നിങ്ങളുടെ ഒരു സ്നേഹിതൻ മരിച്ചുപോയാൽ
നിങ്ങളിലയാൾ മരിച്ചുകൊണ്ടേയിരിക്കും.
നിങ്ങളയാളെ കൊല്ലുന്ന കാലം വരെ
അയാൾ നിങ്ങളെ തേടിവന്നുകൊണ്ടിരിക്കും.
അയാളുടെ മരണത്തെ നാമോർക്കുക-
നടക്കുമ്പോഴും, തിന്നുമ്പോഴും,
തമ്മിൽ സംസാരിക്കുമ്പോഴും.
അയാൾക്കു വന്നുപെട്ടതൊക്കെ
എത്രയപ്രധാനമായിപ്പോയി.
ഏവർക്കും നല്ലപോലറിയുന്നതായിരുന്നു
അയാളുടെ ശോകങ്ങളും.
ഇന്നയാൾ മരിച്ചിരിക്കുന്നു,
ആരുമയാളുടെ പേരുപോലുമുച്ചരിക്കുന്നുമില്ല.
അയാളുടെ പേരു കടന്നുപോയി,
ആരുമതിനെ പിടിച്ചുനിർത്താനാഞ്ഞില്ല.
എന്നിട്ടും, മരണശേഷവും
അയാൾ കയറിവരികയാണ്,
ഇവിടെ നാമെങ്കിലും അയാളെ ഓർക്കുമെന്ന പ്രതീക്ഷയോടെ.
യാചനാഭാവത്തോടെ
നമ്മുടെ കണ്ണുകളിൽപ്പെടാൻ നിന്നുതരികയാണയാൾ.
നാമതു കണ്ടില്ല,
കാണണമെന്നു നാമാഗ്രഹിച്ചുമില്ല.
അന്നയാൾ മടങ്ങിപ്പോയതാണ്,
ഇപ്പോഴയാളെ കാണാറുമില്ല.
അയാളിനി വരികയുമില്ല,
ആർക്കുമയാളെ വേണ്ടാതായിരിക്കെ.
http://commons.wikimedia.org/wiki/File:Near-Death-Experience_Illustration.jpg
1 comment:
അതെ, ശരിയാണ്. അയാൾ മരിച്ചുകൊണ്ടേയിരിയ്ക്കും.
Post a Comment