Monday, September 19, 2011

ലോര്‍ക്ക - മരങ്ങൾ


മരങ്ങൾ


മരങ്ങളേ!
അമ്പുകളായിരുന്നുവോ നിങ്ങൾ,
നീലിമയിൽ നിന്നു പതിച്ചവ?
നിങ്ങളെ തൊടുത്തുവിട്ട-
തേതു ഭീഷണരായ പടയാളികൾ?
നക്ഷത്രങ്ങളോ?

നിങ്ങളുടെ സംഗീതമുറപൊട്ടുന്നതു
കിളികളുടെ ആത്മാക്കളിൽ നിന്ന്,
ദൈവത്തിന്റെ കണ്ണുകളിൽ നിന്ന്,
മനം നിറഞ്ഞ വികാരത്തിൽ നിന്ന്.
മരങ്ങളേ!
നിങ്ങളുടെ മുരത്ത വേരുകളറിയുമോ,
മണ്ണിലെന്റെ ഹൃദയത്തെ?

1919


എന്റെ പട്ടുഹൃദയം


എന്റെ പട്ടുഹൃദയം നിറയെ
വെളിച്ചങ്ങളുമായി,
കാണാതായ മണികളുമായി,
ലില്ലിപ്പൂക്കളും തേനീച്ചകളുമായി,
അകലെയ്ക്കു ഞാൻ പോകും,
മലകൾക്കുമപ്പുറത്തേക്ക്,
കടലുകൾക്കുമപ്പുറത്തേക്ക്,
നക്ഷത്രങ്ങൾക്കടുത്തേക്ക്.
ക്രിസ്തുവിനോടു ഞാൻ പറയും,
എനിക്കു മടക്കിനല്കൂ, കർത്താവേ,
കുട്ടിക്കാലത്തെയെന്റെയാത്മാവിനെ,
തൂവൽ വച്ച തൊപ്പിയും,
മരത്തിന്റെ വാളുമായി
പഴംകഥകളിലാണ്ടുമുങ്ങിയതിനെ.

1910


ചിത്രം - ലോര്‍ക്കയുടെ വര


No comments: