ഭാവിയെന്നു നീ വിശ്വസിക്കുന്നിടത്തു...
ഭാവിയെന്നു നീ വിശ്വസിക്കുന്നിടത്തു
പണിയാൻ തുനിയരുത്, ലിഡിയാ,
നാളെയെ സ്വയം വാഗ്ദാനം ചെയ്യുകയുമരുത്.
പ്രതീക്ഷകൾ വെടിയൂ, ഇന്നത്തെ നീയാവൂ.
നീ മാത്രമാണ് നിന്റെ ജീവിതം.
ഭാവിയല്ല നീയെന്നതിനാൽ
നിന്റെ ഭാഗധേയം സ്വപ്നം കാണുകയുമരുതു നീ.
ആരു കണ്ടു, നീ കുടിച്ചുതീർത്ത കപ്പിനും
വീണ്ടും നിറച്ച അതേ കപ്പിനുമിടയിൽ
ഒരഗാധഗർത്തം തിരുകിക്കയറ്റില്ല വിധിയെന്ന്?
1923
ഒന്നുമില്ല
ഹാ, നേർത്തുനേർത്തൊരു വാദനം,
കലയും നിലാവും നെയ്തൊരു ഗാനം,
ആരോ കരയാനായുന്ന പോലെ...
ഒന്നുമില്ലതിൽ ജിവിതത്തെ ഓർമ്മിപ്പിക്കുന്നതായി.
ഉപചാരങ്ങളുടെയൊരു നാന്ദി,
ചുണ്ടുകളിൽ മായുന്നൊരു മന്ദഹാസമഥവാ...
അകലെ നിരുന്മേഷമായൊരുദ്യാനം...
അതു കണ്ടെത്തുന്ന ആത്മാവിലോ,
വിഫലമായൊരു പലായനത്തിന്റെ യുക്തിഹീനമായ പാദപതനം.
1922 നവംബർ 8
No comments:
Post a Comment