Sunday, September 18, 2011

ലോർക്ക - വിഷാദഗാനം


കണ്ണീർത്തുള്ളികൾ
വാനമ്പാടിയുടെ ചിറകുകളിൽ,
ഭ്രമിച്ച കാഴ്ചയിൽ രൂപം പൂണ്ട
തെളിനിലാവിന്റെ തുള്ളികൾ.

ജലധാരയുടെ വെണ്ണക്കൽപ്പടവിൽ
ജലനാളിയുടെ ചുംബനം,
വിനീതനക്ഷത്രങ്ങളുടെ സ്വപ്നം.

പെൺകുട്ടികളെനിയ്ക്കു വിട പറയുന്നു,
ഉദ്യാനത്തിലൂടെ ഞാൻ കടന്നുപോകെ.
എനിയ്ക്കു വിട ചൊല്ലുന്നു മണിനാദങ്ങൾ,
പാതിവെളിച്ചത്തിലെന്നെയുമ്മ വച്ചും കൊണ്ടു മരങ്ങളും.
തേങ്ങിത്തേങ്ങി തെരുവിലൂടെ ഞാൻ കടന്നുപോയി,
സിറാനൊയെപ്പോലെ വിഷാദിയായി,
ഡോൺ ക്വിഹോട്ടെയെപ്പോലെ വിഷാദിയായി,
ഘടികാരങ്ങളുടെ സ്പന്ദനതാളത്തിൽ
അസാദ്ധ്യമായ അനന്തതകളെ വീണ്ടെടുത്തും.
ഐറിസ്പൂക്കൾ വാടുന്നതു ഞാൻ കണ്ടു,
എന്റെ സ്വരമവയെ തൊടുമ്പോൾ,
വെളിച്ചമവയിൽ ചോരക്കറ വീഴ്ത്തുമ്പോൾ.
എന്റെ ഭാവഗാനത്തിൽ ഞാൻ വേഷമിട്ടതു
മുഖത്തു ചായം തേച്ചൊരു കോമാളിയുടെ.
ഒരെട്ടുകാലിയ്ക്കടിയിൽ പതിയിരിക്കുന്നു
മനോഹരമായൊരത്ഭുതപ്രണയം.
ഇനിയൊരെട്ടുകാലിയെപ്പോലെ
സൂര്യനെന്നെയൊളിപ്പിയ്ക്കുന്നു,
അവന്റെ സുവർണ്ണപാദങ്ങൾക്കടിയിൽ.
ആനന്ദം കണ്ടെത്തില്ല ഞാൻ,
എന്റെ പ്രണയത്തിനമ്പുകൾ കണ്ണീർത്തുള്ളികൾ,
ഹൃദയമാവനാഴിയും.

ഒക്കെയും ഞാനന്യർക്കു നല്കും,
വിലാപിച്ചും കൊണ്ടു ഞാനലയും,
വെട്ടിക്കളഞ്ഞൊരു കഥയിൽ
ഉപേക്ഷിക്കപ്പെട്ടൊരു ബാലനെപ്പോലെ.



1918 ഡിസംബർ

ചിത്രം ലോര്‍ക്ക വരച്ചത്


No comments: