ഗുരു
ഭൂമിയ്ക്കു മേൽ അന്ധകാരമായപ്പോൾ അരിമേത്യായിലെ യോസെഫ് ഒരു പൈൻമുട്ടി കൊളുത്തിയെടുത്തതിന്റെ വെട്ടത്തിൽ കുന്നിറങ്ങി താഴ്വാരത്തിലേക്കു പോയി. സ്വന്തം വീട്ടിൽ അടിയന്തിരങ്ങൾ പലതും ബാക്കിയായിരുന്നുവല്ലോ അയാൾക്ക്.
ദുരിതത്തിന്റെ താഴ്വാരത്തിലെ തീക്കല്ലുകളിൽ മുട്ടുകുത്തി നഗ്നനായൊരു യുവാവു വിലപിക്കുന്നതയാൾ കണ്ടു. അയാൾക്കു മുടി തേനിന്റെ നിറമായിരുന്നു, ഉടൽ പൂവു പോലെ വെളുത്തിട്ടായിരുന്നു, എന്നാലയാളുടെ ദേഹമാകെ മുള്ളുകൾ കൊണ്ടു മുറിപ്പെട്ടിരുന്നു, മുടിയിലൊരു കിരീടം പോലെ ചാമ്പലുമണിഞ്ഞിരുന്നു അയാൾ.
വലിയ സമ്പത്തുകൾക്കുടമയായവൻ നഗ്നനായി വിലപിക്കുന്ന യുവാവിനെ നോക്കിപ്പറഞ്ഞു, ‘നിങ്ങളത്രയും ദുഃഖിക്കുന്നുവെന്നതിൽ അശേഷം അത്ഭുതപ്പെടുന്നില്ല ഞാൻ, അത്രയും നീതിമാനായിരുന്നുവല്ലോ അവൻ.’
ഇതുകേട്ടവാറെ യുവാവു പറഞ്ഞു, ‘അവനായിട്ടല്ല ഞാൻ വിലപിക്കുന്നത്, അതെന്നെച്ചൊല്ലിത്തന്നെ. ഞാനും വെള്ളത്തെ വീഞ്ഞാക്കിയിരിക്കുന്നു, കുഷ്ഠരോഗിയെ സുഖപ്പെടുത്തിയിരിക്കുന്നു, കുരുടനു കാഴ്ചയും നല്കിയിരിക്കുന്നു. കടലിനു മേൽ ഞാൻ നടന്നു, കുഴിമാടങ്ങളുടെ നിവാസികളിൽ നിന്ന് പിശാചുക്കളെ ആട്ടിയിറക്കുകയും ചെയ്തു ഞാൻ. മരുഭൂമിയിൽ വിശന്നുകിടന്നവർക്കു ഞാനപ്പം നല്കി, മരിച്ചവരെ അവരുടെ ഇടുങ്ങിയ വീടുകളിൽ നിന്നു ഞാനെഴുന്നേല്പിച്ചു, എന്റെ വാക്കിൻപടി, വലിയൊരു പുരുഷാരത്തിനു മുന്നിൽ വച്ചും, കായ്ക്കാത്ത അത്തിമരം പട്ടുപോവുകയും ചെയ്തു. ഈ മനുഷ്യൻ ചെയ്തതൊക്കെ ഞാനും ചെയ്തിരിക്കുന്നു. എന്നിട്ടും അവരെന്നെ ക്രൂശിച്ചില്ല.‘
ശിഷ്യൻ
നാഴ്സിസസ് മരണപ്പെട്ടപ്പോൾ അയാൾ ആനന്ദം കണ്ട തടാകം മധുരജലത്തിന്റെ ചഷകത്തിൽ നിന്ന് ഉപ്പു കയ്ക്കുന്ന കണ്ണിരിന്റെ ചഷകമായിപ്പോയി; ആ നേരത്തു മലകളിൽ നിന്നപ്സരസ്സുകൾ വിലാപിച്ചും കൊണ്ടിറങ്ങിവന്നു, പാട്ടുകൾ പാടി തടാകത്തെ ആശ്വസിപ്പിക്കാൻ.
മധുരജലത്തിന്റെ ചഷകത്തിൽ നിന്ന് ഉപ്പു കയ്ക്കുന്ന കണ്ണിരിന്റെ ചഷകമായി മാറി തടാകമെന്നു കണ്ടപ്പോൾ പച്ചനിറത്തിലെ മുടി കെട്ടഴിച്ചിട്ടു കരഞ്ഞും കൊണ്ടവർ തടാകത്തോടായിപ്പറഞ്ഞു, ‘ നാഴ്സിസസിനെച്ചൊല്ലി നീയിപ്രകാരം വിലപിക്കുന്നതിൽ അശേഷം അത്ഭുതപ്പെടുന്നില്ല ഞങ്ങൾ, അത്രയും സുന്ദരനായിരുന്നവല്ലോ അവൻ.’
’അത്രയും സുന്ദരനായിരുന്നുവോ, നാഴ്സിസസ്?‘ തടാകം ചോദിച്ചു.
’അതു നിന്നെക്കാൾ നന്നായി മറ്റാരറിയാൻ?‘ അപ്സരസ്സുകൾ പറഞ്ഞു, ’ ഞങ്ങളെയവൻ കടന്നുപോവുകയായിരുന്നു, അവൻ തേടിപ്പിടിച്ചതു നിന്നെ, നിന്റെ കരയിൽ നിന്നെയും നോക്കിക്കിടന്നിരുന്നു അവൻ, നിന്റെ കണ്ണാടിയിൽ തന്റെ സൗന്ദര്യം പ്രതിഫലിക്കുന്നതവൻ കണ്ടു.‘
തടാകം ഇങ്ങനെ പറഞ്ഞു, ‘നാഴ്സിസസിനെ ഞാൻ സ്നേഹിച്ചുവെങ്കിൽ അതവൻ എന്റെ കരയിൽക്കിടന്നെന്നെ നോക്കുമ്പോൾ അവന്റെ കണ്ണുകളിൽ എന്റെ സൗന്ദര്യം പ്രതിഫലിച്ചിരുന്നതു കൊണ്ടായിരുന്നു.’
No comments:
Post a Comment