Sunday, September 11, 2011

അന്തോണിയോ മച്ചാദോ - ബാല്യകാലത്തിൽ നിന്നൊരോർമ്മ


മൃദുപാദപതനങ്ങൾ കാതിൽപ്പെടുമ്പോഴല്ലാതെ,
താഴിൽ ചാവി കടന്നു തിരിയുമ്പോഴല്ലാതെ,
ആ വികൃതിക്കുട്ടിയ്ക്കു ധൈര്യം വരില്ല,
ഒന്നിളകാൻ, ശ്വാസമൊന്നെടുക്കാൻ.

കൊച്ചുജോൺ, ഏകാകിക്കുട്ടി,File:Boat.png
അവൻ കേൾക്കുന്നുണ്ട് ചുണ്ടെലി തത്രപ്പെട്ടോടുന്നതും,
തടിയിൽ തുളപ്പൻ പണിയെടുക്കുന്നതും,
കുപ്പത്തൊട്ടിയിൽ ശലഭത്തിന്റെ ചിറകനങ്ങുന്നതും.

കൊച്ചുജോൺ, കൊച്ചുമനുഷ്യൻ,
തന്റെ തടവറയിലിരുന്നവൻ കാലത്തിനു കാതോർക്കുന്നു:
കൊതുകിന്റെ മുരളൽ
മൂളിക്കറങ്ങുന്ന പമ്പരം പോലെ.

ഇരുളടഞ്ഞ മുറിയിലാണു കുട്ടി,
അമ്മ പൊയ്ക്കഴിഞ്ഞു, അവനെ താഴിട്ടുപൂട്ടി.
അവനാണു കവി, സാക്ഷാൽ കവി,
അവന്റെ ഗാനം കാലം, കാലവും ഞാനും!


link to image


No comments: