Monday, September 19, 2011

ഫെർണാണ്ടോ പെസ് വാ - യാതൊന്നിനെക്കുറിച്ചും ചിന്തിക്കാതിരിക്കുന്നതിൽത്തന്നെ...

File:Henri Rousseau - Jungle with Lion.jpg



യാതൊന്നിനെക്കുറിച്ചും ചിന്തിക്കാതിരിക്കുന്നതിൽത്തന്നെയുണ്ട്
മതിയായത്ര വേദാന്തം.

ലോകത്തെക്കുറിച്ചെന്റെ ചിന്തയെന്താണ്‌?
ലോകത്തെക്കുറിച്ചെന്റെ ചിന്തയെന്താണെന്നെനിക്കൊരു ധാരണയുമില്ല!
സുഖമില്ലാതെ കിടപ്പിലാവുമ്പോൾ
ആ വകയെക്കുറിച്ചൊക്കെ ഞാൻ ചിന്തിച്ചുവെന്നുവരാം.

വസ്തുക്കളെക്കുറിച്ചെന്റെ ധാരണയെന്തൊക്കെയാണ്‌?
കാര്യകാരണബന്ധത്തെക്കുറിച്ചെനിക്കെന്തു പറയാനുണ്ട്?
ദൈവത്തെയും ആത്മാവിനെയും പ്രപഞ്ചസൃഷ്ടിയേയും കുറിച്ചു
ഞാൻ മനനം ചെയ്തിരിക്കുന്നതെന്തൊക്കെ?
അതൊന്നുമെനിക്കറിയില്ല.
അതിനെക്കുറിച്ചൊക്കെ ചിന്തിക്കുകയെന്നാൽ
എനിക്കത് കണ്ണും പൂട്ടിക്കിടക്കുകയും
ചിന്തിക്കാതിരിക്കുകയും  എന്നാണ്‌,
.കർട്ടൻ വലിച്ചിടുകയാണത്.
(എന്റെ ജനാലയ്ക്കു പക്ഷേ കർട്ടനുമില്ല.)

വസ്തുക്കളിൽ നിഹിതമായ നിഗൂഢത?
നിഗൂഢതയെന്നാലെന്താണെന്നുതന്നെ എനിക്കറിയില്ല!
നിഗൂഢതയെക്കുറിച്ചു ചിന്തിക്കുന്നൊരാളുണ്ടാവുകയെന്നതുതന്നെ
ആകെയുള്ള നിഗൂഢത.
വെയിലത്തു നിന്നുകൊണ്ടു നിങ്ങൾ കണ്ണടയ്ക്കുമ്പോൾ
എന്താണു സൂര്യനെന്ന് നിങ്ങൾക്കറിയാതാവാൻ തുടങ്ങുന്നു,
ചൂടുള്ള വസ്തുക്കളെക്കുറിച്ചു നിങ്ങൾ ചിന്തിക്കാൻ തുടങ്ങുന്നു.
എന്നാൽ കണ്ണു തുറന്നു സൂര്യനെ നോക്കുമ്പോൾ
മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാൻ നിങ്ങൾക്കു കഴിയില്ല.
എന്തെന്നാൽ സകലമാനകവികളുടെയും സകലമാനചിന്തകരുടെയും
ചിന്തകളൊരുമിച്ചിട്ടാലും 
അതിലും  വിലയുള്ളതത്രേ സൂര്യവെളിച്ചം.
സൂര്യവെളിച്ചത്തിനറിയില്ല എന്താണതു ചെയ്യുന്നതെന്ന്,
അതിനാൽ പിശകുന്നില്ലതിന്‌, പൊതുവാണത്, നല്ലതുമാണത്.

വേദാന്തം? ആ മരങ്ങൾക്കെന്തു വേദാന്തം?
പച്ചപ്പുണ്ടായിരിക്കുക, ചില്ലയും പടർപ്പുമുണ്ടായിരിക്കുക,
കാലമാവുമ്പോൾ കായ്ക്കുക,
അതൊന്നും നമ്മെ ചിന്തിപ്പിക്കാറില്ല,
നമുക്കതൊന്നും ശ്രദ്ധിക്കാനറിയുകയുമില്ല.
അവയുടേതിലും കേമമായ വേദാന്തം വേറെന്തുണ്ടു പക്ഷേ?
ജീവിക്കുന്നതെന്തിനാണെന്നറിയാതിരിക്കുക,
തങ്ങൾക്കതറിയില്ലെന്നുതന്നെയറിയാതിരിക്കുക-
അതാണവയുടെ വേദാന്തം.
‘വസ്തുക്കളുടെ ആന്തരഘടന...’
‘പ്രപഞ്ചത്തിന്റെ അന്തരാർത്ഥം...’
അബദ്ധമാണാവകയൊക്കെ, അർത്ഥശൂന്യമാണവ.
വസ്തുക്കളെക്കുറിച്ചാവിധം ചിന്തിക്കാനാവുക എന്നു പറയുകതന്നെ അവിശ്വസനീയം.
പ്രഭാതം പൊട്ടിവിടരുമ്പോൾ,
അങ്ങവിടെ, ആ മരങ്ങൾക്കു മേൽ അവ്യക്തമായൊരു സുവർണ്ണദീപ്തി
ഇരുട്ടിനെ ആട്ടിപ്പായിക്കുമ്പോൾ
കാരണങ്ങളെയും ഉദ്ദേശ്യങ്ങളെയും കുറിച്ചു ചിന്തിക്കുമ്പോലെയാണത്.
വസ്തുക്കളുടെ അന്തരാർത്ഥത്തെക്കുറിച്ചു ചിന്തിക്കുന്നതൊരു കടന്നകൈയാണ്‌,
ആരോഗ്യമുള്ളപ്പോൾ ആരോഗ്യത്തെക്കുറിച്ചു ചിന്തിക്കുമ്പോലെ,
അരുവിയിലേക്കൊരു കപ്പുമെടുത്തു ചെല്ലുമ്പോലെ.

വസ്തുക്കൾക്കാകെയുള്ള ഒരന്തരാർത്ഥം
അവയ്ക്കൊരന്തരാർത്ഥവുമില്ല എന്നതുതന്നെ.

എനിക്കു ദൈവവിശ്വാസമില്ല,
എന്തെന്നാൽ ഞാനവനെ കണ്ടിട്ടേയില്ല.
ഞാനവനിൽ വിശ്വസിക്കണമെന്നവനുണ്ടായിരുന്നെങ്കിൽ,
നിശ്ചയമായും അവനെന്നോടു സംസാരിക്കാൻ വരുമായിരുന്നു.
കതകിൽ തട്ടിയിട്ടവൻ പറയും,
ഞാനിതാ!

എന്നാൽ ദൈവം പൂക്കളും മരങ്ങളും
കുന്നുകളും സൂര്യനും നിലാവുമാണെങ്കിൽ,
എങ്കിൽ ഞാനവനിൽ വിശ്വസിക്കുന്നു,
എന്നാളും ഞാനവനെ വിശ്വസിക്കും,
എന്റെ ജീവിതം തന്നെ ഒരു പ്രഭാഷണവും ഒരാരാധനയുമാവും;
ഒരു കൂദാശ,  എന്റെ കണ്ണുകൾ കൊണ്ടും കാതുകളിലൂടെയും.

എന്നാൽ ദൈവം മരങ്ങളൂം പൂക്കളുമാണെങ്കിൽ,
കുന്നുകളും നിലാവും സൂര്യനുമാണെങ്കിൽ,
ഞാനവനെ ദൈവമെന്നെന്തിനു വിളിയ്ക്കണം?
ഞാനവനെ പൂക്കളെന്നും മരങ്ങളെന്നും കുന്നുകളെന്നും
സൂര്യനെന്നും നിലാവെന്നുമേ വിളിയ്ക്കൂ,
എനിക്കു ദ്റ്ശ്യമാകേണ്ടതിലേക്കായിട്ടാണവൻ
സൂര്യനും നിലാവും പൂക്കളും മരങ്ങളും കുന്നുകളുമായതെങ്കിൽ,
മരങ്ങളും കുന്നുകളും നിലാവും സൂര്യനും പൂക്കളുമായിട്ടാ-
ണെനിയ്ക്കവൻ പ്രത്യക്ഷത്തിൽ വരുന്നതെങ്കിൽ,
അവന്റെയിച്ഛയും അതുതന്നെയാവണം,
ഞാനവനെ അറിയേണ്ടത് മരങ്ങളും കുന്നുകളും
പൂക്കളും നിലാവും സൂര്യനുമായിട്ടാണെന്ന്.

അതിനാലത്രേ ഞാനവനെ അനുസരിക്കുന്നതും,
(ദൈവത്തിനു തന്നെക്കുറിച്ചറിയുന്നതിലുമധികം
ദൈവത്തെക്കുറിച്ചു ഞാനെന്തറിയാൻ?)
ഞാനവനെ അനുസരിക്കുന്നു, 
കണ്ണുകൾ തുറന്നു കാണുന്നൊരാളെപ്പോലെ,
സ്വച്ഛന്ദമായി ജീവിക്കുന്നതിലൂടെ;
ഞാനവനെ നിലാവെന്നും സൂര്യനെന്നും പൂക്കളെന്നും

മരങ്ങളെന്നും കുന്നുകളെന്നും വിളിയ്ക്കുന്നു,

ഞാനവനെ സ്നേഹിക്കുന്നു,  അവനെക്കുറിച്ചു ചിന്തിക്കാതെ ,

ഞാനവനെക്കുറിച്ചു ചിന്തിക്കുന്നു, കാണുന്നതിലൂടെ, കേൾക്കുന്നതിലൂടെ 

സദാസമയവും ഞാൻ അവനോടൊപ്പവുമാണ്‌.



Painting: Henri Rousseau - Jungle with Lion



 

No comments: