Wednesday, September 21, 2011

ഫ്രീഡ്റിക്ക് നീച്ച - നമ്മുടെ വിസ്ഫോടനങ്ങൾ


നഷ്ടം പറ്റിയ മഹിമ


മനനത്തിന്‌ അതിന്റെ രൂപമഹിമയൊക്കെ നഷ്ടമായിരിക്കുന്നു: മനനത്തിനകമ്പടികളായിട്ടുള്ള ചടങ്ങുകളും ഭവ്യമായ ചേഷ്ടകളുമൊക്കെ അപഹാസ്യമെന്നായിരിക്കുന്നു; പഴയമട്ടിലുള്ള ഒരു ജ്ഞാനിയെ സഹിച്ചുനിൽക്കാൻ പറ്റില്ല നമുക്കെന്നുമായിരിക്കുന്നു. നമ്മുടെ ചിന്ത അതിവേഗത്തിലാണ്‌, അതിനി നാം നടക്കുമ്പോഴാകട്ടെ, ഒരു വഴിയ്ക്കു പോകുമ്പോഴാകട്ടെ, മറ്റേതെങ്കിലും സംഗതിയിൽ നാം വ്യാപൃതരായിരിക്കുമ്പോഴാകട്ടെ, വിഷയം എത്ര ഗൗരവമുള്ളതുമായിക്കോട്ടെ. നമുക്കു വലിയ തയാറെടുപ്പുകളൊന്നും വേണ്ട, വലിയ നിശ്ശബ്ദത പോലും വേണമെന്നില്ല. ഏതു പ്രതികൂലമായ ചുറ്റുപാടിലും പ്രവർത്തനം തുടരുന്ന, നിലയ്ക്കാത്തൊരു യന്ത്രം നാം നമ്മുടെ തലയ്ക്കുള്ളിൽ കൊണ്ടുനടക്കുന്ന പോലെയാണത്. മുമ്പൊക്കെ ഒരാളെ കണ്ടാൽത്തന്നെ നമുക്കു പറയാൻ പറ്റും, അയാളതാ, ചിന്തിക്കാൻ പോവുകയാണെന്ന്- അപൂർവമായ ഒരു കാര്യമാണതെന്നു വരാം- , അയാളതാ ജ്ഞാനിയാവാൻ പോവുകയാണെന്ന്, ഒരു ചിന്തയ്ക്കു തയാറെടുക്കുകയാണയാളെന്ന്: പ്രാർത്ഥിയ്ക്കാനെന്നപോലെ അയാളുടെ മുഖത്ത് ഒരു ഭാവപ്പകർച്ച വരികയാണ്‌, അയാൾ നടത്ത നിർത്തിയുമിരിക്കുന്നു; അതെ, ഒരു ചിന്ത വന്നുചേരുമ്പോൾ അയാൾ വഴിയുടെ നടുക്ക് മണിക്കൂറു കണക്കിന്‌ നിശ്ചലം നിൽക്കുകയും ചെയ്തിരിക്കുന്നു- ഒരു കാലിലോ രണ്ടു കാലിലോ. ചിന്താവിഷയത്തിന്റെ മഹിമയ്ക്ക് അതു കൂടിയേ തീരൂ എന്നാണു തോന്നിയിരുന്നത്.



നമ്മുടെ വിസ്ഫോടനങ്ങൾ

മനുഷ്യരാശി അതിന്റെ ആദിമഘട്ടങ്ങളിൽ സ്വായത്തമാക്കിയ അസംഖ്യം സംഗതികൾ - അത്ര അവ്യക്തമായും ഭ്രൂണപ്രായത്തിലുമാണ്‌ ഈ പ്രക്രിയ നടന്നതെന്നതിനാൽ അതാരുടെയും ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നേയുള്ളു- വളരെക്കാലത്തിനു ശേഷം, നൂറ്റാണ്ടുകൾക്കു ശേഷവുമാവാം, പെട്ടെന്നൊരു മുഹൂർത്തത്തിൽ വെളിച്ചത്തിലേക്കു വരികയാണ്‌; ഈ കാലം കൊണ്ട് അവ ബലപ്പെട്ടിരിക്കുന്നു, പാകവുമായിരിക്കുന്നു. ചില കാലഘട്ടങ്ങൾക്ക് ഏതോ ചില കഴിവുകൾ, നന്മകൾ തീരെയില്ലെന്നു നമുക്കു തോന്നുകയാണ്‌; ചില വ്യക്തികളുടെ കാര്യത്തിലുമെന്നപോലെ. പക്ഷേ അവരുടെ കുട്ടികളും പേരക്കുട്ടികളുമെത്തുന്നതുവരെ ഒന്നു കാത്തുനിന്നുനോക്കൂ, അതിനുള്ള നേരം നിങ്ങൾക്കുണ്ടെങ്കിൽ: അവർ വെളിച്ചത്തിലേക്കു കൊണ്ടുവരികയാണ്‌, തങ്ങളുടെ പിതാമഹന്മാരിൽ മറഞ്ഞുകിടന്നവയെ, തങ്ങളിലുണ്ടെന്ന് അവരുടെ പിതാമഹന്മാർ സംശയിക്കുക പോലും ചെയ്യാതിരുന്നവയെ. മകൻ പലപ്പോഴും അച്ഛനെ വെളിച്ചപ്പെടുത്തുകയാണ്‌- അച്ഛനു തന്നെ ഒന്നുകൂടി നന്നായി മനസ്സിലാവുകയാണ്‌, തനിയ്ക്കൊരു മകനുണ്ടായ ശേഷം.

നാമൊക്കെ ഒളിപ്പിച്ചുവച്ചിട്ടുണ്ട് നമുക്കുള്ളിൽ തോപ്പുകളും, തൈകളും. മറ്റൊരലങ്കാരമുപയോഗിച്ചു പറയാനാണെങ്കിൽ, വിസ്ഫോടനത്തിന്റെ മുഹൂർത്തത്തിലേക്കടുത്തുകൊണ്ടിരിക്കുന്ന അഗ്നിപർവതങ്ങളാണു നാമൊക്കെ: പക്ഷേ അതെത്ര ആസന്നമാണെന്നോ, വിദൂരമാണെന്നോ ആർക്കുമറിയില്ല- ദൈവത്തിനു പോലും.



അകലെ നിന്ന്

ഈ പർവതം അതു തല ഉയർത്തിനിൽക്കുന്ന ഭൂഭാഗത്തെ ചേതോഹരമാക്കുകയാണ്‌, സകലവിധത്തിലും ഗണനീയവുമാക്കുകയാണ്‌. ഇതു നമ്മോടു തന്നെ നൂറു വട്ടം പറഞ്ഞതിൽപ്പിന്നെ നമ്മൾ വളരെ ചരിതാർത്ഥരും യുക്തിരഹിതരുമാവുകയും, ഇത്രയും ചാരുത പകരുന്ന ഒന്ന് അത്രയും ചേതോഹരമായിരിക്കുമെന്നു സങ്കല്പിക്കുകയും ചെയ്യുന്നു.- അങ്ങനെ നാം പർവതത്തിന്റെ മുകളിൽ കയറുന്നു, നിരാശരാവുകയുമാണു നാം. എത്ര പെട്ടെന്നാണ്‌ ആ പർവതത്തിനും, നമ്മുടെ കാൽച്ചുവട്ടിലുള്ള ഭൂഭാഗത്തിനും ആ ഒരിന്ദ്രജാലം നഷ്ടപ്പെട്ടത്! നാം മറന്നുപോയതാണ്‌, ചില മഹത്വങ്ങളെ, ചില നന്മകളെപ്പോലെ തന്നെ, അകലെ നിന്നേ നോക്കിക്കാണാവൂ എന്ന്; അതും ഒരിക്കലും മുകളിൽ നിന്നല്ല, താഴെനിന്നു തന്നെ വേണമെന്നും; അല്ലെങ്കിൽ അതു നമ്മിൽ ഒരു പ്രഭാവവും ജനിപ്പിക്കാൻ പോകുന്നില്ല. ചില ആളുകളെ നിങ്ങൾക്കു പരിചയമുണ്ടായെന്നും വരാം: ഒരകലത്തു നിന്നു നോക്കിയാലേ അവർക്കു തങ്ങളെത്തന്നെ സഹനീയരോ, ആകർഷണീയരോ, വീര്യവാന്മാരായിട്ടോ കാണാനാവൂ. ആത്മജ്ഞാനം അവർക്കു പറഞ്ഞിട്ടുള്ളതല്ല.


എന്താണു ജീവിതം


ജീവിതം- എന്നു പറഞ്ഞാൽ: മരിക്കാനാഗ്രഹിക്കുന്നതൊന്നിനെ നിരന്തരം കൊഴിച്ചുകളഞ്ഞുകൊണ്ടിരിക്കുക. ജീവിതം - എന്നു പറഞ്ഞാൽ: വൃദ്ധവും ദുർബലവുമായിക്കൊണ്ടിരിക്കുന്നതായി നമുക്കു ചുറ്റും യാതൊന്നുണ്ടോ, അതിനോടൊക്കെ ഒരലിവും കാട്ടാതിരിക്കുക- നമുക്കു ചുറ്റുമുള്ളതിനോടു മാത്രവുമല്ല. ജിവിതം- എന്നു പറഞ്ഞാൽ, അപ്പോൾ: മരിക്കുന്നവരോട്, നിന്ദിതരോട്, പൗരാണികരോട് ഒരാദരവുമില്ലാതിരിക്കുകയോ? എന്നുമൊരു കൊലയാളിയാവുകയോ? -എന്നിട്ടും ആ കിഴവൻ മോശ പറഞ്ഞുവച്ചിരിക്കുന്നു:‘ നീ കൊല്ലരുത്!’



പശ്ചാത്താപത്തിനെതിരെ

ചിന്തകൻ തന്റെ പ്രവൃത്തികളെ പരീക്ഷണങ്ങളും ചോദ്യങ്ങളുമായിട്ടേ കാണൂ- എന്തെങ്കിലുമൊന്നു കണ്ടെത്താനുള്ള ശ്രമങ്ങളായി. വിജയവും പരാജയവും മറ്റെന്തിലുമുപരി ഉത്തരങ്ങളാണയാൾക്ക്. എന്തെങ്കിലുമൊന്നു തെറ്റിപ്പോയതിന്റെ പേരിൽ മനസ്സു വിഷമിപ്പിക്കുകയോ, പശ്ചാത്തപിക്കുകയോ ചെയ്യുക- അതയാൾ വിട്ടുകൊടുക്കുകയാണ്‌, തങ്ങളോടു കല്പിച്ചതായതുകൊണ്ട് ഒരു പ്രവൃത്തി ചെയ്യുന്നവർക്ക്, ചെയ്ത പ്രവൃത്തി യജമാനനു തൃപ്തിയായില്ലെങ്കിൽ പ്രഹരം പ്രതീക്ഷിക്കാനുള്ളവർക്ക്.



അന്യർക്കു നമ്മെക്കുറിച്ചറിയാവുന്നത്

നമുക്കു നമ്മെക്കുറിച്ചറിയാവുന്നതും, നമ്മെക്കുറിച്ചു നമുക്കോർമ്മയിലുള്ളതും ആളുകൾ കരുതുമ്പോലെ ജീവിതാനന്ദത്തിന്റെ കാര്യത്തിൽ അത്ര നിർണ്ണായകമല്ല. അന്യർക്കു നമ്മെക്കുറിച്ചറിയാവുന്നത് (അല്ലെങ്കിൽ തങ്ങൾക്കറിയാമെന്ന് അവർ കരുതുന്നത്) പെട്ടെന്നൊരു ദിവസം നമ്മെ വന്നാക്രമിക്കുകയാണ്‌- അന്നു നമുക്കു ബോദ്ധ്യമാകും, അതാണു കൂടുതൽ പ്രബലമെന്ന്. ദുഷ്പേരുമായി കഴിയുന്നതിനെക്കാളെളുപ്പമാണ്‌, മനഃസാക്ഷിക്കുത്തുമായി ജീവിക്കുക.


from the gay science


1 comment:

ഷാജു അത്താണിക്കല്‍ said...

വായിച്ചു
ഇത്തരം പോസ്റ്റുകള്‍ ഇനിയും പോസ്റ്റുക
ഒന്നുകൂടി വായിക്കണം

ആശംസകള്‍