
നിന്റെ കുന്തമൊരുനാളും
ചെന്നുതറയ്ക്കില്ല ചക്രവാളത്തില്‍ .
അതിനെ ചെറുക്കാനുണ്ടല്ലോ
മലയെന്നൊരു
പരിച.
സ്വപ്നം കാണേണ്ട
ചന്ദ്രന്റെ ചോരയും.
എന്റെ കാൽമടമ്പുകളെ താലോലിക്കട്ടെ
മഞ്ഞുതുള്ളികൾ പക്ഷേ.
അതിവലിപ്പമായ കൈനോട്ടക്കാരീ!
നിന്റെ മുതുകത്തവർ മറന്നിട്ടുപോകുന്ന
മങ്ങിയ മുദ്രകൾ നോക്കി
ആത്മാക്കളുടെ ജാതകമെഴുതുകയോ നീ?
കാല്പാടുകളുടെ വായനക്കാരിയെങ്കി-
ലെത്ര സ്നേഹിക്കുമായിരുന്നില്ല നീ
കടന്നുപോകുന്ന കഴുതകളെ,
പൊട്ടിപ്പിളർന്ന നിന്റെയുടലിനെ
വിനീതമായൊരാർദ്രതയോടെ തഴുകുന്നവയെ!
അവയ്ക്കേ ആലോചനാവിഷയമാവുന്നുള്ളു,
നിന്റെ കുന്തത്തിനുന്നത്തെ.
മൃഗലോകത്തെ ബുദ്ധന്മാർ,
വൃദ്ധരും വ്രണിതരുമാവുമ്പോൾ
അവരേ കൂട്ടിവായിക്കുന്നുള്ളു
വാക്കുകളില്ലാത്ത നിന്റെ പുസ്തകം.
എന്തു വിഷാദഛായയാണു നിനക്ക്
നാട്ടുമ്പുറത്തെ വീടുകൾക്കിടയിൽ!
എന്തു തിളക്കമാണു നിന്റെ നന്മകൾക്കും!
ഒരു പരിഭവവുമില്ലാതെ നീ താങ്ങുന്നുവല്ലോ,
ഉറക്കം തൂങ്ങുന്ന നാലു കുതിരവണ്ടികളെ,
രണ്ടു വേലമരങ്ങളെ,
വെള്ളം വറ്റിയ പഴയൊരു കിണറിനെ.
തുറസ്സുകൾ വിട്ടു പോരൂ,
നിത്യതയുടെ ശ്യാമവിദൂരതയിൽ
വെള്ളയരം കൊണ്ടു നിഴലു കടയുകയാണെങ്കിൽ
സാന്താ ക്ളാരാപ്പാലത്തിൽ നിന്നു താഴെ വീഴുമേ,
പാത നീ!
1920
സാന്താ ക്ളാരാ - ‘സാന്താ ക്ളാരാപ്പാലം കടക്കുമ്പോൾ/മോതിരമൂരിപ്പുഴയിൽ വീണു’ എന്നൊരു നാടൻ പാട്ടുണ്ട്.
ചിത്രം - ലോര്‍ക്കയുടെ വര
No comments:
Post a Comment