ഒരു നെടുവീർപ്പിടുമെന്നതു തീർച്ച. അവരിത്ര ഉത്കണ്ഠയോടെ തടുത്തുനിർത്തിയിരുന്ന തണുത്ത കാറ്റൊന്നുകൊണ്ടതു കൊണ്ടെന്തു ചേതം വരാൻ? സ്വർണ്ണത്തൊട്ടിലിന്റെയും, തൂവൽ വിശറിയുടെയും, ബന്ധനവുമായി, ഒരു ശിശുവിനെപ്പോലെ പരിചരിക്കപ്പെടുകയും ലാളിക്കപ്പെടുകയുമാണു താനെന്നതിന്റെ നന്ദി കാണിക്കണം എന്ന ഞെരുക്കുന്ന വികാരവുമായി തട്ടിച്ചു നോക്കുമ്പോൾ നഷ്ടം, കോട്ടം, അപകടം, രോഗം, കടം, അല്ലെങ്കിൽ വിഡ്ഢിത്തം, അതൊന്നു കൂടിയാലും കുറഞ്ഞാലും എന്താവാൻ? ചുറ്റുമുള്ള സ്ത്രീകളുടെ മാതൃമനോഭാവം പകരുന്ന മുലപ്പാൽ അത്ര വേഗം പിത്തനീരായിത്തീരുന്നതും ഇതു കാരണം കൊണ്ടുതന്നെ.


1 comment:

Echmukutty said...

നീച്ചയുടെ ഈ വചനങ്ങൾ നേരത്തെ പലവട്ടം വായിച്ചിട്ടുണ്ട്.