Wednesday, September 14, 2011

ഫെര്‍ണാണ്ടോ പെസ് വാ - ദൂരെ, കുന്നിഞ്ചരിവിൽ...

File:Henri Rousseau Femme se promenant.jpg


ചില വേനൽപ്പകലുകളിൽ...


ചില വേനൽപ്പകലുകളിൽ, സൂര്യനസ്തമിക്കുന്ന വേളയിൽ,
തെന്നലില്ലെങ്കിൽപ്പോലും
ഒരുനിമിഷത്തേക്കു തോന്നിപ്പോകാറുണ്ട്,
ഒരിളംതെന്നലൊന്നു വീശിപ്പോയെന്ന്...
മരങ്ങൾ നിശ്ചലമാണു പക്ഷേ,
ഇലയായ ഇലയൊക്കെയുമടക്കി.
ഇന്ദ്രിയങ്ങൾക്കൊരു മതിഭ്രമമുണ്ടായതാണ്‌-
ആ നിമിഷത്തേക്ക് അവയ്ക്കു ഹിതകരമായൊരു മതിഭ്രമം...

ഹാ, നമ്മുടെ ഇന്ദ്രിയങ്ങൾ, രോഗികളായ കാഴ്ചക്കാരും കേൾവിക്കാരും!
നാം നമ്മളായിരുന്നുവെങ്കിൽ
ഒരു മതിഭ്രമവും നമുക്കു വേണ്ടതില്ലായിരുന്നു...
തെളിമയോടെ, ജീവനോടെ അറിഞ്ഞാൽ
അതുതന്നെ മതിയാകുമായിരുന്നു നമുക്ക്,
എന്തിനാണിന്ദ്രിയങ്ങളെന്നു ശ്രദ്ധിക്കുകപോലും ചെയ്യാതെ...

ഭാഗ്യം, അപൂർണ്ണത ലോകത്തുണ്ടായത്,
അപൂർണ്ണതയും ഒരു വസ്തു തന്നെ,
അബദ്ധക്കാരായ മനുഷ്യരുണ്ടെന്നതും ഒരു വസ്തുത തന്നെ,
രോഗികളായ മനുഷ്യർ ലോകത്തുണ്ടെന്നതുമൊരു കൗതുകം തന്നെ.
ഒരപൂർണ്ണതയുമില്ലെങ്കിൽ ഉള്ളതിലൊന്നു കുറയുമായിരുന്നു,
അനവധിയായ കാര്യങ്ങളുണ്ടാവണം,
നമുക്കു കാണാനും കേൾക്കാനും പലതുണ്ടാവാൻ,
നമ്മുടെ കണ്ണുകളും കാതുകളും തുറന്നിരിക്കുന്ന കാലത്തോളം...

1914 മേയ് 7



മണ്ണിൽ രേഖകളവശേഷിപ്പിച്ചുപോകുന്ന...

മണ്ണിൽ രേഖകളവശേഷിപ്പിച്ചുപോകുന്ന മൃഗത്തിന്റെ യാത്രയെക്കാൾ ഭേദം,
ഒരു പാടും വീഴ്ത്താതെ പറന്നുപോകുന്ന പക്ഷിയുടെ പറക്കൽ.
പക്ഷി പറന്നുപോകുന്നു, അതു മറവിയിൽപ്പെട്ടും പോകുന്നു,
കാര്യങ്ങളാവിധമാണു വേണ്ടതും.
മൃഗമോ, തത്സമയമില്ലാത്തത്, അതിനാലുപയോഗമില്ലാത്തത്,
അതു വിളിച്ചുകാട്ടുകയാണ്‌, താനിവിടെയുണ്ടായിരുന്നുവെന്ന്.

ഓർമ്മിക്കുകയെന്നാൽ പ്രകൃതിയെ വഞ്ചിക്കുക എന്നുതന്നെ,
എന്തെന്നാൽ ഇന്നലത്തെ പ്രകൃതി പ്രകൃതിയല്ല,
ഉണ്ടായിരുന്നത് ഉള്ളതല്ല, ഓർമ്മിക്കുകയെന്നാൽ കാണാതിരിക്കുകയും.

കടന്നുപോകൂ, പക്ഷീ, കടന്നുപോകൂ, കടന്നുപോകാനെന്നെപ്പഠിപ്പിക്കൂ!

1914 മേയ് 7



ദൂരെ, കുന്നിഞ്ചരിവിൽ...

ദൂരെ, കുന്നിഞ്ചരിവിൽ ഒരു നിര മരങ്ങൾ...

എന്നാലെന്താണീ ഒരുനിര മരങ്ങൾ? അവ വെറും മരങ്ങൾ മാത്രം,
‘നിര’യും ‘മരങ്ങൾ’ എന്ന ബഹുവചനവും വെറും പേരുകൾ, വസ്തുക്കളല്ലവ.

ആഹ്ളാദമെന്തെന്നറിയാത്ത മനുഷ്യജീവികൾ,
സർവതിനെയുമവർ ക്രമപ്പെടുത്തും,
വസ്തുവിൽ നിന്നു വസ്തുവിലേക്കവർ വര വരയ്ക്കും,
തികച്ചും യഥാർത്ഥമായ മരങ്ങൾക്കു മേലവർ പേരുകളുടെ ലേബലൊട്ടിയ്ക്കും,
അക്ഷാംശരേഖാംശങ്ങളുടെ സമാന്തരങ്ങൾ കൊണ്ടു കണ്ടംകണ്ടമാക്കും
അത്ര ഹരിതവും, പുഷ്പസമൃദ്ധവുമായ ഈ മുഗ്ദ്ധഭൂമിയെത്തന്നെ!

1914 മേയ് 7


റിക്കാർഡോ റെയിസ് എന്ന അപരനാമത്തിൽ എഴുതിയത്


ചിത്രം - ഹെന്റി റൂസ്സോ (വിക്കിമീഡിയ)

No comments: